Biryani, Anganwadi food menu, egg, milk and Kunjus card gain national attention

ദേശീയ ശ്രദ്ധ നേടി ബിരിയാണിയും അങ്കണവാടി ഭക്ഷണ മെനുവും മുട്ടയും പാലും കുഞ്ഞൂസ് കാര്‍ഡും

ദേശീയ സെമിനാറില്‍ ബെസ്റ്റ് പ്രാക്ടീസസായി അവതരിപ്പിച്ച് കേരളത്തിന്റെ പദ്ധതികള്‍

സംസ്ഥാന വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന അങ്കണവാടി ഭക്ഷണ മെനുവും മുട്ടയും പാലും നല്‍കുന്ന പോഷകബാല്യം പദ്ധതിയും കുഞ്ഞൂസ് കാര്‍ഡും രാജ്യത്തെ മികച്ച ബെസ്റ്റ് പ്രാക്ടീസസ് പദ്ധതികളുടെ കൂട്ടത്തില്‍ അവതരിപ്പിച്ചു. ചീഫ് സെക്രട്ടറിമാരുടെ മീറ്റിംഗിന് മുന്നോടിയായി സംഘടിപ്പിച്ച സെമിനാറിലാണ് ബെസ്റ്റ് പ്രാക്ടീസ് പദ്ധതിയായി സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ പദ്ധതികള്‍ അവതരിപ്പിച്ചത്. വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫാണ് പ്രസന്റേഷന്‍ നടത്തിയത്.
കുട്ടികളുടെ ക്ഷേമത്തിനായി വനിത ശിശുവികസന വകുപ്പ് നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഈ സര്‍ക്കാരിന്റെ കാലത്ത് വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കിയ പ്രധാന പദ്ധതികളാണ് മുട്ടയും പാലും നല്‍കുന്ന പോഷകബാല്യം പദ്ധതിയും അങ്കണവാടി ഭക്ഷണ മെനുവും കുഞ്ഞൂസ് കാര്‍ഡും. ആഴ്ചയില്‍ 2 ദിവസം ആരംഭിച്ച മുട്ടയും പാലും പദ്ധതി ആഴ്ചയില്‍ മൂന്ന് ദിവസമാക്കി.

അങ്കണവാടി പ്രീസ്‌കൂള്‍ കുട്ടികളുടെ വികാസ മേഖലകളുടെ പുരോഗതി വിലയിരുത്തുന്നതിനായാണ് ‘കുഞ്ഞൂസ് കാര്‍ഡ്’ വനിത ശിശു വികസന വകുപ്പ് പുറത്തിറക്കിയത്. വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ശിശുരോഗ വിദഗ്ധരും തിരുവനന്തപുരം സിഡിസിയിലെ വിദഗ്ധരും ഉള്‍പ്പെടുന്ന ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിച്ചാണ് ഇത്തരമൊരു കാര്‍ഡ് പുറത്തിറക്കിയത്.

അങ്കണവാടിയില്‍ ബിരിയാണി തുടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ആദ്യമായി ഏകീകൃത മാതൃകാ ഭക്ഷണമെനു തയ്യാറാക്കിയത്. പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ചുകൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡ പ്രകാരം വളര്‍ച്ചയ്ക്ക് സഹായകമായ ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തി രുചികരമാക്കിയാണ് ഭക്ഷണ മെനു തയ്യാറാക്കിയത്. മുട്ട ബിരിയാണി, പുലാവ് ഒക്കെ ഉള്‍പ്പെടുത്തിയാണ് മെനു ക്രമീകരിച്ചിട്ടുള്ളത്.

2024ല്‍ ജെന്‍ഡര്‍ ഓഡിറ്റ് നടത്തിയ കുട്ടികളുടെ പ്രവര്‍ത്തന പുസ്തകമായ അങ്കണപ്പൂമഴ, അങ്കണവാടി അധ്യാപന സഹായി അങ്കണതൈമാവ്, വിക്‌ടേഴ്‌സ് ചാനല്‍ വഴി സംപ്രേക്ഷണം ചെയ്യുന്ന കിളിക്കൊഞ്ചല്‍, ഗോത്രവിഭാഗത്തിലെ കുട്ടികള്‍ക്ക് വേണ്ടി അങ്കണതൈമാവ് ആധാരമാക്കി തയ്യാറാക്കിയ പിക്ചര്‍ ഡിക്ഷണറി, കുഞ്ഞുങ്ങളുടെ ആദ്യ 1000 ദിനങ്ങള്‍, സ്‌പെഷ്യല്‍ അങ്കണവാടി, ട്രിവാന്‍ഡ്രം ഡെവലപ്‌മെന്റ് മോണിറ്ററിംഗ് കാര്‍ഡ് എന്നിവയും അവതരിപ്പിച്ചു.