New building for Sakhi One Stop Center in Thiruvananthapuram

തിരുവനന്തപുരം സഖി വണ്‍ സ്റ്റോപ്പ് സെന്ററിന് പുതിയ കെട്ടിടം

തിരുവനന്തപുരത്ത് പൂജപ്പുരയില്‍ വനിത ശിശു വകുപ്പ് കോംപ്ലക്‌സിനകത്ത് പുതിയ സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ സ്ഥാപിച്ചു. 60 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമങ്ങള്‍ തടയുന്നതിനും അതിക്രമങ്ങള്‍ അതിജീവിച്ചവര്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ്, വൈദ്യസഹായം ചികിത്സ, നിയമസഹായം, പോലീസ് സംരക്ഷണം, സുരക്ഷിത അഭയം എന്നീ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍. വനിതാ ശിശു വികസന വകുപ്പ് മുഖേനയാണ് ഇത് നടപ്പിലാക്കുന്നത്. ഈ സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. നിലവില്‍ 14 ജില്ലകളിലും ഒരു വണ്‍ സ്റ്റോപ്പ് സെന്റര്‍ വീതമാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ എറണാകുളം, കോഴിക്കോട് ജില്ലകളില്‍ അഡീഷണല്‍ വണ്‍ സ്റ്റോപ്പ് സെന്ററുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നു.

കേരളത്തില്‍ 14 ജില്ലകളിലുമായി 22,850 സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വണ്‍ സ്റ്റോപ്പ് സെന്റര്‍ മുഖേന സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഫോളോ അപ്പ് നടപടികള്‍ ആവിശ്യമായ സാഹചര്യങ്ങളില്‍ അതും വണ്‍ സ്റ്റോപ്പ് സെന്റര്‍ മുഖാന്തിരം നടത്തിവരുന്നു. നിലവില്‍ തിരുവനന്തപുരം ജില്ലയില്‍ 2296 സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആണ് വണ്‍ സ്റ്റോപ്പ് സെന്റര്‍ മുഖേന സേവനം നല്‍കിയിട്ടുള്ളത്. 480 കേസുകള്‍ വിമന്‍സ് ഹെല്‍പ്പ് ലൈന്‍ (മിത്ര 181) മുഖേനയാണ് വന്നിട്ടുള്ളത്.