A new step in child care : New intensive care unit at S.A.T

ശിശു പരിപാലനത്തിൽ പുതിയ ചുവടുവെപ്പ് : എസ്.എ.ടി.യില്‍ പുതിയ തീവ്രപരിചരണ വിഭാഗം

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ കുട്ടികളുടെ തീവ്ര പരിചരണത്തിനായി സജ്ജമാക്കിയ ആധുനിക സംവിധാനങ്ങളോടെയുള്ള തീവ്രപരിചരണ വിഭാഗം പ്രവർത്തന സജ്ജമായി. 24 ഐസിയു കിടക്കകളും 8 ഹൈ ഡെപ്പന്റന്‍സി യൂണിറ്റ് കിടക്കകളും ഉള്‍പ്പെടെ ആകെ 32 ഐസിയു കിടക്കകകളാണ് പീഡിയാട്രിക് വിഭാഗത്തില്‍ സജ്ജമാക്കിയിരിക്കുന്നത്. 10 വെന്റിലേറ്ററുകള്‍, 6 നോണ്‍ ഇന്‍വേസീവ് ബൈപാസ് വെന്റിലേറ്ററുകള്‍, 2 പോര്‍ട്ടബിള്‍ അള്‍ട്രാസൗണ്ട് മെഷീന്‍, 3 ഡിഫിബ്രിലേറ്ററുകള്‍, 12 മള്‍ട്ടിപാര മോണിറ്ററുകള്‍, മറ്റ് അനുബന്ധ ഉപകരണങ്ങള്‍ എന്നിവയും പുതുതായി സജ്ജമാക്കിയിട്ടുണ്ട്. 98 ലക്ഷം രൂപയാണ് ഈ ഐസിയു സംവിധാനം പ്രവർത്തികമാക്കിയതിനുള്ള ചിലവ്.

നിലവില്‍ 18 കിടക്കകളുള്ള അത്യാധുനിക ഉപകരണങ്ങളോട് കൂടിയ പീഡിയാട്രിക് (Pediatric) ഐസിയുവാണുള്ളത്. ഇതുകൂടാതെയാണ് പുതുതായി 32 കിടക്കകളുള്ള പീഡിയാട്രിക് ഐസിയു സജ്ജമായത്. ഇതോടെ 50 പീഡിയാട്രിക് ഐസിയു കിടക്കകളാണ് എസ്.എ.ടി. ആശുപത്രിയ്ക്ക് സ്വന്തമാകുന്നത്. ഇതുകൂടാതെ നവജാതശിശു വിഭാഗത്തില്‍ 54 ഐസിയു കിടക്കകളുമുണ്ട്. നെഗറ്റീവ് പ്രഷര്‍ സംവിധാനവും പുതിയ ഐസിയുവിലുണ്ട്. . ഈ ഐസിയുവില്‍ ഇന്റന്‍സീവ് റെസ്പിറേറ്ററി കെയറിനായിരിക്കും(Intensive respiratory care) മുന്‍ഗണന നൽകുന്നത്.

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ മാതൃശിശു ആശുപത്രിയാണ് എസ്.എ.ടി. (SAT) യിൽ പ്രതിദിനം ആയിരത്തിലധികം രോഗികള്‍ ഈ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നു. പ്രതിവര്‍ഷം പതിനായിരത്തില്‍പരം കുഞ്ഞുങ്ങളാണ് ഇവിടെ ജനിക്കുന്നത്. കോവിഡ് പോലെയുള്ള വായുവില്‍ കൂടി പകരുന്ന പകര്‍ച്ചവ്യാധികള്‍(Infectious diseases) വെല്ലുവിളിയാകുന്ന ഈ കാലഘട്ടത്തില്‍ നെഗറ്റീവ് പ്രഷര്‍ സംവിധാനമുള്ള തീവ്രപരിചരണ വിഭാഗം (Intensive care unit) രോഗീ പരിചരണത്തില്‍ ഏറെ സഹായകരമാണ്