Kerala model for comprehensive health services, institutions queer-friendly

സമഗ്രാരോഗ്യ സേവനത്തിന് കേരള മാതൃക, സ്ഥാപനങ്ങൾ ക്വിയർ സൗഹൃദം

കേരളത്തിന്റെ ആരോഗ്യമേഖലയിൽ ഉൾക്കൊള്ളലിനെയും സമത്വത്തെയും മുൻനിർത്തി പുതിയൊരു അധ്യായത്തിന് തുടക്കമായി. ക്വിയർ സമൂഹത്തെയും ട്രാൻസ്ജെൻഡർ വ്യക്തികളെയും പൊതുആരോഗ്യ സംവിധാനത്തിന്റെ ഭാഗമാക്കുക്കയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ക്വിയർ സൗഹൃദ ആരോഗ്യസ്ഥാപനങ്ങൾ ആരംഭിക്കുന്നു. ഈ ദൗത്യത്തിന്റെ ആദ്യപടിയായി എറണാകുളം ജനറൽ ആശുപത്രിയെ ക്വിയർ സൗഹൃദ ആശുപത്രിയായി പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ആരോഗ്യസ്ഥാപനങ്ങൾ ക്വിയർ സൗഹൃദ ആരോഗ്യകേന്ദ്രങ്ങളായി പ്രഖ്യാപിക്കും.

എല്ലാവർക്കും വേർതിരിവില്ലാതെ ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുക, ആരോഗ്യമേഖലയിലെ ജീവനക്കാരെ ബോധവൽക്കരിക്കുക, സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി സമഗ്രാരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

എല്ലാ വിഭാഗങ്ങളെയും ബഹുമാനത്തോടെയും കരുതലോടെയും ഉൾക്കൊള്ളുന്ന ആരോഗ്യസംവിധാനം സൃഷ്ടിക്കാനുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധതയെ പ്രതിനിധാനം ചെയ്യുന്നതാണ് ക്വിയർ സൗഹൃദ ആരോഗ്യസ്ഥാപനങ്ങളുടെ ആരംഭം.