Comprehensive change in the medical college emergency department

മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ സമഗ്ര മാറ്റം

അത്യാഹിത വിഭാഗത്തില്‍ സമയം വൈകാതിരിക്കാന്‍ പുതിയ സംവിധാനം

അടിയന്തര ചികിത്സാ വിഭാഗത്തില്‍ ചെസ്റ്റ് പെയിന്‍ ക്ലിനിക്ക്; അടിയന്തര ചികിത്സ വേണ്ടവര്‍ക്ക് ഉടനടി പരിശോധനകള്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെത്തുന്നവര്‍ക്ക് കാലതാമസമില്ലാതെ അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ പുതിയ സംവിധാനമേര്‍പ്പെടുത്തുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിരന്തര ഇടപെലുകളെ തുടര്‍ന്നാണ് പുതിയ സംവിധാനം വരുന്നത്. മെഡിക്കല്‍ കോളേജിന്റെ സേവനം മെച്ചപ്പെടുത്തുന്നതിന് ഒരു വിദഗ്ധ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റി അത്യാഹിത വിഭാഗത്തില്‍ ചികിത്സയ്‌ക്കെത്തുന്നവര്‍ക്ക് സമയം ഒട്ടും വൈകാതെ എങ്ങനെ ഫലപ്രദമായി ചികിത്സ ലഭ്യമാക്കാം എന്ന് പഠനം നടത്തി. ഇതിന്റെയടിസ്ഥാനത്തിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. അപകടത്തില്‍പെട്ട് വരുന്ന രോഗികള്‍ക്കും മറ്റ് രോഗങ്ങളുമായി വരുന്നവര്‍ക്കും ഈ സേവനം ലഭ്യമാകും. ഇവര്‍ക്കുള്ള സര്‍ജറി, തീവ്രപരിചരണം എന്നിവ ഒട്ടും കാലതാമസം വരുത്താതിരിക്കാനാണ് പുതിയ സംവിധാനം.

മന്ത്രിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ 24 മണിക്കൂറും സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതുകൂടാതെയാണ് പുതിയ സംവിധാനം വരുന്നത്. മെഡിക്കല്‍ കോളേജില്‍ ചെസ്റ്റ് പെയിന്‍ ക്ലിനിക് ആരംഭിക്കുന്നതാണ്. നെഞ്ച് വേദനയുമായും മറ്റ് ഹൃദസംബന്ധമായ അസുഖങ്ങളുമായും വരുന്നവര്‍ക്ക് ഉടനടി ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇവരെ പെട്ടന്ന് കാര്‍ഡിയോളജി വിഭാഗത്തിലേക്ക് മാറ്റി അടിയന്തര ചികിത്സ നല്‍കും. കാലതാമസമില്ലാതെ ആവശ്യമായവര്‍ക്ക് ഐ.സി.യു, ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി ചികിത്സകള്‍ നല്‍കും.

ഇതുകൂടാതെ അപകടങ്ങളില്‍പ്പെട്ട് അതീവ ഗുരുതരാവസ്ഥയില്‍ എത്തുന്ന രോഗികള്‍ക്ക് ചികിത്സ ഒട്ടും വൈകാതിരിക്കാന്‍ ചുവപ്പ് ടാഗ് നല്‍കും. ചുവപ്പ് ടാഗ് ഉള്ളവര്‍ക്ക് എക്‌സ്‌റേ, സ്‌കാന്‍ തുടങ്ങിയ പരിശോധനകള്‍ക്കുള്‍പ്പെടെ ക്യൂ ഇല്ലാതെ ആദ്യ പരിഗണന നല്‍കും. സര്‍ജറി വിഭാഗത്തിന് കീഴില്‍ മറ്റ് വിഭാഗങ്ങളുടെ സഹകരണത്തോടെ ഉടനടി വിദഗ്ധ ചികിത്സ ഉറപ്പാക്കും. ശസ്ത്രക്രിയ വേണ്ടവര്‍ക്ക് അടിയന്തരമായി ശസ്ത്രക്രിയയും നടത്തും.