Kasargod Another Step: Kanhangad Women and Children's Hospital Reality

കാസർഗോഡ് കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പ്രവർത്തനം ആരംഭിച്ചു. ആദ്യഘട്ടത്തിൽ രാവിലെ 8 മണി മുതൽ ഉച്ചക്ക് 1 മണി വരെ സ്ത്രീരോഗവിഭാഗം, ശിശുരോഗ വിഭാഗം എന്നീ ഒ.പി. സേവനങ്ങൾ ലഭ്യമാക്കും. 24 മണിക്കൂർ പ്രവർത്തിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള അത്യാഹിത വിഭാഗത്തിന്റെ സേവനവും ഐപിയും സജ്ജീകരിച്ചിട്ടുണ്ട്. ഇതിനായി 3 ഗൈനക്കോളജിസ്റ്റുകൾ, 2 പീഡിയാട്രീഷ്യൻമാർ മറ്റ് അനുബന്ധ ജീവനക്കാർ എന്നിവരുടെ സേവനം ലഭ്യമാക്കും.

സിവിൽ, ഇലട്രിക്കൽ ജോലികൾ, പ്ലമ്പിംഗ്, ഗ്യാസ് പൈപ്പ്‌ലൈൻ എന്നിവ പൂർത്തിയാക്കി ഫയർ എൻഒസി, കെട്ടിട നമ്പർ എന്നിവ ലഭ്യമാക്കിയാണ് പ്രവർത്തനസജ്ജമാക്കിയത്. നിലവിൽ 90 കിടക്കകളോട് കൂടിയ ആശുപത്രിയിൽ നവജാത ശിശുക്കൾക്ക് വേണ്ടിയുള്ള സ്‌പെഷ്യൽ ന്യൂ ബോൺ ഐ സി യൂ, അമ്മമാർക്കും ഗർഭിണി കൾക്കുമുള്ള ഹൈ ഡിപെൻഡൻസി യൂണിറ്റ് (എച്ച്.ഡി.യു.), മോഡുലാർ ഓപ്പറേഷൻ തിയേറ്റർ എന്നിവയും പ്രവർത്തന സജ്ജമായിട്ടുണ്ട്.

സംസ്ഥാന സർക്കാരിന്റെ 9.41 കോടിയുടെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് കൊണ്ടാണ് അമ്മയും കുഞ്ഞും ആശുപത്രിയുടെ കെട്ടിട നിർമാണം പൂർത്തീകരിച്ചത്. 3.33 കോടി രൂപ ഉപയോഗിച്ച് ആശുപത്രി ഉപകരണങ്ങൾ ലഭ്യമാക്കി. 2.85 കോടി രൂപ ഉപയോഗിച്ച് മോഡുലാർ ഓപ്പറേഷൻ തിയേറ്റർ, സെൻട്രലൈസ്ഡ് മെഡിക്കൽ ഗ്യാസ് സിസ്റ്റം എന്നിയും ഒരുക്കി.

ആശുപത്രി അണുവിമുക്തമായെന്ന സർട്ടിഫിക്കറ്റ് ലഭ്യമാകുന്നതിനായി സാമ്പിൾ പരിയാരം ഗവ. മെഡിക്കൽ കോളേജിലേക്ക് അയച്ചിട്ടുണ്ട്. പ്രസ്തുത സർട്ടിഫിക്കറ്റ് ലഭിക്കുന്ന മുറക്ക് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഓപ്പറേഷൻ തിയേറ്റർ, ലേബർ റൂം, നവജാത ശിശുക്കൾക്ക് വേണ്ടിയുള്ള ഐസിയു എന്നിവ പ്രവർത്തനമാരംഭിക്കും.

കാസർഗോഡിന്റെ സമഗ്ര വികസനത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക പ്രാധാന്യം നൽകി വരുന്നു. കാസർഗോഡ് ജില്ലയ്ക്കായി ആദ്യമായി ന്യൂറോളജിസ്റ്റുകളുടെ തസ്തിക സൃഷ്ടിച്ച് സേവനം ലഭ്യമാക്കി. ആദ്യമായി കാർഡിയോളജിസ്റ്റിനെ അനുവദിച്ചു. കാത്ത് ലാബ് പ്രവർത്തന സജ്ജമാക്കി. സിസിയു, ഇഇജി മെഷീൻ സ്ഥാപിച്ചു. കാസർഗോഡ് മെഡിക്കൽ കോളേജിൽ ഒപി ആരംഭിച്ചു. ന്യൂറോളജി, നെഫ്രോളജി സൂപ്പർ സ്‌പെഷ്യാലിറ്റി ഒപികളും മറ്റെല്ലാ സ്‌പെഷ്യാലിറ്റി ഒപികളും ആരംഭിച്ചു. ഇതുകൂടാതെയാണ് കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി യാഥാർത്ഥ്യമാകുന്നത്. ഇത് ഈ മേഖലയിലെ ജനങ്ങൾക്ക് ഏറെ സഹായകരമാകും.