Heart transplant surgery at Kottayam Medical College

കോട്ടയം സർക്കാർ മെഡിക്കൽ കോളേജിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നു. ഗുരുതര ഹൃദ്രോഗമുള്ള കോട്ടയം പള്ളിക്കച്ചിറ സ്വദേശി എം.ആർ. രാജേഷിനാണ് (35) ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. കൊച്ചി ആംസ്റ്റർ മെഡിസിറ്റിയിൽ മസ്തിഷ്‌ക മരണമടഞ്ഞ മഹാരാഷ്ട്ര സ്വദേശിനിയായ ശ്യാമള രാമകൃഷ്ണന്റെ ഹൃദയമാണ് രാജേഷിന് സംസ്ഥാന സർക്കാരിന്റെ അവയവദാനം ഏകോപിപ്പിക്കുന്ന കെ. സോട്ടോ വഴി ലഭ്യമാക്കിയത്.
കോട്ടയം മെഡിക്കൽ കോളേജിൽ എട്ടാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് നടന്നത്. 3 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും നടന്നു. 4 മണിക്കൂറോളം എടുത്താണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. രാജേഷ് തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.

ശ്യാമള രാമകൃഷ്ണൻ 6 പേർക്കാണ് പുതുജീവൻ നൽകുന്നത്. ഹൃദയം, കരൾ, 2 വൃക്കകൾ, 2 കണ്ണുകൾ എന്നിവയാണ് ദാനം നൽകിയത്. ഒരു വൃക്ക കോഴിക്കോട് മെഡിക്കൽ കോളേജിനാണ് ലഭിച്ചത്. പോലീസിന്റെ സഹകരണത്തോടെ ഗ്രീൻ ചാനൽ ഒരുക്കിയാണ് അവയവവിന്യാസം നടത്തിയത്.