ബിജുവിന്റെ കുടുംബത്തെ മന്ത്രി വീണാ ജോര്‍ജ് ആദരവറിയിച്ചു
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം പെരുകാവ് സ്വദേശി ബിജു കുമാറിന്റെ (44) അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധരായ കുടുംബത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫോണില്‍ വിളിച്ച് ആദരവറിയിച്ചു. മലയാള മനോരമയില്‍ ഡിടിപി ഓപ്പറേറ്ററാണ് ബിജു കുമാര്‍. മാധ്യമ സ്ഥാപനത്തിലെ പ്രവര്‍ത്തകന്റെ വിയോഗത്തില്‍ അവയവദാനത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞ് അവയവദാനത്തിനായി മുന്നോട്ട് വന്നത് വളരെ വലിയ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്. ബിജുവിന്റെ ബന്ധുവും മാധ്യമ പ്രവര്‍ത്തകനാണ്. ഏറെ വിഷമാവസ്ഥയിലും അവയവദാനത്തിന് മുന്നോട്ടുവന്ന കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഒരു പോലെ പ്രകീര്‍ത്തിക്കുന്നതായും മന്ത്രി അറിയിച്ചു.
നാലു ദിവസം മുന്‍പാണ് ബിജുവിന് ഹൃദയാഘാതം സംഭവിച്ചത്. ഉടന്‍ തന്നെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധത അറിയിയിച്ചു. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എന്‍.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ നടന്നുവരുന്നത്. ഭാര്യ : മീര. ഏക മകള്‍ ശ്രീനന്ദന പട്ടം സെന്റ് മേരീസ് സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.