ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ അവയവമാറ്റ ശസ്ത്രക്രിയ നടക്കുന്ന രാജ്യത്തെ ആദ്യസംസ്ഥാനമായി കേരളം
രാജ്യത്തിന്റെ അവയവമാറ്റ ചരിത്രത്തിൽ ആദ്യമായി ഒരു ജില്ലാതല സർക്കാർ ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നു. എറണാകുളം ജനറൽ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. അമ്മയാണ് മകന് വൃക്ക നൽകിയത്. ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു. വൃക്ക നൽകിയ 50 വയസുള്ള അമ്മയും സ്വീകരിച്ച 28 വയസുള്ള മകനും സുഖമായിരിക്കുന്നു. രാജ്യത്തിന്റെ തന്നെ ആരോഗ്യ മേഖലയിലെ ഒരു ചരിത്ര സന്ദർഭമാണിത്.
എറണാകുളം ജനറൽ ആശുപത്രിയിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നതിന് അടുത്തിടെ അനുമതി നൽകിയിരുന്നു. കേരള സ്റ്റേറ്റ് ഓർഗൻ ആന്റ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനാണ് രജിസ്ട്രേഷനും സർട്ടിഫിക്കേഷനും നൽകിയത്. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ അര കോടി രൂപയോളം ചെലവഴിച്ച് അത്യാധുനിക സംവിധാനങ്ങളൊരുക്കിയാണ് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കിയത്.