1340 food safety inspections were conducted at the New Year market

പുതുവത്സര വിപണിയിൽ 1340 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ നടത്തി

മാനദണ്ഡങ്ങൾ പാലിക്കാത്ത 21 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

പുതുവത്സര വിപണിയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് 1340 പ്രത്യേക പരിശോധനകൾ നടത്തി. ക്രിസ്തുമസിനോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി 252 സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ നടത്തിയ 2861 പരിശോധനകൾ കൂടാതെയാണിത്. 109 പ്രത്യേക സ്‌ക്വാഡുകളാണ് പുതുവത്സര വിപണിയിൽ പരിശോധനകൾ നടത്തിയത്. മാനദണ്ഡങ്ങൾ പാലിക്കാത്ത 21 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. 182 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 109 കോമ്പൗണ്ടിംഗ് നോട്ടീസും നൽകി. 39 സ്റ്റ്യാറ്റിയൂട്ടറി സാമ്പിളുകളും 284 സർവൈലൻസ് സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചു. ഭക്ഷ്യ സുരക്ഷാ പരിശോധനകൾ കർശനമായി തുടരും.

പുതുവത്സര വിപണിയിൽ കൂടുതൽ വിറ്റഴിക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ശക്തമായ പരിശോധനകളാണ് നടത്തിയത്. കേക്ക്, വൈൻ, മറ്റുള്ള ബേക്കറി വസ്തുക്കൾ നിർമ്മിക്കുന്ന ബോർമകൾ, ബേക്കറി, മറ്റ് ചെറുകിട സംരംഭങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക പരിശോധനകൾ നടത്തി. കേക്ക്, കേക്ക് നിർമ്മാണത്തിന് ഉപയോഗിക്കുന്ന വിവിധ അസംസ്‌കൃത വസ്തുക്കൾ, ഐസ്‌ക്രീം, ശർക്കര, വെളിച്ചെണ്ണ തുടങ്ങിയവ പരിശോധനയ്ക്ക് വിധേയമാക്കി. കൂടാതെ മത്സ്യ, മാംസ ഉത്പ്പന്നങ്ങളുടെ വിപണന കേന്ദ്രങ്ങളും പരിശോധിച്ചു. മത്സ്യ മൊത്തക്കച്ചവട കേന്ദ്രങ്ങളിലും ഭക്ഷ്യ സുരക്ഷാ ഓഫീസർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചു.