Ernakulam General Hospital to become the first heart transplant district hospital in the country

രാജ്യത്ത് ആദ്യമായി ഹൃദയം മാറ്റിവയ്ക്കുന്ന ജില്ലാതല ആശുപത്രിയായി മാറാൻ എറണാകുളം ജനറൽ ആശുപത്രി

എറണാകുളം ജനറൽ ആശുപത്രി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനുള്ള ലൈസൻസ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ സാന്നിധ്യത്തിൽ കെ സോട്ടോ എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ് എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ഷഹിർഷായ്ക്ക് കൈമാറി.

എത്രയും വേഗം ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. രാജ്യത്തിന് തന്നെ അഭിമാനകരമാണ് എറണാകുളം ജനറൽ ആശുപത്രി. രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത് ജനറൽ ആശുപത്രിയിലാണ്. ഹൃദയ ശസ്ത്രക്രിയാ വിദഗ്ധരുടെ സേവനം ലഭ്യമാക്കി രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയിൽ നെഞ്ച് തുറക്കാതെ വാൽവ് മാറ്റ ശസ്ത്രക്രിയ നടത്തി. ഇന്ത്യയിൽ ആദ്യമായി ഹൃദയ ശസ്ത്രക്രിയ നടത്തിയ ജില്ലാതല ആശുപത്രി കൂടിയാണ്. കാർഡിയോളജി ഉൾപ്പെടെ 7 സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ, 2 കാത്ത് ലാബുള്ള ആശുപത്രി, എൻ.എ.ബി.എച്ച്. അംഗീകാരം എന്നിവ ഈ ആശുപത്രിയുടെ പ്രത്യേകതകളാണ്. ഇത് കൂടാതെയാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് സർക്കാർ മേഖലയിൽ കോട്ടയം മെഡിക്കൽ കോളേജിലാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നത്. 10 ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളാണ് ഇവിടെ നടന്നത്. ഇതിന് പുറമേയാണ് എറണാകുളം ജനറൽ ആശുപത്രി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സജ്ജമാകുന്നത്. കാർഡിയോളജി യൂണിറ്റ്, കാർഡിയോളജി ഐസിയു, വെന്റിലേറ്റർ, സുസജ്ജമായ ട്രാൻസ്പ്ലാന്റ് സംവിധാനങ്ങൾ, അത്യാധുനിക ഓപ്പറേഷൻ തീയറ്റർ, ശസ്ത്രക്രിയ ഉപകരണങ്ങൾ, വിദഗ്ധ ഡോക്ടർമാർ തുടങ്ങിയവയൊക്കെ പരിഗണിച്ചാണ് ഒരു സ്ഥാപനത്തിന് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള ലൈസൻസ് നൽകുന്നത്.

ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഹാർട്ട് ഫെയ്‌ലർ ക്ലിനിക് ജനറൽ ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എല്ലാ ബുധനാഴ്ചകളിലുമാണ് ഈ ക്ലിനിക് പ്രവർത്തിച്ചു വരുന്നത്. മരുന്ന് കൊണ്ട് ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത, ഹൃദയത്തിന് തകരാറുള്ള രോഗികളെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ലിസ്റ്റ് ചെയ്യുന്നതാണ് ആദ്യ ഘട്ടം. ഇത് നടത്തുന്നത് ഹാർട്ട് ഫെയ്‌ലർ ക്ലിനിക്കിലാണ്. അത്തരം രോഗികൾക്ക് വിദഗ്ധ ചികിത്സ നൽകുന്നതിനോടൊപ്പം അവയവം മാറ്റിവയ്ക്കൽ നടപടിയിലേക്ക് കടക്കുന്നു. സംസ്ഥാന സർക്കാരിന്റെ അവയവദാന പ്രക്രിയ ഏകോപിപ്പിക്കുന്ന കെ സോട്ടോ വഴി മരണാനന്തര അവയവ ദാനത്തിലൂടെ ഹൃദയം ലഭ്യമാക്കാനായി രജിസ്റ്റർ ചെയ്യുന്നു. രോഗിയുടെ ഹൃദയത്തിന്റെ വലിപ്പം, മെഡിക്കൽ മാനദണ്ഡങ്ങൾ, ഹൃദയത്തിന്റെ ചേർച്ച എന്നിവ വിലയിരുത്തി അവയവം ലഭ്യമാകുന്ന മുറയ്ക്കാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നത്. വളരെയേറെ വെല്ലുവിളികളുള്ള ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ജനറൽ ആശുപത്രിയിൽ സജ്ജമാകുന്നതോടെ അതൊരു ചരിത്ര നിമിഷമാകും.