omicron today

 

പുതുവര്‍ഷത്തില്‍ അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പുതുവര്‍ഷാഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് പുതുവര്‍ഷത്തോടനുബന്ധിച്ച് രാത്രി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ കടകള്‍, ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ പോകുന്നവരും ജാഗ്രത പുലര്‍ത്തണം. സംസ്ഥാനത്ത് ഇതുവരെ 63 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. എറണാകുളം 25, തിരുവനന്തപുരം 18, പത്തനംതിട്ട 5, തൃശൂര്‍ 5, ആലപ്പുഴ 4, കണ്ണൂര്‍ 2, കൊല്ലം 1, കോട്ടയം 1, മലപ്പുറം 1, കോഴിക്കോട് 1 എന്നിങ്ങനെയാണ് ജില്ലകളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന 30 പേര്‍ക്കും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന 25 പേര്‍ക്കും ഒമിക്രോണ്‍ ബാധിച്ചു. 8 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതിനാല്‍ തന്നെ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ഗുരുതരാവസ്ഥ കുറവാണെങ്കിലും ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കുന്ന കോവിഡിന്റെ ജനിതക വകഭേദമാണ് ഒമിക്രോണ്‍. വ്യാപനം വളരെ കൂടുതലായതിനാല്‍ സംസ്ഥാനത്തെ സംബന്ധിച്ച് അത് വളരെ നിര്‍ണായകമാണ്. വയോജനങ്ങളും അനുബന്ധ രോഗങ്ങളുള്ളവരും ഇവിടെ കൂടുതലുള്ളതിനാല്‍ ഗുരുതര രോഗികളും മരണങ്ങളും കൂടുവാന്‍ സാധ്യതയുണ്ട്. ഒമിക്രോണ്‍ പ്രതിരോധത്തില്‍ കോവിഡ് വാക്‌സിനേഷന്‍ വളരെ പ്രധാനമാണ്. വാക്‌സിനെടുത്തവര്‍ക്ക് ഗുരുതരാവസ്ഥ കുറവാണ്. എങ്കിലും വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ വാക്‌സിന്‍ എടുത്തവര്‍ക്ക് കോവിഡ് വരുന്ന ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷനും കോവിഡ് വന്നവര്‍ക്ക് വീണ്ടും വരുന്ന റീ ഇന്‍ഫെക്ഷനും മറ്റ് വകഭേദങ്ങളെക്കാള്‍ കൂടുതലുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ സ്വയം പ്രതിരോധം ഏറെ പ്രധാനമാണ്.

ആരില്‍ നിന്നും രോഗം പകരാമെന്ന ഒരു പൊതുബോധം എല്ലാവര്‍ക്കും ഉണ്ടായിരിക്കണം. മാസ്‌ക്, വായൂ സഞ്ചാരമുള്ള മുറി, വാക്‌സിനേഷന്‍ എന്നിവ ഒമിക്രോണ്‍ പ്രതിരോധത്തില്‍ വളരെ പ്രധാനമാണ്. എന്‍ 95 മാസ്‌ക് ഒമിക്രോണിനെതിരെ ഫലപ്രദമായ പ്രതിരോധമൊരുക്കുന്നു. പൊതുയിടങ്ങളില്‍ എവിടെ പോകുമ്പോഴും എന്‍ 95 മാസ്‌ക് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. വായും മൂക്കും മൂടത്തക്ക വിധം മാസ്‌ക് ധരിക്കണം. മാസ്‌ക് താഴിത്തി സംസാരിക്കരുത്. അകലം പാലിക്കാതെയിരുന്ന് ഭക്ഷണം കഴിക്കരുത്.

വായൂ സഞ്ചാരമുള്ള മുറികള്‍ക്ക് പ്രാധാന്യം നല്‍കണം. ഓഫീസുകള്‍, തൊഴിലിടങ്ങള്‍, സ്‌കൂളുകള്‍, മാര്‍ക്കറ്റുകള്‍, കടകള്‍, പൊതുഗതാഗതം എന്നിവിടങ്ങളിലെല്ലാം വായൂ സഞ്ചാരം ഉറപ്പാക്കണം. അടച്ചിട്ട ഇടങ്ങളിലാണ് കോവിഡ് വേഗത്തില്‍ പകരുന്നത്. ഒമിക്രോണ്‍ സാധ്യതയുള്ളതിനാല്‍ ഇത് വളരെ വേഗത്തില്‍ പടരാന്‍ സാധ്യതയുണ്ട്. ഇടയ്ക്കിടയ്ക്ക് കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ചോ സോപ്പുപയോഗിച്ചോ വൃത്തിയാക്കണം. കടകളില്‍ പോകുന്നവര്‍ സാമൂഹിക അകലം പാലിക്കണം. ആള്‍ക്കൂട്ടത്തില്‍ പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കേണ്ടതാണ്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന നിരവധി പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ച സ്ഥിതിക്ക് അവരും ശ്രദ്ധിക്കണം. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന് സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 7 ദിവസം വീടുകളില്‍ കഴിയുന്നതാണ് നല്ലത്. ഒരു കാരണവശാലും പൊതു ചടങ്ങുകളില്‍ പങ്കെടുക്കുകയോ പൊതുഗതാഗതം ഉപയോഗിക്കയോ ചെയ്യരുത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരും ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ഉടന്‍ സ്വയം നിരീക്ഷണത്തില്‍ പോകേണ്ടതും ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും ചെയ്യേണ്ടതാണ്.

രോഗലക്ഷണങ്ങളുള്ളവര്‍ യാതൊരു കാരണവശാലും പൊതുയിടങ്ങള്‍ സന്ദര്‍ശിക്കുകയോ പൊതുചടങ്ങുകളില്‍ പങ്കെടുക്കുകയോ ചെയ്യരുതെന്നും മന്ത്രി പറഞ്ഞു.