360 degree metabolic centers in all districts

എല്ലാ ജില്ലകളിലും 360 ഡിഗ്രി മെറ്റബോളിക് സെന്ററുകൾ

പ്രമേഹം മുൻകൂട്ടി കണ്ടെത്തി നിയന്ത്രിക്കുന്നതിനായി എല്ലാ ജില്ലകളിലും 360 ഡിഗ്രി മെറ്റബോളിക് സെന്ററുകൾ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. പ്രമേഹത്തിന്റെ സങ്കീർണതകളായ ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് നെഫ്രോപ്പതി, പെരിഫറൽ ന്യൂറോപ്പതി തുടങ്ങിയ രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തി നിയന്ത്രിക്കുകയാണ് ലക്ഷ്യം. എറണാകുളം ജനറൽ ആശുപത്രിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച 360 ഡിഗ്രി മെറ്റബോളിക് സെന്റർ വിജയകരമായതിനെ തുടർന്നാണ് സംസ്ഥാന വ്യാപകമാക്കുന്നത്. പ്രമേഹം, രക്താദിമർദം എന്നിവയ്ക്ക് പുറമേ വൃക്കകളുടെ കാര്യക്ഷമത, കണ്ണുകളിലും കാലുകളിലും ബാധിക്കുന്ന പ്രമേഹത്തിന്റെ പരിശോധന, പൾമണറി ഫങ്ഷൻ ടെസ്റ്റ്, ഡയറ്റ് കൗൺസിലിംഗ് തുടങ്ങിയ എല്ലാ സേവനങ്ങളും ഒറ്റ കുടക്കീഴിൽ ഈ സെന്ററുകളിലൂടെ ലഭ്യമാക്കുന്നതാണ്. ഇതിലൂടെ പ്രമേഹം മാത്രമല്ല പ്രമേഹം മൂലമുള്ള ഗുരുതര രോഗങ്ങളേയും നിയന്ത്രിക്കാൻ സാധിക്കും.
രോഗനിർണയത്തിലെ കാലതാമസമാണ് പ്രമേഹത്തെ സങ്കീർണമാക്കുന്നത്. അതിനാൽ ശ്രദ്ധവേണം. ചിട്ടയായ വ്യായമത്തിലൂടെയും ആഹാര നിയന്ത്രണത്തിലൂടെയും പ്രമേഹത്തെ ഒരു പരിധിവരെ പ്രതിരോധിക്കാൻ സാധിക്കും. ‘പ്രമേഹം: ആരോഗ്യ വിദ്യാഭ്യാസം നാളെയുടെ രക്ഷയ്ക്കായി’ എന്നതാണ് ഈ വർഷത്തെ പ്രമേഹദിന സന്ദേശം. പ്രമേഹ രോഗ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സ തുടങ്ങാൻ വൈകുന്നതും അതിന്റെ സങ്കീർണതകളെ കുറച്ചുള്ള അജ്ഞതയുമാണ് ഈ രോഗത്തെ അപകടകാരിയാക്കുന്നത്. ആ അറിവ് ജനങ്ങളിൽ എത്തിക്കുന്നതിന് സർക്കാരും ആരോഗ്യ പ്രവർത്തകരും പൊതുജനങ്ങളും ഒന്നിച്ച് പ്രവർത്തിക്കുക എന്നതാണ് ലക്ഷ്യം.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസും ഐസിഎംആറും നടത്തിയ പഠനത്തിൽ കേരളത്തിൽ 24 ശതമാനത്തോളം പേർക്ക് പ്രമേഹമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 18 ശതമാനം പേർക്ക് പ്രമേഹം വരാനുള്ള സാധ്യതയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് അവബോധം സൃഷ്ടിച്ചിക്കുകയും സംസ്ഥാനത്തെ പ്രമേഹ രോഗം കുറച്ച് കൊണ്ടുവരികയാണ് ലക്ഷ്യം.

പ്രമേഹം നിർണയിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള നടപടികൾ ആരോഗ്യ വകുപ്പ് സ്വീകരിച്ചു വരുന്നു. ഏകദേശം 9 ലക്ഷത്തോളം പേരിൽ പ്രമേഹ രോഗമുള്ളതായി ജീവിതശൈലീ രോഗനിയന്ത്രണ പദ്ധതിയിലൂടെ കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. ഇതിന് പുറമേ പ്രമേഹം ഉൾപ്പെടെയുള്ള ജീവിത ശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ‘അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി 42 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിർണയ സ്‌ക്രീനിംഗ് നടത്തിയിട്ടുണ്ട്. അതിൽ 8.6 ശതമാനം പേർക്ക് (3,62,375) പ്രമേഹ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ ആവശ്യമുള്ളവർക്ക് സൗജന്യ രോഗ നിർണയവും ചികിത്സയും ലഭ്യമാക്കി വരുന്നു.

സംസ്ഥാനത്തെ എല്ലാ കുടുംബക്ഷേമ കേന്ദ്രങ്ങൾ മുതൽ ജില്ലാ, ജനറൽ ആശുപത്രികൾ വരെ ജീവിതശൈലി രോഗ നിർണയ ക്ലിനിക്കുകൾ പ്രവർത്തിച്ച് വരുന്നുണ്ട്. ഈ ക്ലിനിക്കുകളിൽ കൂടി പ്രമേഹത്തിനും രക്താദിമർദത്തിനും സൗജന്യമായി മരുന്ന് ലഭ്യമാക്കി വരുന്നു. പ്രമേഹത്തിനുള്ള ഇൻസുലിൻ ഉൾപ്പെടെയുള്ള മരുന്നുകൾ പ്രാഥമികാരോഗ്യതലം മുതൽ സൗജന്യമായി ലഭ്യമാക്കുന്ന ഏക സംസ്ഥാനമാണ് കേരളം.

പ്രമേഹത്തിന്റെ സങ്കീർണതകളായ ഡയബറ്റിക് റെറ്റിനോപ്പതി കണ്ടുപിടിക്കുന്നതിനായി നോൺ മിഡ്‌റിയാടിക് ക്യാമറകൾ 172 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ഇതുകൂടാതെ 14 ജില്ലാ ആശുപത്രികളിലും ഡയബറ്റിക് റെറ്റിനോപ്പതി കണ്ടുപിടിക്കുന്നതിനുള്ള ആധുനിക ഉപകരണങ്ങൾ നൽകിയിട്ടുണ്ട്. 82 ആശുപത്രികളിൽ ഡയബറ്റിക് ഫൂട്ട് ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിലൂടെ അത്യാധുനിക ഉപകരണങ്ങളോടെ ഞരമ്പുകളുടെ പ്രവർത്തനക്ഷമത പരിശോധിക്കാൻ സാധിക്കുന്നു.

 

: മന്ത്രി വീണാ ജോർജ്