People with high blood pressure and diabetes should wear masks to protect against covid

ആർദ്രം ജീവിതശൈലീ സ്‌ക്രീനിംഗ് രണ്ടാംഘട്ടമായി തുടർപ്രവർത്തനങ്ങൾ

ജനകീയ ആരോഗ്യ ക്ലബ്ബുകൾ രൂപീകരിക്കും

രക്തസമ്മർദം പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവർ കോവിഡിനെ പ്രതിരോധിക്കാൻ മാസ്‌ക് ധരിക്കണം. സംസ്ഥാനത്തെ കോവിഡ് സാഹചര്യം ആരോഗ്യ വകുപ്പ് സൂക്ഷ്മതയോടെയും ജാഗ്രതയോടെയും വിലയിരുത്തുന്നു. ആരോഗ്യ വകുപ്പ് നിരന്തരം യോഗങ്ങൾ ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടത്തി വരുന്നു. കോവിഡ് രോഗികളുടെ എണ്ണം ചെറുതായി കൂടുന്നെങ്കിലും ആശങ്ക വേണ്ട. ആശുപത്രി ചികിത്സയിലും ഐസിയു, വെന്റിലേറ്റർ ഉപയോഗത്തിലും കാര്യമായ വർധനവ് ഉണ്ടായിട്ടില്ല. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, പ്രമേഹം, രക്താതിമർദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവർ എന്നിവർക്ക് കരുതൽ ആവശ്യമാണ്. അതിനാൽ ഈ വിഭാഗക്കാർ മാസ്‌ക് ധരിക്കണം.

ജീവിതശൈലീ രോഗങ്ങൾ പ്രധാനവെല്ലുവിളിയാണ്. നവകേരളം കർമ്മപദ്ധതി രണ്ട് ആർദ്രം മിഷന്റെ ഭാഗമായി ജീവിതശൈലീ രോഗങ്ങൾ കുറയ്ക്കുന്നതിന് വലിയ പ്രാധാന്യം നൽകുന്നു. ആർദ്രം ജീവിതശൈലീ രോഗ നിർണയ സ്‌ക്രീനിംഗിലൂടെ 1.11 കോടി ജനങ്ങളെ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തി. ആർദ്രം ജീവിതശൈലീ രോഗ നിർണയ പദ്ധയുടെ രണ്ടാംഘട്ട തുടർ പ്രവർത്തനങ്ങളും നടത്തുന്നതാണ്. കാൻസർ തുടങ്ങിയ രോഗങ്ങൾ സ്ഥിരീകരിക്കുന്നവർക്ക് തുടർ ചികിത്സ ഉറപ്പാക്കി വരുന്നു. കാൻസർ ഗ്രിഡ് സംസ്ഥാനത്ത് ഫലപ്രദമായി നടത്തി വരുന്നു.

ജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പാക്കുക പ്രധാനമാണ്. ആശുപത്രികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് വളരെ പ്രാധാന്യം നൽകുന്നു. പ്രാഥമിക തലത്തിൽ തന്നെ സൂക്ഷ്മവും ശക്തവുമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. സംസ്ഥാനത്തെ എല്ലാ സബ്‌സെന്ററുകളേയും ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കാൻ അനുമതി നൽകിയിരുന്നു. ജനകീയ ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ജനകീയ ക്ലബ്ബുകൾ രൂപീകരിക്കും. ഗർഭിണികൾ, കിടപ്പ് രോഗികൾ, സാന്ത്വനപരിചരണം ആവശ്യമായവർ എന്നിവർക്ക് പ്രത്യേക കരുതലൊരുക്കും. ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാനും ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വളരെ പങ്ക് വഹിക്കും.