ഹീമോഫീലിയ രോഗികൾക്ക് നൂതന ചികിത്സ സംവിധാനം : 18 വയസിന് താഴെയുള്ള മുഴുവൻ കുട്ടുകൾക്കും എമിസിസുമാബ് ചികിത്സ
ഹീമോഫീലിയ (രക്തം കട്ടപിടിക്കുന്നതിന് പ്രയാസം നേരിടുന്ന രോഗം) ബാധിതർക്കുള്ള നൂതന ചികിത്സയായ എമിസിസുമാബ് ചികിത്സ 18 വയസിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും ലഭ്യമാക്കുന്നതിനുള്ള പദ്ധതിയുമായി ആരോഗ്യ വകുപ്പ്. ഹീമോഫിലിയ രോഗികൾക്ക് രക്തസ്രാവവും അംഗവൈകല്യങ്ങളും ഇല്ലാത്ത ജീവിതം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഹീമോഫിലിയ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ ആശാധാര പദ്ധതിയിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. വിലയേറിയതും നൂതനവുമായ എമിസിസുമാബ് പ്രൊഫൈലാക്സിസ് ഡോസ് മാസത്തിലൊരിക്കൽ മാത്രം എടുത്താൽ മതിയാകും. ഏകദേശം 300 ഓളം കുട്ടികൾക്ക് ഇതിന്റെ ഫലം ലഭിക്കും. ഇന്ത്യയിൽ തന്നെ ഇതാദ്യമായാണ് പ്രൊഫിലാക്സിസ് ചികിത്സ ഇത്രയധികം രോഗികൾക്ക് ചികിത്സ ലഭ്യമാക്കുന്നത്.
ഹീമോഫീലിയ ബാധിതരിൽ രക്തസ്രാവം തടയാൻ ഉപയോഗിക്കുന്ന ആൻ്റിബോഡിയാണ് എമിസിസുമാബ് പ്രോഫിലാക്സിസ്. ഇത് രക്തം കട്ടപിടിക്കാൻ സഹായിക്കുകയും രക്തസ്രാവം മൂലമുള്ള സങ്കീർണതകളെ ലഘൂകരിക്കുകയും ചെയ്യുന്നു. ഹീമോഫിലിയ ചികിത്സയിൽ ഗോൾഡ് സ്റ്റാഡേർഡ് എന്നറിയപ്പെടുന്ന പ്രൊഫിലാക്സിസ് (പ്രതിരോധ ചികിത്സ) പത്ത് വയസുവരെയുള്ള കുട്ടികൾക്ക് 2021 മുതൽ നൽകി വരുന്നുണ്ട്. കഴിഞ്ഞ 3 വർഷത്തെ ചികിത്സയുടെ ഫലപ്രാപ്തിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ രോഗികൾക്ക് പ്രയോജനകരമാകുന്ന തരത്തിൽ 18 വയസിൽ താഴെയുള്ള മുഴുവൻ രോഗികൾക്കും മരുന്ന് നൽകുവാൻ തീരുമാനിച്ചത്. ഈ മരുന്നിലേക്ക് മാറുന്നത് വഴി ആഴ്ചയിൽ 2 തവണ വീതമുള്ള ആശുപത്രി സന്ദർശനവും ഞരമ്പിലൂടെയുള്ള ഇഞ്ചക്ഷനുകളുടെ കാഠിന്യവും അതിനോടനുബന്ധിച്ചുള്ള സ്കൂൾ മുടക്കങ്ങളും മാതാപിതാക്കളുടെ തൊഴിൽ നഷ്ടവും ഗണ്യമായി കുറയ്ക്കാനും അവരുടെ ജീവിതനിലവാരം ഉയർത്തുവാനും സാധിക്കും.
കേരളത്തിൽ ഹീമോഫിലിയ രോഗബാധിതരായ ഏകദേശം 2000ത്തോളം പേരാണ് ആശധാര പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മുൻകാലങ്ങളിൽ മെഡിക്കൽ കോളേജുകളിലും ആലുവ താലൂക്ക് ആശുപത്രിയിലും മാത്രം ലഭ്യമായിരുന്ന ചികിത്സയെ നിലവിൽ 72ൽ പരം ആശുപത്രികളിലേയ്ക്ക് വികേന്ദ്രികരിച്ചിട്ടുണ്ട്.