വയനാട്, ദുരിത ബാധിതർക്ക് കാഴ്ച ഉറപ്പാക്കി കണ്ണടകൾ നൽകും
വയനാട് ദുരന്ത മേഖലയിൽ നേത്രാരോഗ്യം ഉറപ്പ് വരുത്താനായി ആരോഗ്യ വകുപ്പ് കണ്ണ് പരിശോധന നടത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കി വരികയാണ്. ഇതുവരെ 360 പേരെ പരിശോധിച്ചു. 171 പേർക്ക് കണ്ണടകൾ വേണമെന്ന് കണ്ടെത്തി. അതിൽ 34 പേർക്ക് കണ്ണട നൽകിയിട്ടുണ്ട്. ആവശ്യമായ മുഴുവൻ പേർക്കും ചികിത്സ ഉറപ്പാക്കും.
വിദഗ്ധ ചികിത്സയ്ക്കായി സൂപ്പർ സ്‌പെഷ്യാലിറ്റി ടെലി കൺസൾട്ടേഷൻ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാനതല ജില്ലാതല ഉദ്യോഗസ്ഥർ ചെക്ക് ലിസ്റ്റ് ഉറപ്പാക്കാൻ ക്യാമ്പുകൾ സന്ദർശിച്ചു. മാനസികാരോഗ്യം ഉറപ്പാക്കാനായി വ്യക്തിഗത കൗൺസിലിംഗും ഗ്രൂപ്പ് കൗൺസിലിംഗും നൽകി വരുന്നു. 97 അംഗ ടീം 15 ക്യാമ്പുകളും വീടുകളും സന്ദർശിച്ചു. 350 പേർക്ക് ഗ്രൂപ്പ് കൗൺസിലിംഗും 508 പേർക്ക് സൈക്കോസോഷ്യൽ ഇന്റർവെൻഷനും 53 പേർക്ക് ഫാർമക്കോ തെറാപ്പിയും നൽകി. ഫീൽഡുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ജെ.എച്ച്.ഐ., ജെ.പി.എച്ച്.എൻ., എം.എൽ.എസ്.പി., ഡി.സി.പി.ഒ., ഐ.സി.ഡി.എസ്. പ്രോഗ്രാം ഓഫീസർമാർ എന്നിവരുടെ യോഗം വിളിച്ചു ചേർത്തു.