Award for Best Research

ഗവേഷണം ഏകോപിപ്പിക്കാൻ ഡി.എം.ഇ.യിൽ ഓഫീസ് സംവിധാനം

10 മെഡിക്കൽ കോളേജുകളിൽ പാലിയേറ്റീവ് കെയർ പദ്ധതിയ്ക്ക് 1 കോടി

മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് മികച്ച ഗവേഷണത്തിന് സർക്കാർ പുരസ്‌കാരം നൽകും. മെഡിക്കൽ കോളേജുകളിലെ ഗവേഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ മേൽനോട്ടത്തിൽ സംസ്ഥാനതല ഓഫീസ് ഡി.എം.ഇ.യിൽ ആരംഭിക്കും. സ്റ്റേറ്റ് ബോർഡ് ഓഫ് മെഡിക്കൽ റിസർച്ച് (എസ്.ബി.എം.ആർ) വിപുലീകരിക്കും. ഗവേഷണം പ്രോത്സാഹിപ്പിക്കാൻ ഈ മേഖലയിലെ സന്നദ്ധ സംഘടനകളുടെ സഹായം കൂടി പ്രയോജനപെടുത്തും.

10 മെഡിക്കൽ കോളേജുകളിൽ പാലിയേറ്റീവ് കെയർ പദ്ധതി ആരംഭിക്കുന്നതാണ്. ഓരോ മെഡിക്കൽ കോളേജിനും 10 ലക്ഷം രൂപ വെച്ച് ഒരു കോടി രൂപ അനുവദിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പാലിയേറ്റീവ് കെയർ രോഗികൾക്ക് മികച്ച പരിചരണവും ചികിത്സയും ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഈയൊരു ലക്ഷ്യത്തിലെത്താൻ മെഡിക്കൽ കോളേജുകൾ നടപടി സ്വീകരിക്കേണ്ടതാണ്. മെഡിക്കൽ കോളേജുകളെ സെന്റർ ഓഫ് എക്‌സലൻസ് ആക്കുന്നതിനും മെഡിക്കൽ കോളേജുകളുടെ റേറ്റിംഗ് ഉയർത്തുന്നതിനുമുള്ള ഗ്യാപ് അനാലിസിസും നടത്തും.

ഓരോ മെഡിക്കൽ കോളേജിലും നടന്നു വരുന്ന നിർമ്മാണ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കേണ്ടതാണ്. ഹൈഎൻഡ് ഉപകരണങ്ങൾ യഥാസമയം റിപ്പയർ ചെയ്യുന്നതിനും സർവീസ് നടത്തുന്നതിനും സംസ്ഥാനതല നിരീക്ഷണം ഉണ്ടാകണം. ഉപകരണങ്ങൾ കോടായാൽ കാലതാമസം കൂടാതെ പ്രവർത്തന സജ്ജമാക്കി സേവനം നൽകുന്നതിന് ഓരോ മെഡിക്കൽ കോളേജും പ്രത്യേക ശ്രദ്ധ നൽകണം.

മെഡിക്കൽ കോളേജുകളിൽ മെറ്റീരിയിൽ കളക്ഷൻ ഫെസിലിറ്റി പദ്ധതിയിലൂടെ മാലിന്യ സംസ്‌കരണം ഫലപ്രദമായ രീതിയിൽ നടത്തേണ്ടതാണ്. ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് രണ്ടാം ഘട്ടമായി ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ മെഡിക്കൽ കോളേജുകളിൽ ആരംഭിക്കുന്നതിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ പ്രവർത്തന പുരരോഗതിയും വിലയിരുത്തി.