ഓപ്പറേഷന്‍ മത്സ്യ ആകെ 3645.88 കിലോ കേടായ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു
മീനിലെ മായം കണ്ടെത്തുന്നതിന് ആവിഷ്‌ക്കരിച്ച ‘ഓപ്പറേഷന്‍ മത്സ്യ’യിലൂടെ സംസ്ഥാന വ്യാപകമായി ഇന്ന് 108 പരിശോധനകള്‍ നടത്തി. പരിശോധനയുടെ ഭാഗമായി 76 മത്സ്യ സാമ്പിളുകള്‍ ശേഖരിച്ചു വിദഗ്ധ പരിശോധനയ്ക്കായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ലാബുകളിലേക്കു അയച്ചിട്ടുണ്ട്. ഇതുകൂടാതെ പരിശോധനയില്‍ നൂനതകള്‍ കണ്ടെത്തിയവര്‍ക്കെതിരായി 4 നോട്ടീസുകളും നല്‍കി. ഭക്ഷ്യസുരക്ഷാ സ്‌ക്വാഡ് റാപ്പിഡ് ഡിറ്റക്ഷന്‍ കിറ്റുകള്‍ ഉപയോഗിച്ച് 23 മത്സ്യ സാമ്പിളുകളില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയിട്ടുണ്ടോയെന്ന് പരിശോധന നടത്തി. ഈ പരിശോധനയില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ല.
ഇതുവരെ നടന്ന പരിശോധനയുടെ ഭാഗമായി 3645.88 കിലോ പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. പ്രധാന ചെക്ക്‌പോസ്റ്റുകള്‍, ഹാര്‍ബറുകള്‍ മത്സ്യ വിതരണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 1950 പരിശോധനയില്‍ 1105 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയിലേക്ക് അയയ്ക്കുകയും ചെയ്തു. റാപ്പിഡ് ഡിറ്റക്ഷന്‍ കിറ്റുകള്‍ ഉപയോഗിച്ച് പരിശോധന നടത്തിയ 613 പരിശോധനയില്‍ 9 സാമ്പിളുകളില്‍ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. മത്സ്യ വില്‍പന കേന്ദ്രങ്ങള്‍ മുതല്‍ പ്രധാന ലേല കേന്ദ്രങ്ങള്‍ വരെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഈ കാലയളവില്‍ പരിശോധന നടത്തി.
കുടിവെള്ളത്താല്‍ നിര്‍മ്മിച്ച ഐസില്‍ മീനിനു തുല്യമായ അളവില്‍ 1:1 അനുപാതം പാലിച്ച് മത്സ്യം സൂക്ഷിക്കണമെന്നതു സംബന്ധിച്ചും പരിശോധനാ വേളയില്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ മത്സ്യ വ്യാപാരികള്‍ക്ക് ബോധവല്‍ക്കരണം നല്‍കിവരുന്നു.