Reproductive Medicine Department with a success rate of 40 to 50 percent

വന്ധ്യതാ ചികിത്സാ രംഗത്ത് അഭിമാനം: ഐ.വി.എഫ്. ചികിത്സയിലൂടെ 500ഓളം കുഞ്ഞുങ്ങളെ സമ്മാനിച്ച് എസ്.എ.ടി. ആശുപത്രി

40 മുതൽ 50 വരെ ശതമാനം വിജയ നിരക്കുമായി റീപ്രൊഡക്ടീവ് മെഡിസിൻ വിഭാഗം

ഒരു കുഞ്ഞ് ഉണ്ടാകുക എന്നത് ഏതൊരു ദമ്പതിയുടേയും സ്വപ്നമാണ്. പല കാരണങ്ങളാൽ കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാർക്ക് ആശ്രയ കേന്ദ്രമായി മാറുകയാണ് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെ റീപ്രൊഡക്ടീവ് മെഡിസിൻ വിഭാഗം. കുട്ടികളുണ്ടാകില്ലെന്ന് കരുതി പ്രയാസപ്പെട്ടിരുന്നവർക്ക് അത്യാധുനിക ഐവിഎഫ് ചികിത്സയിലൂടെ 500ഓളം കുഞ്ഞുങ്ങളെയാണ് സമ്മാനിച്ചിരിക്കുന്നത്. ഇതുകൂടാതെ മറ്റ് വന്ധ്യതാ ചികിത്സകൾ വഴി അനേകം കുഞ്ഞുങ്ങളേയും സമ്മാനിച്ചിട്ടുണ്ട്. കേരളത്തിനകത്തും പുറത്ത് നിന്നും എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് എത്തിയ ദമ്പതിമാരുമുണ്ട് അക്കൂട്ടത്തിൽ. ഹോർമോൺ ചികിത്സ, സർജറി, അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി ഉപയോഗിച്ചുള്ള ഐവിഎഫ് (ഇൻ വിട്രോ ഫെർട്ടിലൈസേഷൻ), ഇൻട്രാസൈറ്റോപ്ലാസ്മിക് സ്‌പേം ഇൻജക്ഷൻ (ഐസിഎസ്‌ഐ) തുടങ്ങി വൻകിട കോർപറേറ്റ് ആശുപത്രികളെ പോലും വെല്ലുന്ന സംവിധാനങ്ങളാണ് എസ്.എ.ടി. ആശുപത്രിയിൽ സജ്ജമാക്കിയിരിക്കുന്നത്. ആഗോളതലത്തിലേത് പോലെ 40 മുതൽ 50 ശതമാനം വരെ വിജയ ശതമാനം ഉയർത്താൻ എസ്.എ.ടി. ആശുപത്രിയ്ക്കായിട്ടുണ്ട്.

വന്ധ്യതാ ചികിത്സാ രംഗത്ത് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ചികിത്സയിലൂടെ കുഞ്ഞുങ്ങൾക്കായി ശ്രമിക്കുന്ന, കുഞ്ഞുങ്ങൾക്കായി കാത്തിരിക്കുന്ന ധാരാളം ദമ്പതിമാർ നമ്മുടെയിടയിലുണ്ട്. സ്വകാര്യ മേഖലയിൽ വലിയ ചെലവുവരുന്ന ഈ ചികിത്സ സാധാരണക്കാർക്കും പ്രാപ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിനായി അത്യാധുനിക സംവിധാനങ്ങളാണ് വന്ധ്യതാ ചികിത്സാ ക്ലിനിക്കുകളിൽ സ്ഥാപിച്ച് വരുന്നത്. പുതിയ തസ്തികകളും സൃഷ്ടിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ റീപ്രൊഡക്ടീവ് മെഡിസിൻ വിഭാഗവും കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ റീപ്രൊഡക്ടീവ് മെഡിസിൻ യൂണിറ്റുകളും പ്രവർത്തിച്ചു വരുന്നു. ഇത് കൂടാതെ ആരോഗ്യ വകുപ്പിന് കീഴിലെ പ്രധാനപ്പെട്ട മാതൃ ശിശു ആശുപത്രികളിലും ഇൻഫെർട്ടിലിറ്റി ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ റീപ്രൊഡക്ടീവ് മെഡിസിനിൽ കോഴ്‌സും നടക്കുന്നുണ്ട്. ഇതിലൂടെ ഈ രംഗത്ത് കൂടുതൽ വിദഗ്ധരെ സൃഷ്ടിക്കാൻ സാധിക്കുന്നു. വിജയകരമായ മാതൃക തീർത്ത എസ്.എ.ടി. ആശുപത്രിയിലെ റീപ്രൊഡക്ടീവ് മെഡിസിനിലെ മുഴുവൻ ടീമിനേയും മന്ത്രി അഭിനന്ദിച്ചു.

ഇന്ത്യയിൽ സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള ആദ്യത്തെ ഐ.വി.എഫ്. സംരംഭമാണ് എസ്.എ.ടി. ആശുപത്രിയിലെ റീപ്രൊഡക്ടീവ് മെഡിസിൻ വിഭാഗം. 2012ലാണ് ഈ കേന്ദ്രം ആരംഭിച്ചത്. ഹിസ്റ്ററോസ്‌കോപ്പി, ഇൻക്യുബേറ്റർ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ ഈ സർക്കാരിന്റെ കാലത്ത് സജ്ജമാക്കി. 5 ഡോക്ടർമാരുടെ തസ്തികകൾ കൂടി സൃഷ്ടിച്ചു. ഐവിഎഫ് തീയറ്ററും, ലാപ്രോസ്‌കോപ്പി തീയറ്ററും പരിശോധനകൾക്കായി ഐവിഎഫ് ലാബും ആൻഡ്രോളജി ലാബും നിലവിലുണ്ട്. കാൻസർ രോഗികൾക്ക് കീമോതെറാപ്പിക്കോ റേഡിയേഷനോ മുമ്പ് അണ്ഡം, ബീജം, ഭ്രൂണം എന്നിവ സൂക്ഷിച്ച് വയ്ക്കാൻ കഴിയുന്ന ശീതീകരണ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. ഇത് കൂടാതെ കാൻസറോ മറ്റ് രോഗങ്ങളോ ബാധിച്ചവർക്ക് അണ്ഡം സൂക്ഷിച്ച് വയ്ക്കാനുള്ള ഫെർട്ടിലിറ്റി പ്രിസർവേഷൻ പ്രോഗാം അടുത്തിടെ ആരംഭിച്ചിട്ടുണ്ട്.

തിങ്കൾ മുതൽ ശനി വരെയാണ് ഒപി സേവനമുള്ളത്. ദമ്പതികൾ ഒരുമിച്ചാണ് ചികിത്സയ്ക്കായി എത്തേണ്ടത്. കൗൺസിലിംഗ് ഉൾപ്പെടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഇവിടത്തെ ചികിത്സ. എസ്.എ.ടി.യിലെ റീപ്രൊഡക്ടീവ് മെഡിസിൻ വിഭാഗത്തെ കൂടുതൽ ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ കൂടുതൽ ദമ്പതിമാർക്ക് ആശ്വാസമേകാൻ സാധിക്കും.