Mayonnaise made from raw eggs has been banned in the state

പാഴ്‌സലിൽ തീയതിയും സമയവുമുള്ള സ്റ്റിക്കർ നിർബന്ധമാക്കി

സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോന്നൈസ് ഉത്പാദനം, സംഭരണം, വിൽപ്പന എന്നിവ നിരോധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവിറക്കി. എഫ്.എസ്.എസ്.എ. ആക്ട് പ്രകാരം അടിയന്തര പ്രധാന്യത്തോടെയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സമയബന്ധിതമായി ഉപയോഗിച്ചില്ലെങ്കിൽ പച്ചമുട്ട ഉപയോഗിച്ചു കൊണ്ടുണ്ടാക്കിയ മയോണൈസ് ഏറെ അപകടമാണെന്ന് കണ്ടെത്തിയിരുന്നു. ഹോട്ടൽ, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാർ, കാറ്ററിംഗ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തിൽ പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോന്നൈസ് ഒഴിവാക്കുന്നതിന് പൂർണ പിന്തുണയും നൽകിയിരുന്നു. ഇതിനെ തുടർന്നാണ് അടിയന്തരമായി പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോന്നൈസ് നിരോധിച്ചത്.
മയോണൈസ് ഉപയോഗിച്ചുള്ള പലതരം ഭക്ഷണം കഴിച്ചവരിൽ ഭക്ഷ്യ വിഷബാധ ഉണ്ടായതായി പല പരാതികളും ഉയർന്നിരുന്നു. സാൻഡ്വിച്ചുകളിലും ഷവർമകളിലും സാധാരണയായി ക്രീം സോസ് അല്ലെങ്കിൽ ഡ്രസിംഗ് ആയി മയോണൈസ് ഉപയോഗിക്കുന്നുണ്ട്. ശരിയായ രീതിയിൽ പാസ്ചറൈസ് ചെയ്യാതെ മയോണൈസ് ഉണ്ടാക്കി സൂക്ഷിച്ചാൽ സാൽമൊണെല്ല ബാക്ടീരിയ പെരുകാനും രോഗബാധയുണ്ടാകാനും സാധ്യതയുണ്ട്. ആരോഗ്യമുള്ള ആളിനെപ്പോലും ഇത് ബാധിക്കും. ലാബ് റിപ്പോർട്ടുകളിൽ നിന്നും ഇത്തരം മയോണൈസിൽ രോഗാണുക്കൾ കണ്ടെത്തിയിരുന്നു. പച്ച മുട്ടയിൽ നിന്നും ഉണ്ടാക്കുന്ന മയോണൈസ് ഭക്ഷ്യ സുരക്ഷയിൽ ഏറെ അപകടമുള്ളതാണെന്ന് സംശയിക്കുന്നു. അതിനാലാണ് ഈയൊരു തീരുമാനമെടുത്തത്. വെജിറ്റബിൾ മയോണൈസോ, പാസ്ചറൈസ് ചെയ്ത മുട്ടയിൽ നിന്നുണ്ടാക്കുന്ന മയോണൈസോ ഉപയോഗിക്കാവുന്നതാണ്.

സംസ്ഥാനത്ത് ഭക്ഷണ സാധനങ്ങൾ പൊതിഞ്ഞു നൽകുന്ന എല്ലാ സ്ഥാപനങ്ങളും ഭക്ഷണ പൊതികളിൽ ഭക്ഷ്യ സുരക്ഷാ അറിയിപ്പ് സംബന്ധിച്ച സ്റ്റിക്കർ പതിപ്പിക്കേണ്ടതാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും (Date of Preparation & Time), ഏത് സമയം വരെ ആ ഭക്ഷണം കഴിക്കാം (Use by time) എന്നിവ സ്റ്റിക്കറിലുണ്ടായിരിക്കണം. സംസ്ഥാനത്തെ ഭക്ഷണ സ്ഥാപനങ്ങളിൽ നിന്നും പാഴ്‌സൽ കൊടുക്കുന്ന ഭക്ഷണ സാധനങ്ങൾ നിശ്ചിത സമയപരിധി കഴിഞ്ഞ് കഴിക്കുന്നതിലൂടെ ഭക്ഷ്യ സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാകുന്നു എന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. പൊതു ജനങ്ങൾ പാഴ്‌സലിൽ പറഞ്ഞിട്ടുള്ള സമയത്തിന് ശേഷം ആ ഭക്ഷണം കഴിക്കരുത്.