Pathanamthitta General Hospital crosses 100 mark for patients undergoing thrombolysis for stroke

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സ്‌ട്രോക്കിനുള്ള ത്രോമ്പോലൈസിസ് ചികിത്സ നേടിയവരുടെ എണ്ണം 100 കഴിഞ്ഞു. ആദ്യമായാണ് ഒരു ജില്ലാ, ജനറൽ ആശുപത്രി ഈയൊരു നേട്ടം കൈവരിക്കുന്നത്. സ്വകാര്യ ആശുപത്രിയിൽ ലക്ഷങ്ങൾ വിലവരുന്ന ഈ ചികിത്സ പൂർണമായും സൗജന്യമായാണ് നൽകിവരുന്നത്. മലയോര ജില്ലയായ പത്തനംതിട്ടയിൽ സ്‌ട്രോക്ക് വന്ന രോഗികൾക്ക് നാലര മണിക്കൂറിനുള്ളിൽ ചികിത്സ നൽകാൻ കഴിയുന്ന കേന്ദ്രങ്ങൾ ഒന്നുമില്ലാതിരുന്ന സാഹചരത്തിലാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഈ സേവനം സജ്ജമാക്കിയത്.

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ജീവിതശൈലീ രോഗ നിയന്ത്രണ പദ്ധതിയുടെ കീഴലുള്ള പക്ഷാഘാത നിയന്ത്രണ പരിപാടിയുടെ (ശിരസ്) ഭാഗമായാണ് എല്ലാ ജില്ലകളിലേയും ഒരു പ്രധാന ആശുപത്രിയിൽ സ്‌ട്രോക്ക് യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മെഡിക്കൽ കോളേജുകൾക്ക് പുറമേ ആരോഗ്യ വകുപ്പിന്റെ കീഴിൽ 10 ജില്ലകളിൽ സ്‌ട്രോക്ക് യൂണിറ്റുകൾ ആരംഭിച്ചിട്ടുണ്ട്. ഇത് എല്ലാ ജില്ലകളിലും യാഥാർത്ഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.

അനിയന്ത്രിതമായ രക്ത സമ്മർദം, പ്രമേഹം, കൊളസ്‌ട്രോൾ എന്നിവകൊണ്ടാണ് സ്‌ട്രോക്ക് ഉണ്ടാകുന്നത്. രക്ത സമ്മർദത്തിന് മരുന്നു കഴിക്കുന്നവർ പെട്ടന്ന് മരുന്ന് നിർത്തിയാലും സ്‌ട്രോക്ക് വരാം. വായ് കോട്ടം, കൈയ്‌ക്കോ കാലിനോ തളർച്ച, സംസാരത്തിന് കുഴച്ചിൽ എന്നീ ലക്ഷണങ്ങൾ ഒരാളിൽ കണ്ടാൽ സ്‌ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. ഉടനടി ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ചലന ശേഷിയും സംസാരശേഷിയും തന്നെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകും. ചിലപ്പോൾ മരണം തന്നെയും ഉണ്ടാകും.

സ്‌ട്രോക്ക് ബാധിച്ചാൽ ആദ്യത്തെ മണിക്കൂറുകൾ വളരെ നിർണായകമാണ്. പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളാരംഭിച്ച് കഴിഞ്ഞാൽ നാലര മണിക്കൂറിനുള്ളിൽ ഈ ചികിത്സ നൽകിയെങ്കിൽ മാത്രമേ അതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ. അതിനാലാണ് വളരെദൂരം യാത്ര ചെയ്യാതെ അതത് ജില്ലകളിൽ തന്നെ സ്‌ട്രോക്ക് യൂണിറ്റ് ആരംഭിക്കുന്നത്.