ബ്രെസ്റ്റ് ഫീഡിംഗ്

മുലയൂട്ടലിന്റെ പ്രാധാന്യം

ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി മുലയൂട്ടലിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതിനായി ആരോഗ്യ വകുപ്പും വനിത ശിശുവികസന വകുപ്പും നിരവധി പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് മുലപ്പാൽ വളരെ പ്രധാനമാണ്. ആദ്യ ഒരു മണിക്കൂറിൽ നവജാതശിശുവിന് മുലപ്പാൽ നൽകുന്നുവെന്ന് ഉറപ്പാക്കണം. അതുപോലെ ആദ്യ ആറ് മാസം മുലപ്പാൽ മാത്രം നൽകുകയും വേണം. ഈ രണ്ട് കാര്യങ്ങളും കുഞ്ഞിന്റെ വളർച്ചയിൽ നിർണായകമാണ്. മാതൃമരണ നിരക്കും ശിശു മരണ നിരക്കും ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളമെങ്കിലും ഈ രണ്ട് കാര്യങ്ങളിലും കേരളത്തിന് ഇനിയും മുന്നോട്ട് പോകാനുണ്ട്. ജനിച്ചയുടൻ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകുന്നത് വളരെ പ്രധാനമാണ്. കുഞ്ഞിന്റെ ആരോഗ്യ അതിജീവനത്തിന് ഇത് അത്യന്താപേക്ഷിതമാണ്. കൂടാതെ അമ്മയും കുഞ്ഞും തമ്മിലുളള ഊഷ്മളമായ ബന്ധം സുദൃഢമാക്കാനും സാധിക്കും. മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പൊതു ഇടങ്ങളിൽ മുലയൂട്ടൽ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ വനിത ശിശു വികസന വകുപ്പ് ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.

ഇത്തരം പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സർക്കാർ സ്വകാര്യ ആശുപത്രികളെ മാതൃ ശിശു സൗഹൃദ ആശുപത്രികളായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. മാതൃശിശു സൗഹൃദമായി ഈ ആശുപത്രികൾ മാറുന്നതോടെ മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിന് സഹായകരമാകും.