State-of-the-art isolation wards in constituencies

 

ആധുനിക സൗകര്യങ്ങളോട് കൂടിയ ഐസോലേഷൻ വാർഡുകൾ എല്ലാ നിയോജക മണ്ഡലങ്ങളിലും ഒരുക്കുന്നു. കോവിഡ് പോലെയുള്ള മഹാമരികളും മറ്റ് പകർച്ചവ്യാധികളും നേരിടുന്നതിന് ആരോഗ്യ മേഖലയെ കൂടുതൽ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കുന്നത് . ഓരോ നിയോജക മണ്ഡലത്തിലുമുള്ള ഒരാശുപത്രിയിൽ 10 കിടക്കകളുള്ള ഐസോലേഷൻ വാർഡാണ് സജ്ജമാക്കുന്നത്. എം.എൽ.എ. ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി ഉപയോഗിച്ചുള്ള 250 കോടി രൂപയുടെ ഈ പദ്ധതി നടപ്പാക്കുന്നത് കെ.എം.എസ്.സി.എൽ. ആണ്. ആദ്യഘട്ടത്തിൽ നിർമ്മാണത്തിനായി അനുമതി നൽകിയ 90 ആശുപത്രികളിലെ 10 എണ്ണത്തിന്റെ പ്രവർത്തനമാണ് എപ്പോൾ ആരംഭിക്കുന്നത്. ബാക്കിയുള്ളവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

തിരുവനന്തപുരം സി.എച്ച്.സി. പൂവാർ, കൊല്ലം സി.എച്ച്.സി. നെടുങ്കോലം, സി.എച്ച്.സി. നെടുമ്പന, സി.എച്ച്.സി. തെക്കുംഭാഗം, തൃശൂർ വടക്കാഞ്ചേരി ജില്ലാ ആശുപത്രി, സി.എച്ച്.സി. പഴഞ്ഞി, സി.എച്ച്.സി. പഴയന്നൂർ, മലപ്പുറം സി.എച്ച്.സി. വളവന്നൂർ, കോഴിക്കോട് ഗവ. മെന്റൽ ഹെൽത്ത് സെന്റർ, ഗവ. ഡെർമറ്റോളജി ചേവായൂർ എന്നിവിടങ്ങളിലെ ഐസോലേഷൻ വാർഡുകളാണ് പ്രവർത്തനം ആരംഭിക്കുന്നത്.

പ്രീ എഞ്ചിനീയർഡ് സ്ട്രക്ച്ചർ ഉപയോഗിച്ചാണ് 2,400 ചതുരശ്ര അടി വിസ്തീർണത്തിലുള്ള ഐസോലേഷൻ വാർഡുകൾ നിർമ്മിക്കുന്നത്. 10 കിടക്കകളുള്ള പേഷ്യന്റ് കെയർ സോൺ, പ്രവേശന ലോബിയോട് കൂടിയ കാത്തിരുപ്പ് കേന്ദ്രം, വിതരണ സ്റ്റോർ, ശൗചാലയത്തോട് കൂടിയ സ്റ്റാഫ് റൂം, ഡോക്ടേഴ്സ് റൂം, ഡ്രെസിംഗ് റൂം, നഴ്‌സസ് സ്റ്റേഷൻ, എമർജൻസി പ്രൊസീജർ റൂം, ശൗചാലയ ബ്ലോക്ക്, മെഡിക്കൽ ഗ്യാസ് സംഭരണത്തിനുള്ള റൂം, പാസേജ് തുടങ്ങിയ ആധുനിക ഉപകരണങ്ങൾ ഉൾപ്പടെയുള്ള സൗകര്യങ്ങളോട് കൂടിയ മുറികൾ ഓരോ ഐസോലേഷൻ വാർഡിലും സജ്ജീകരിച്ചിട്ടുണ്ട്.