Tele-counseling on 181 women's helpline against drug addiction

ലഹരിക്കെതിരെ 181 വനിതാ ഹെല്‍പ്പ് ലൈനില്‍ ടെലി കൗണ്‍സിലിംഗും

സംസ്ഥാന സര്‍ക്കാര്‍ ആഹ്വാനം ചെയ്ത ലഹരി വിമുക്ത കേരളം പരിപാടികളുടെ ഭാഗമായി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മിത്ര 181 വനിതാ ഹെല്‍പ്പ് ലൈനില്‍ പ്രത്യേക ടെലി കൗണ്‍സിലിംഗ് സൗകര്യം ഏര്‍പ്പെടുത്തി. ലഹരി ഉപയോഗത്തില്‍ നിന്ന് മോചനം ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന വനിതകള്‍ക്കും, കുട്ടികള്‍ക്കും പരിശീലനം സിദ്ധിച്ച മിത്രയിലെ കൗണ്‍സിലര്‍മാരിലൂടെ സേവനം നല്‍കുന്നതാണ്. ഇവര്‍ക്ക് സമാശ്വാസം നല്‍കുന്നതിനും മതിയായ ചികിത്സ ഉറപ്പ് വരുത്തുന്നതിനുള്ള റഫറല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുക്കുന്നതിനുമാണ് ഉദ്ദേശിച്ചിട്ടുള്ളത്. കുടുംബാംഗങ്ങളുടെ ലഹരി ഉപയോഗം കാരണം പ്രയാസം നേരിടുന്ന വനിതകള്‍ക്കും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മിത്രയില്‍ നിന്നും സഹായം ലഭ്യമാണ്.

ലഹരിയുടെ പിടിയില്‍ നിന്നും രക്ഷപ്പെടുന്നതിനാവശ്യമായ ചികിത്സയെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നതിനോടൊപ്പം ലഹരി വസ്തുകളുടെ വിനിമയം നിയന്ത്രിക്കുന്നതിനുള്ള സര്‍ക്കാര്‍ മാര്‍ഗങ്ങളെ കുറിച്ചുള്ള അറിവും മിത്രയിലൂടെ ലഭിക്കും. വിനിമയ കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവരുടെ പേര് വെളിപ്പെടുത്താതെ തന്നെ എക്‌സൈസ്, പോലീസ് തുടങ്ങിയ വകുപ്പുകളെ അറിയിക്കുന്നതിനും നിയമപരമായ നട പടികള്‍ എടുക്കുന്നതിനും അതിന്റെ ഫോളോ അപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും മിത്രയില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ കുട്ടികളിലെ ലഹരി ഉപയോഗം തിരിച്ചറിയുന്നതിനുള്ള മാര്‍ഗങ്ങളും വിവരങ്ങളും, മിത്ര വഴി വനിതാ കുടുംബാംഗങ്ങള്‍ക്ക് ലഭിക്കുന്നതാണ്.

സംസ്ഥാനത്തെ എക്‌സൈസ് വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്ന് ഏര്‍പ്പെടുത്തിയിട്ടുള്ള 14 വിമുക്തി കേന്ദ്രങ്ങളിലും മറ്റ് പൊതു, സ്വകാര്യ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഡി അഡിക്ഷന്‍ സെന്ററുകളിലേയ്ക്കുമുള്ള റഫറല്‍ സൗകര്യവും മിത്രയില്‍ നിന്നും ലഭ്യമാണ്.