The Indian Institute of Diabetes will be converted into a research institute

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിനെ ഗവേഷണ സ്ഥാപനമായി മാറ്റിയെടുക്കും

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിനെ ഗവേഷണ സ്ഥാപനമായി മാറ്റിയെടുക്കും. മതിയായ തസ്തികകളുൾപ്പെടെ സൃഷ്ടിച്ച് മികച്ച സ്ഥാപനമാക്കി മാറ്റുന്നതിനാണ് ശ്രമിക്കുന്നത്. ഈ സ്ഥാപനത്തിൽ ഇപ്പോൾ പ്രമേഹത്തോടൊപ്പം വയോജന ചികിത്സക്കും പരിപാലനത്തിനും പുറമേ എന്റോക്രൈനോളജി, കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി തുടങ്ങിയ സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമാക്കിവരുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രമേഹത്തിനും പ്രമേഹാനുബന്ധ രോഗങ്ങൾക്കും അത്യാവശ്യമായ എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള ആശുപത്രിയായി ഈ ഇൻസ്റ്റിറ്റ്യൂട്ടിനെ ഉയർത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്തെ.

ആരോഗ്യ രംഗത്ത് കേരളം ഏറെ മുന്നിലാണെങ്കിലും ജീവിതശൈലീ രോഗങ്ങൾ വലിയ വെല്ലുവിളിയാണ്. രോഗ നിർണയം നടത്തി മതിയായ ചികിത്സ ഉറപ്പ് വരുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ജീവിതശൈലീ രോഗങ്ങൾ കുറച്ചു കൊണ്ടുവരാൻ ശക്തമായ ഇടപെടലുകളാണ് നടത്തുന്നത്. പ്രമേഹം ഉൾപ്പെടെയുള്ള ജീവിത ശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി 42 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിർണയ സ്‌ക്രീനിംഗ് നടത്തിയിട്ടുണ്ട്. പ്രമേഹം മുൻകൂട്ടി കണ്ടെത്തി നിയന്ത്രിക്കുന്നതിനായി എല്ലാ ജില്ലകളിലും 360 ഡിഗ്രി മെറ്റബോളിക് സെന്ററുകൾ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രമേഹം, രക്താദിമർദം എന്നിവയ്ക്ക് പുറമേ വൃക്കകളുടെ കാര്യക്ഷമത, കണ്ണുകളിലും കാലുകളിലും ബാധിക്കുന്ന പ്രമേഹത്തിന്റെ പരിശോധന, പൾമണറി ഫങ്ഷൻ ടെസ്റ്റ്, ഡയറ്റ് കൗൺസിലിംഗ് തുടങ്ങിയ എല്ലാ സേവനങ്ങളും ഒറ്റ കുടക്കീഴിൽ ഈ സെന്ററുകളിലൂടെ ലഭ്യമാക്കുന്നതാണ്.

18 വയസിന് താഴെയുള്ള പ്രമേഹ ബാധിതരായ കുട്ടികൾക്ക് മിഠായി പദ്ധതി വഴി സൗജന്യ മരുന്ന് ലഭ്യമാക്കി വരുന്നു. 18 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക സ്‌കീമിൽ ഉൾപ്പെടുത്തി മരുന്ന് നൽകുന്നതിന് നടപടി സ്വീകരിക്കും.