Keralayam seminar as a sign of gender justice movement

ലിംഗനീതി മുന്നേറ്റത്തിന്റെ അടയാളപ്പെടുത്തലായി കേരളീയം സെമിനാർ

സംസ്ഥാനത്തെ ലിംഗനീതി മുന്നേറ്റത്തിന്റെ അടയാളപ്പെടുത്തലായി ‘ലിംഗനീതിയും വികസനവും കേരളത്തിൽ’ എന്ന വിഷയത്തിൽ നടന്ന സെമിനാർ. തദ്ദേശ-സ്വയംഭരണ സ്ഥാപനങ്ങളിൽ അൻപത് ശതമാനം സ്ത്രീ സംവരണം നടപ്പിലാക്കിയും വനിതാ ശിശുവികസനത്തിന് ആദ്യമായി പ്രത്യേക വകുപ്പിനു രൂപം നൽകിയും വിദ്യാഭ്യാസ, ആരോഗ്യ, സാക്ഷരതാ മേഖലകളിൽ ഔന്നത്യം നേടിയും രാജ്യത്ത് മാതൃകയായി മാറിയ സംസ്ഥാനത്തിന്റെ നേട്ടങ്ങൾ ടാഗോർ തിയറ്ററിൽ നടന്ന സെമിനാറിൽ പ്രശംസനേടി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീകൾക്കായി ബജറ്റിന്റെ പത്തുശമാനം വിഹിതം മാറ്റിവച്ചതും ട്രാൻസ്ജെൻഡേഴ്സിനായുള്ള മഴവില്ല് പദ്ധതി ഉൾപ്പെടെയുള്ള നേട്ടങ്ങളും ശ്രദ്ധനേടിയ സെമിനാറിൽ കേരളത്തിലെ തൊഴിലിടങ്ങളിൽ സ്ത്രീകളുടെ പ്രാതിനിധ്യക്കുറവുണ്ടെന്ന വസ്തുതയും ചൂണ്ടിക്കാട്ടി. സ്ത്രീസുരക്ഷ വർധിപ്പിക്കുന്നതിനും മാനസികാരോഗ്യക്കുറവ് പരിഹരിക്കുന്നതിനും പൊതു ഇടങ്ങൾ കൂടുതൽ വനിതാസൗഹൃദമാക്കുന്നതിനും ഗാർഹിക അതിക്രമങ്ങൾ ദൂരീകരിക്കുന്നതിനും പ്രാധാന്യം നൽകണമെന്നും നിർദേശിച്ചു.

സമഗ്രവും സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമാണ് കേരളത്തിന്റെ വികസന മാതൃകയെന്നും സ്ത്രീകൾക്ക് തുല്യത ഉറപ്പാക്കലും ലിംഗനീതിയുമാണ് നവകേരളം വിഭാവനം ചെയ്യുന്നതെന്നും ആരോഗ്യ-വനിതാ ശിശുവികസന വകുപ്പു മന്ത്രി വീണാ ജോർജ് ആമുഖ പ്രഭാഷണത്തിൽ പറഞ്ഞു. കേരളത്തിലെ മാതൃ മരണ,നവജാത ശിശുമരണ,അയൂർദൈർഘ്യ നിരക്കുകൾ വികസിത രാജ്യങ്ങൾക്ക് ഒപ്പമാണ്. 45 ലക്ഷത്തിലധികം അംഗങ്ങളുമായി പ്രവർത്തിക്കുന്ന സ്ത്രീ ശാക്തീകരണ മാതൃകയായ കുടുംബശ്രീ പ്രസ്ഥാനം ലോകത്തിനു മാതൃകയാണ്. സ്ത്രീകളെ തൊഴിലിടങ്ങളിൽ ആകർഷിക്കാൻ നൈപുണ്യ പരിപാടികൾ നടത്തുന്നുണ്ട്. തൊഴിലിടങ്ങൾ കൂടുതൽ വനിതാസൗഹൃദമാക്കും. സിറ്റി പ്ലാനിങ്ങിലും ജെൻഡർ ഫ്രണ്ട്ലി സമീപനം സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വനിതാ നയത്തിന്റെ കരട് സർക്കാർ പരിശോധിച്ചുവരികയാണ്. മാനസികാരോഗ്യ നയം പുതുക്കും. അതിനനുസൃതമായ ആക്ഷൻ പ്ലാൻ തയ്യാറാക്കും. അങ്കണവാടി പ്രവർത്തകർക്കു ശമ്പളം വർധിപ്പിക്കുന്ന നടപടികൾ അവസാന ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.

വനിതാ ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ശർമ്മിള മേരി ജോസഫ് വകുപ്പിന്റെ വിവിധ പദ്ധതികൾ അവതരിപ്പിച്ചു. ലിംഗനീതിയിലെ കേരളത്തിന്റെ മെച്ചപ്പെട്ട നിലവാരത്തിനു കാരണം ഇവിടുത്തെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ സാഹചര്യമാണ്. സ്ത്രീകളെ തുല്യരായി കണ്ടുള്ള സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് കേരള മാതൃകയെന്ന് മുൻ എംപിയും സാമൂഹ്യ പ്രവർത്തകയുമായ ബൃന്ദ കാരാട്ട് പറഞ്ഞു.

വികസന മുന്നേറ്റനയങ്ങൾ ലിംഗസമത്വത്തിന് ഊന്നൽ നൽകിയുള്ളതായിരിക്കണമെന്ന് സംസ്ഥാന ആസൂത്രണ ബോർഡ് മുൻ അംഗം ഡോ. മൃദുൽ ഈപ്പൻ അഭിപ്രായപ്പെട്ടു. നിലവിലുള്ള സ്ത്രീസംവരണത്തെ അവകാശമായി കാണാതെ അത് ഔദാര്യമായി കണക്കാക്കുന്നത് എന്തിനാണെന്നും പെൺമക്കളെ വിവാഹം കഴിപ്പിക്കാനായി വളർത്താതെ ആത്മാഭിമാനത്തോടും അന്തസോടും സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുകയാണ് വേണ്ടതെന്നും ട്രാൻസ് അവകാശ പ്രവർത്തക ശീതൾ ശ്യാം സിഎസ് അഭിപ്രായപ്പെട്ടു.

ക്രയ യൂണിവേഴ്സിറ്റി പ്രിൻസിപ്പൽ ഇക്കണോമിസ്റ്റ് ഡോ. സോന മിത്ര, ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വിമെൻസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും മുൻ എംപിയുമായ അഡ്വ. സി.എസ് സുജാത, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലേയും മുംബൈ എസ് എൻ ഡി ടി വിമെൻസ് യൂണിവേഴ്സിറ്റിയിലെയും മുൻ പ്രൊഫസർ ഡോ. വിഭൂതി പട്ടേൽ, സംസ്ഥാന സർക്കാർ ജെൻഡർ കൺസൾട്ടന്റ് ഡോ. ടി കെ ആനന്ദി, മുൻ കേന്ദ്ര ആസൂത്രണകമ്മിഷൻ അംഗം ഡോ. സൈദ ഹമീദ് എന്നിവരും പാനലിസ്റ്റുകളായിരുന്നു. ആസൂത്രണബോർഡ് അംഗം മിനി സുകുമാർ മോഡറേറ്ററായിരുന്നു.