Kerala provides the most free treatment in India; Free treatment worth ₹ 3030 crore

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി പ്രകാരം കഴിഞ്ഞ 2 വർഷങ്ങളിലായി 12,22,241 ഗുണഭോക്താക്കൾക്ക് 28,75,455 ക്ലെയിമുകളിലായി ₹ 3030 കോടി സൗജന്യ ചികിത്സ നൽകി. ഇന്ത്യയിൽ ആകെ നൽകിയ ചികിത്സയുടെ 15 ശതമാനത്തോളം കേരളത്തിൽ നിന്നാണ്. ഇന്ത്യയിൽ ഏറ്റവുമധികം സൗജന്യ ചികിത്സ നൽകിയതിന് 2022ലെ ആരോഗ്യ ഉത്കൃഷ്ട പുരസ്‌കാരം കേരളം നേടിയിരുന്നു.

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ അർഹരായ കുടുംബത്തിന് വർഷം പരമാവധി ₹ 5 ലക്ഷത്തിന്റെ ചികിത്സ ആനുകൂല്യം പദ്ധതിയിൽ എംപാനൽ ചെയ്ത 761 ആശുപത്രികൾ വഴിയും ലഭിക്കും.

2021-22-ൽ 5,76,955 ഗുണഭോക്താക്കൾക്കും, 22-23 സാമ്പത്തിക വർഷം 6,45,286 ഗുണഭോക്താക്കൾക്കും സൗജന്യ ചികിത്സ സഹായം നൽകി. കഴിഞ്ഞ സാമ്പത്തിക വർഷം (2021-22) 1400 കോടിയുടേയും ഈ സാമ്പത്തിക വർഷം (2022-23) 1630 കോടി രൂപയുടെയും സൗജന്യ ചികിത്സ ലഭ്യമാക്കി. ഈ ഇനത്തിൽ കേന്ദ്ര വിഹിതമായി പ്രതിവർഷം 138 കോടി രൂപ മാത്രമാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. 42 ലക്ഷം കുടുംബങ്ങളാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 21.5 ലക്ഷം കുടുംബങ്ങൾക്ക് മാത്രമാണ് 60:40 അനുപാതത്തിൽ കേന്ദ്ര സഹായം ലഭ്യമാകുന്നത്. അതിൽ തന്നെ ഒരു കുടുംബത്തിന് ₹ 1052 പ്രീമിയം കണക്കാക്കി അതിന്റെ 60% ആയ ₹ 631.2 നിരക്കിൽ ആകെ ₹ 138 കോടി മാത്രമാണ് ഒരു സാമ്പത്തിക വർഷത്തിൽ കേന്ദ്ര വിഹിതമായി പദ്ധതിക്ക് ലഭിക്കുന്നത്. ചികിത്സ ചെലവിന്റെ 90% ത്തോളം സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്.