ഇടുക്കി ജില്ലയില്‍ സ്‌ട്രോക്കിനുള്ള ത്രോമ്പോലൈസിസ് ചികിത്സ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ വിജയകരമായി നടത്തി. വണ്ണാപുരം സ്വദേശിയ്ക്കാണ് (68) ഈ ചികിത്സ നല്‍കിയത്. ന്യൂറോളജിസ്റ്റ് ഡോ. ജോബിന്‍ മാത്യുവിന്റെ നേതൃത്വത്തിലാണ് ത്രോമ്പോലൈസിസ് ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയത്.
മലയോര ജില്ലയായ ഇടുക്കിയെ സംബന്ധിച്ച് ഇത് വലിയൊരു നേട്ടമാണ്. ഇടുക്കി ജില്ലയില്‍ സ്വകാര്യ ആശുപത്രികളില്‍ പോലും ലഭിക്കാത്ത ഈ ചികിത്സ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ലഭിക്കുന്നത് ഈ ജില്ലയിലെ സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസകരമാണ്. സ്വകാര്യ ആശുപത്രിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന ഈ ചികിത്സ പൂര്‍ണമായും സൗജന്യമായാണ് നല്‍കിയത്. ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരേയും അഭിനന്ദിക്കുന്നു.
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ജീവിതശൈലീ രോഗ നിയന്ത്രണ പദ്ധതിയുടെ കീഴലുള്ള പക്ഷാഘാത നിയന്ത്രണ പരിപാടിയുടെ (ശിരസ്) ഭാഗമായാണ് എല്ലാ ജില്ലകളിലേയും ഒരു പ്രധാന ആശുപത്രിയില്‍ സ്‌ട്രോക്ക് യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്.
പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളാരംഭിച്ച് കഴിഞ്ഞാല്‍ നാലര മണിക്കൂറിനുള്ളില്‍ ഈ ചികിത്സ നല്‍കിയെങ്കില്‍ മാത്രമേ അതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ഇടുക്കി ജില്ലയിലെ ജനങ്ങള്‍ക്ക് പക്ഷാഘാത ചികിത്‌സ ലഭിക്കണമെങ്കില്‍ മറ്റ് ജില്ലകളിലെ പ്രധാന ആശുപത്രികളില്‍ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു നിലിലുണ്ടായിരുന്നത്. ഈ ആശുപത്രികളില്‍ എത്തുമ്പോള്‍ വിന്‍ഡോ പീരീഡായ നാലര മണിക്കൂര്‍ കഴിയാന്‍ സാധ്യതയുള്ളതിനാല്‍ പലപ്പോഴും ചികിത്സ വിജയിക്കില്ലായിരുന്നു. അതിനാല്‍ തന്നെ ഈ ചികിത്സാ വിജയം ഇവിടത്തെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകും.