Kottayam Medical College successfully completed TAVI surgery

ഹൃദയം തുറക്കാതെ വാൽവ് മാറ്റിവെച്ച് കോട്ടയം മെഡിക്കൽ കോളജിൽ ആദ്യമായി ടാവി ശസ്തക്രിയ നടത്തി. ഹൃദയം തുറക്കാതെ രക്തക്കുഴലുകളിൽ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ (കത്തീറ്റർ) ഹൃദയ വാൽവ് മാറ്റുന്ന ശസ്ത്രക്രിയയാണ് ടാവി. തകരാറിലായ അയോർട്ടിക് വാൽവ് മാറ്റിവക്കേണ്ടതും എന്നാൽ പ്രായാധിക്യമോ മറ്റു അവശതകളോ കാരണം ഹൃദയം തുറന്നുള്ള ശസ്ത്രക്രിയക്ക് വിധേയരാകാൻ സാധിക്കാത്തവരിലാണ് ടാവി ചെയ്യുന്നത്. അയോർട്ടിക് സ്റ്റിനോസിസ് ഉള്ളപ്പോഴും വളരെ ചുരുക്കമായി അയോർട്ടിക് വാൽവിന് ചോർച്ച വരുന്ന അവസ്ഥയിലുമാണ് ടാവി ചെയ്യാറുള്ളത്.

ടാവിക്ക് സാധാരണ വാൽവ് മാറ്റിവക്കൽ ശാസ്ത്രക്രിയയുമായി വ്യത്യാസങ്ങളുണ്ട്. പ്രായം കൂടിയവർ, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ, ഹൃദയത്തിന്റെ പമ്പിങ് കുറഞ്ഞവർ എന്നിവരിൽ ഹൃദയം തുറന്നുള്ള (ഓപ്പൺ ഹാർട്ട് സർജറി) ശസ്ത്രക്രിയ ബുദ്ധിമുട്ടാണ്. ഇങ്ങനെയുള്ള രോഗികൾക്ക് സഹായകരമാണ് ടാവി. രോഗിയെ ബോധം കെടുത്തുന്നില്ല, വലിയ മുറിവ് ഉണ്ടാകുന്നില്ല, രക്തനഷ്ടം കുറവാണ് എന്നിവ ടാവിയുടെ പ്രത്യേകതയാണ്. കുറഞ്ഞ ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം വളരെ വേഗം തന്നെ രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ സാധിക്കും. 13 ലക്ഷം രൂപ ചെലവു വരുന്ന ശസ്ത്രക്രിയ ഏകദേശം 11 ലക്ഷം രൂപക്ക് പൂർത്തീകരിക്കാനായി.