തേജോമയ പദ്ധതി ഉത്പന്നങ്ങൾക്ക് പ്രത്യേക ലോഗോയും ബ്രാൻഡിംഗും
സംസ്ഥാന വനിതാശിശു വികസന വകുപ്പിന്റെ തേജോമയ പദ്ധതിയിലുൾപ്പെട്ട അതിജീവിതരായ കുട്ടികൾ നിർമ്മിക്കുന്ന ഉത്പന്നങ്ങളുടെ ബ്രാൻഡിംഗും പ്രത്യേക ലോഗോയുടെ പ്രകാശനവും നിർവഹിച്ചു.
ഈ ഉത്പന്നങ്ങൾ ഓൺലൈൻ വഴിയും മറ്റു മാർഗങ്ങളിലൂടെയും വിപണിയിലെത്തിച്ച് കുട്ടികളുടെ പുനരധിവാസത്തിന് വേണ്ടി ഒരു കോർപ്പസ് ഫണ്ട് രൂപീകരിക്കുന്നതിനുള്ള മാർഗരേഖ വനിത ശിശുവികസന വകുപ്പ് തയ്യാറാക്കി വരികയാണ്. ഈ ബ്രാൻഡിംഗിലൂടെ കുട്ടികൾ നിർമ്മിക്കുന്ന വിവിധതരം വസ്ത്രങ്ങളും ബാഗുകളും ബേക്കറി ഉത്പന്നങ്ങളും വിപണനം നടത്തും. എറണാകുളം കാക്കനാടുള്ള വകുപ്പിന്റെ തന്നെ കെട്ടിടത്തിൽ കുട്ടികൾക്ക് മെച്ചപ്പെട്ട രീതിയിൽ വിവിധതരം കൈത്തൊഴിലുകൾ പരിശീലിപ്പിക്കുന്നതിനും മെച്ചപ്പെട്ട വിപണന സാധ്യതകൾ നൽകുന്നതിനുമുള്ള നടപടികൾ പൂർത്തീകരിച്ചു വരുന്നു.
പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരും വീടുകളിലേക്ക് തിരിച്ച് പോകാൻ സാധിക്കാത്തതുമായ അതിജീവിതരായ പെൺകുട്ടികളുടെ ദീർഘകാല പുനരധിവാസം ലക്ഷ്യമാക്കിയാണ് വനിതാശിശു വികസന വകുപ്പിന് കീഴിലുള്ള നിർഭയ സെല്ലിന്റെ മേൽനോട്ടത്തിൽ തേജോമയ ഹോം പ്രവർത്തിച്ചു വരുന്നത്. എൻട്രി ഹോമുകൾ, മോഡൽ ഹോം എന്നിവിടങ്ങളിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കട്ടികൾകളിൽ അനുയോജ്യരായവരെ സൈക്കോളജിക്കൽ അസസ്മെന്റ് നടത്തി തെരഞ്ഞെടുക്കുകയും ഹോമിലെത്തിച്ച് ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ച് തൊഴിലധിഷ്ഠിത പരിശീലനം, ജീവിത നൈപുണ്യ പരിശീലനം എന്നിവ നൽകി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുവാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ ഇതുവരെ 20 കുട്ടികൾക്ക് പരിശീലനം നൽകി മുഖ്യധാരയിലേക്ക് എത്തിക്കുവാൻ സാധിച്ചിട്ടുണ്ട്. നിലവിൽ 19 കുട്ടികൾ തേജോമയ പദ്ധതിയ്ക്ക് കീഴിൽ പരിശീലനം നടത്തിവരുന്നു.