24 hours service at Ranni Perunad Social Health Centre

പത്തനംതിട്ട റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ 24 മണിക്കൂർ സേവനം ലഭ്യമാക്കും. ശബരിമല തീർത്ഥാടകർക്കും ഇതിലൂടെ ഏറെ പ്രയോജനം ലഭിക്കും. അധിക ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ ഉറപ്പ് വരുത്തിയാണ് കിടത്തി ചികിത്സ ഉൾപ്പെടെയുള്ള സേവനം 24 മണിക്കൂറുമാക്കുന്നത്. ഒരു ഡോക്ടർ, ഒരു ലാബ് ടെക്‌നീഷ്യൻ, ഒരു ക്ലിനിംഗ് സ്റ്റാഫ് എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് അടിയന്തിരമായി നിയമിക്കുന്നതാണ്. ഒരു ഡോക്ടറേയും ആശുപത്രി അറ്റന്റഡറേയും ആരോഗ്യവകുപ്പ് നികത്താനും നിർദേശം നൽകിയിട്ടുണ്ട്.

ഫാർമസിസ്റ്റിന്റെ സേവനവും ആശുപത്രിയിൽ ലഭ്യമാക്കുന്നതാണ്. ജീവനക്കാർക്ക് താമസത്തിന് ആവശ്യമായ സ്റ്റാഫ് കോർട്ടേഴ്‌സുകൾ ബ്ലോക്ക് പഞ്ചായത്ത് അടിയന്തരമായി അറ്റകുറ്റപണികൾ ചെയ്ത് നൽകേണ്ടതാണ്. എക്‌സ് സർവീസ്മാനായ ഒരു സെക്യൂരിറ്റിയെ ആശുപത്രി വികസനസമിതി വഴി നിയമിക്കും.

ശബരിമല തീർത്ഥാടകർ ആശ്രയിക്കുന്ന ആശുപത്രി കൂടിയാണ് റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രം. അതിനാൽ തന്നെ ഈ ആശുപത്രിയുടെ വികസനത്തിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പുതിയ ഐപി കെട്ടിട നിർമ്മാണത്തിന് അടുത്തിടെ 2.25 കോടി രൂപ അനുവദിച്ചിരുന്നു. 24 മണിക്കൂർ സേവനം ലഭ്യമാക്കുന്നതിന്റെ ഉദ്ഘാടനം 2023 ജനുവരി മാസം 8-ാം തീയതി ആരോഗ്യവകുപ്പ് നിർവഹിക്കും.