കോഴിക്കോട് മെഡിക്കല്‍ കോളേജിനെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് സജ്ജമാക്കും: മന്ത്രി വീണാ ജോര്‍ജ്
മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. കോട്ടയം മെഡിക്കല്‍ കോളേജില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സജ്ജീകരണം അന്തിമഘട്ടത്തിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലും കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കാവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന അവലോകന യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
നിലവിലെ അത്യാഹിത വിഭാഗം പുതിയ ബ്ലോക്കിലേക്ക് ഉടനടി മാറി എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ആരംഭിക്കാനും നിര്‍ദേശം നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിയോനെറ്റോളജി വിഭാഗം ആരംഭിക്കും. പിഡബ്ല്യുഡി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തി. പൊതുമരാമത്ത് മന്ത്രിയുടെ സാന്നിധ്യത്തില്‍ കൂടി ചര്‍ച്ച നടത്താനും തീരുമാനിച്ചു.
കോഴിക്കോടുള്ള ജെന്‍ഡര്‍പാര്‍ക്ക്, മാനസികാരോഗ്യ കേന്ദ്രം എന്നിവ മന്ത്രി സന്ദര്‍ശിച്ചു. ജീവനക്കാരുമായി ആശയവിനിമയം നടത്തി. മാനസികാരോഗ്യ കേന്ദ്രത്തിലെ വാര്‍ഡുകള്‍ നോക്കിക്കാണുകയും സൗകര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു.