ഇ സഞ്ജീവനി വഴി എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍
ഇ സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്ഫോം വഴി ത്രിതല ഹബ്ബ് ആന്റ് സ്പോക്ക് സംവിധാനത്തിന് അനുമതിയായി . ഇതിലൂടെ മെഡിക്കല്‍ കോളേജുകളില്‍ പോകാതെ തന്നെ എവിടെ നിന്നും എല്ലാ സൂപ്പര്‍ സ്പെഷ്യലിറ്റി സേവനങ്ങളും എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്കും എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി സംസ്ഥാന തലത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒരു സംസ്ഥാനതല കമ്മറ്റിയും ജില്ലകളില്‍ ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ജില്ലാതല കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്. വരും ഘട്ടങ്ങളില്‍ കാസ്പുമായി ചേര്‍ന്ന് സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തവും ഉറപ്പാക്കാന്‍ സാധിക്കും. മെഡിക്കല്‍ കോളേജുകള്‍ ഇല്ലാത്ത ജില്ലകളില്‍ സ്വകാര്യ സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനം ഉപയോഗിക്കാവുന്നതാണ്.
ഇ സഞ്ജീവനി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനത്തിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. ജില്ലാ ജനറല്‍ ആശുപത്രികള്‍ മുഖേന സ്പെഷ്യാലിറ്റി സേവനങ്ങളും മെഡിക്കല്‍ കോളേജുകള്‍ വഴി സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങളുമാണ് ലഭ്യമാക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രങ്ങളും, അര്‍ബന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സ്പോക്കായാണ് പ്രവര്‍ത്തിക്കുക. ജില്ലാ, ജനറല്‍ ആശുപത്രികളും, മെഡിക്കല്‍ കോളേജുകളും ഹബ്ബായിട്ടും പ്രവര്‍ത്തിക്കും. ആദ്യമായി സ്പോക് ആശുപത്രിയിലെ ഡോക്ടര്‍ പ്രാഥമിക പരിശോധന നടത്തും. ആ രോഗിയെ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ക്ക് റെഫര്‍ ചെയ്യേണ്ട സാഹചര്യം ഉണ്ടെങ്കില്‍ ജില്ലാ, ജനറല്‍, മെഡിക്കല്‍ കോളേജിലെ ഹബ്ബിലെ ഡോക്ടറിലേക്ക് ഡോക്ടര്‍ ടു ഡോക്ടര്‍ സേവനം വഴി കണക്ട് ചെയ്യുന്നതാണ്. ഇതിലൂടെ സ്പെഷ്യലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സയ്ക്ക് മെഡിക്കല്‍ കോളേജുകളിലേക്കും, ജില്ലാ ആശുപത്രികളിലേക്കും പോകാതെ തന്നെ വിദഗ്ധ ഡോക്ടറുടെ സേവനം ലഭ്യമാകുന്നതാണ്.
ഇതുവഴി ലഭിക്കുന്ന കുറുപ്പടി സര്‍ക്കാര്‍ ആശുപത്രി വഴി സൗജന്യമായി മരുന്നുകളും പരിശോധനകളും ലഭിക്കുന്നു. ഗൃഹ സന്ദര്‍ശനം നടത്തുന്ന പാലിയേറ്റീവ് കെയര്‍ സ്റ്റാഫ്, ആശവര്‍ക്കര്‍മാര്‍, സ്റ്റാഫ് നഴ്സുമാര്‍ എന്നിവര്‍ക്കും ഡോക്ടര്‍ ടു ഡോക്ടര്‍ വഴി ഡോക്ടര്‍മാരുടെ സേവനം രോഗികള്‍ക്ക് നല്‍കാവുന്നതാണ്. നിലവില്‍ ഡോക്ടര്‍ ടു ഡോക്ടര്‍ വഴി അയ്യായിരത്തോളം കണ്‍സള്‍ട്ടേഷനുകളാണ് പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. എല്ലാ ആശുപത്രികളില്‍ നിന്നും ജനങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ഇ സഞ്ജീവനി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ക്ക് ലഭിക്കുന്നത്. ഇതിന്റെ വിജയത്തെ തുടര്‍ന്നാണ് ഹബ്ബ് ആന്റ് സ്പോക്ക് സംവിധാനം സംസ്ഥാന വ്യാപകമാക്കുന്നത്.
എല്ലാ ജില്ലകളിലും ഇത്തരത്തില്‍ വേഗത്തില്‍ തന്നെ ഹബ്ബുകളും സ്പോക്കുകളും തയ്യാറാക്കുന്നതാണ്. ഇതുകൂടാതെ പേഷ്യന്റ് ടു ഡോക്ടര്‍ സേവനങ്ങളും ഇ സഞ്ജീവനി വഴി ലഭ്യമാണ്. പൊതുജനങ്ങള്‍ക്ക് അവരുടെ വീടുകളില്‍ നിന്നുതന്നെ ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍, ഇ സഞ്ജീവിനി വഴി 4 ലക്ഷത്തോളം കണ്‍സള്‍ട്ടേഷനുകളാണ് നല്‍കിയത്. ആരോഗ്യ വകുപ്പിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്കുന്ന 35ല്‍ പരം സ്പെഷ്യാലിറ്റി ഒപികള്‍ ഇ സഞ്ജീവനി ഒപിഡിയില്‍ ലഭ്യമാണ്. ഈ സേവനങ്ങള്‍ എല്ലാവരും ഉപയോഗപ്പെടുത്തണം.