Integration of Kannur Medical College nurses is complete

കണ്ണൂർ മെഡിക്കൽ കോളേജ് നഴ്‌സുമാരുടെ ഇന്റഗ്രേഷൻ പൂർത്തിയായി

കണ്ണൂർ പരിയാരം സർക്കാർ മെഡിക്കൽ കോളേജിലെ നഴ്‌സുമാരുടെ ഇന്റഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ഉത്തരവായി . 508 നഴ്‌സുമാരുടെ ഇന്റഗ്രേഷനാണ് പൂർത്തിയായത്. നഴ്‌സിംഗ് സൂപ്രണ്ട് ഗ്രേഡ് രണ്ട്, ഹെഡ് നഴ്‌സ്, സ്റ്റാഫ് നഴ്‌സ് ഗ്രേഡ് ഒന്ന്, സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് എന്നിങ്ങനെയാണ് നഴ്‌സിംഗ് വിഭാഗം ജീവനക്കാരുടെ ഇന്റഗ്രേഷൻ. പരിയാരം മെഡിക്കൽ കോളേജിലെ അധ്യാപക വിഭാഗം ജീവനക്കാരും വിവിധ കേഡറിലുള്ള നഴ്‌സിംഗ് വിഭാഗം ജീവനക്കാരും ഉൾപ്പെടെ 668 പേരെ സർവീസിൽ ഉൾപ്പെടുത്തി നേരത്തെ ഉത്തരവിട്ടിരുന്നു. അതിന്റെ ഭാഗമായാണ് ഇന്റഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. മറ്റുള്ള ജീവനക്കാരുടെ ഇന്റഗ്രേഷൻ നടപടികൾ നടന്നു വരുന്നു.

പരിയാരം മെഡിക്കൽ കോളേജ്, പരിയാരം ദന്തൽ കോളേജ്, അക്കാദമി ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്, പരിയാരം കോളേജ് ഓഫ് നഴ്‌സിംഗ്, സഹകരണ ഹൃദയാലയ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരമെഡിക്കൽ സയൻസസ് എന്നിവ സർക്കാർ ഏറ്റെടുക്കുകയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാക്കുകയും ചെയ്തിരുന്നു. ഇതിനനുസൃതമായി ജീവനക്കാരെ ഏറ്റെടുത്ത് മെഡിക്കൽ കോളേജിന്റെ സുഗമമായ പ്രവർത്തനങ്ങൾ നടക്കുന്നതിനായി 1551 തസ്തികകൾ സൃഷ്ടിച്ചിരുന്നു. ഇത്തരത്തിൽ തസ്തികകൾ സൃഷ്ടിക്കപ്പെട്ട അധ്യാപക, നഴ്‌സിംഗ് വിഭാഗം ജീവനക്കാരെയാണ് ഇന്റഗ്രേറ്റ് ചെയ്തു വരുന്നത്.

പരിയാരം മെഡിക്കൽ കോളേജിന്റെ വികസനത്തിനായി വലിയ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. കണ്ണൂർ മെഡിക്കൽ കോളേജിന്റെ വികസനത്തിനായി അടുത്തിടെ 20 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. വിവിധ ഹോസ്റ്റലുകൾ നിർമ്മിക്കുന്നതിന് 50.87 കോടി രൂപ അനുവദിച്ചു. ആദ്യമായി പ്ലാസ്റ്റിക് & റീകൺസ്ട്രക്റ്റീവ് സർജറി വിഭാഗം ആരംഭിച്ചു. 1.74 കോടി രൂപയുടെ ഡിജിറ്റൽ റേഡിയോഗ്രാഫി യൂണിറ്റ് സ്ഥാപിച്ചു. കിഫ്ബിയിൽ ഉൾപ്പെടുത്തി വലിയ വികസന പ്രവർത്തനങ്ങളാണ് നടന്ന് വരുന്നത്. ട്രോമകെയർ യൂണിറ്റ് സ്ഥാപിക്കുന്നതിന് 51 കോടി രൂപ കിഫ്ബി അനുവദിച്ചു. ഇതുകൂടാതെ 35.52 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളും മെഡിക്കൽ കോളേജിൽ നടന്നു വരുന്നു.