Idamalakkudi and Chattamunnar hospitals will start functioning soon

ഇടമലക്കുടി, ചട്ടമൂന്നാര്‍ ആശുപത്രികള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും

ആവശ്യമായ 16 സ്ഥിരം തസ്തികകള്‍ അനുവദിച്ചു

ഇടുക്കി ജില്ലയിലെ ഇടമലക്കുടി, ചട്ടമൂന്നാര്‍ എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ ആശുപത്രികളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് ആശുപത്രികളിലും 8 വീതം സ്ഥിരം തസ്തികകള്‍ അനുവദിക്കുകയും ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിര്‍ദേശം നല്‍കുകയും ചെയ്തു. അസിസ്റ്റന്റ് സര്‍ജന്‍, സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, നഴ്‌സിംഗ് അസിസ്റ്റന്റ്, ഹോസ്പിറ്റര്‍ അറ്റന്‍ഡര്‍ ഗ്രേഡ്-2, എല്‍.ഡി. ക്ലാര്‍ക്ക്, പ്യൂണ്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നീ 8 തസ്തികകള്‍ക്കാണ് ഓരോ ആശുപത്രിക്കും അനുമതി നല്‍കി.

കേരളത്തിലെ ഏക ട്രൈബല്‍ പഞ്ചായത്തായ ഇടമലക്കുടിയില്‍ മികച്ച ചികിത്സാ സൗകര്യങ്ങളൊരുക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. വളരെയധികം യാത്രാക്ലേശമുള്ള ഇടമലക്കുടിയില്‍ ഈ ആശുപത്രികള്‍ പൂര്‍ണതോതില്‍ സജ്ജമാകുന്നതോടെ ഇവിടത്തെ ആദിവാസി ജനവിഭാഗങ്ങള്‍ക്ക് വളരെയധികം ആശ്വാസമാകും.