An online monitoring system will be in place for drug procurement and distribution

 

മരുന്ന് സംഭരണത്തിനും വിതരണത്തിനും ഓണ്‍ലൈന്‍ മോണിറ്ററിംഗ് സംവിധാനം നിലവില്‍ വരും 

മരുന്ന് സംഭരണത്തിനും വിതരണത്തിനും ശാസ്ത്രീയ സംവിധാനം നിലവില്‍ വരും. അതത് ആശുപത്രികളിലെ ആവശ്യകതയും ഉണ്ടായേക്കാവുന്ന വര്‍ധനവും കണക്കാക്കി ഇന്‍ഡന്റ് തയ്യാറാക്കും. ഇനിമുതല്‍ ആശുപത്രികളിലും ജില്ലകളിലും സംസ്ഥാനതലത്തിലും ഓണ്‍ലൈന്‍ മോണിറ്ററിംഗ് സംവിധാനമുണ്ടാകും.

കെ.എം.എസ്.സി.എല്‍.ന്റെ ഓണ്‍ലൈന്‍ സംവിധാനം പ്രയോജനപ്പെടുത്തികൊണ്ട് മരുന്ന് ലഭ്യത ഉറപ്പാക്കും. പ്രത്യേകമായുള്ള സോഫ്റ്റ് വെയറിലൂടെ മരുന്നുകളുടെ റിയല്‍ ടൈം ഡേറ്റ ലഭ്യമാകും. എല്ലാ ആശുപത്രികളും കൃത്യമായി അതത് ദിവസം തന്നെ മരുന്നുകളുടെ വിതരണം സംബന്ധിച്ച് ഡേറ്റ അപ്‌ഡേറ്റ് ചെയ്യണം. ഇതിനുള്ള സജികരണങ്ങള്‍ ആശുപത്രികളില്‍ നടപ്പിലാക്കണം. ഇതിലൂടെ ആശുപത്രിയിലെ മരുന്നിന്റെ സ്‌റ്റോക്ക് അറിയാനും, കുറയുന്നതനുസരിച്ച് വിതരണം ചെയ്യാനും സാധിക്കും.

ഓരോ ആശുപത്രിയും കൃത്യമായി അവലോകനം നടത്തി വേണം ഇന്‍ഡന്റ് തയ്യാറാക്കേണ്ടത്. സമയബന്ധിതമായി ഇക്കാര്യം കെ.എം.എസ്.സി.എല്‍.നെ അറിയിക്കണം. ഏതൊരു മരുന്നിന്റേയും നിശ്ചിത ശതമാനം കുറവ് വരുമ്പോള്‍ ആശയവിനിമയം നടത്തണം. അതിലൂടെ കുറവുള്ള മരുന്നുകള്‍ ലഭ്യമാക്കാന്‍ കഴിയുന്നു. മരുന്നുകള്‍ കൃത്യമായി വിതരണം ചെയ്യാനും നിര്‍ദേശമുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിലും ഏകോപനമുണ്ടാക്കാന്‍ ഒരാള്‍ക്ക് ചുമതല നല്‍കും.