Flyover at Thiruvananthapuram Medical College will become a reality

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ -ഫ്‌ളൈ ഓവര്‍ യാഥാര്‍ത്ഥ്യമാകുന്നു 

മെഡിക്കല്‍ കോളേജിലെ യാത്രാക്ലേശത്തിന് പരിഹാരം;മന്ത്രി വീണാ ജോര്‍ജ് ഫ്‌ളൈ ഓവര്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന ഫ്‌ളൈ ഓവര്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ഫ്‌ളൈ ഓവറിന്റെ ഫിനിഷിംഗ് ജോലികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം ജനങ്ങള്‍ക്ക് തുറന്നുകൊടുക്കും . മെഡിക്കല്‍ കോളേജിലെത്തുന്ന ജനങ്ങളുടേയും ജീവനക്കാരുടേയും ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഇതിലൂടെ സാക്ഷാത്ക്കരിക്കുന്നത്. മെഡിക്കല്‍ കോളേജ് കാമ്പസിലെ യാത്രാക്ലേശം ഇതോടെ വലിയ അളവുവരെ പരിഹരിക്കാന്‍ സാധിക്കും. മെഡിക്കല്‍ കോളേജ് മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി 58 കോടി രൂപയുടെ ആദ്യഘട്ട വികസനപ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. റോഡ് മേല്‍പ്പാല നിര്‍മ്മാണത്തിന് 18.06 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കാമ്പസിലുള്ള 6 പ്രധാന റോഡുകളുടേയും പാലത്തിന്റേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പൂത്തിയാകുന്നത്.

മെഡിക്കല്‍ കോളേജ് ജംഗ്ഷനിലെ പിഎംആറിനും മെന്‍സ് ഹോസ്റ്റലിനും സമീപം മുതല്‍ ശ്രീ ചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മുന്‍വശം വരെ നീളം വരുന്നതാണ് പുതിയ ഫ്‌ളൈ ഓവര്‍. 96 മീറ്റര്‍ അപ്രോച്ച് റോഡ്‌ , 12 മീറ്ററാണ് വീതിയുള്ള മേല്‍പ്പാലം, മോട്ടോര്‍ വേ 7.05 മീറ്റര്‍ , വാക് വേ 04.05 മീറ്റര്‍ എന്നിവഅടങ്ങിയതാണ് മേല്‍പ്പാലം . ഇന്ത്യയില്‍ അപൂര്‍വമായിട്ടുള്ള ജോയിന്റ് ഫ്രീ മേല്‍പ്പാലമാണിത്. യൂണീഫോം സ്ലോപ്പിലാണ് ഈ മേല്‍പ്പാലം നിര്‍മ്മിച്ചിട്ടുള്ളത്.

എസ്.എ.ടി. ആശുപത്രി, നഴ്‌സിംഗ് കോളേജ്, എസ്.എസ്.ബി., ശ്രീചിത്ര, ആര്‍സിസി, മെഡിക്കല്‍ കോളേജ്, പ്രിന്‍സിപ്പല്‍ ഓഫീസ്, സി.ഡി.സി., പി.ഐ.പി.എം.എസ്. എന്നിവിടങ്ങളില്‍ തിരക്കില്‍പ്പെടാതെ നേരിട്ട് എത്താവുന്ന രീതിയിലാണ് പാലം സംവിധാനം ചെയ്തിരിക്കുന്നത്.പാലത്തിലൂടെ പ്രധാന ഗേറ്റുവഴി അത്യാഹിത വിഭാഗത്തിലും ആശുപത്രിയിലും എത്താന്‍ സാധിക്കും .