The first law in the country to be written entirely in the feminine gender

രാജ്യത്ത് ആദ്യമായി പൂർണമായും സ്ത്രീലിംഗത്തിൽ എഴുതപ്പെട്ട നിയമം

കേരളത്തിന്റെ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സമഗ്രമായ ഒരു നിയമം കേരള നിയമസഭ പാസാക്കി. ഏറെ വർഷങ്ങളായി കേരളത്തിന്റെ ആരോഗ്യ മേഖല ആഗ്രഹിച്ച ബില്ലാണിത്. 2023 ലെ കേരള പൊതുജനാരോഗ്യ നിയമം എന്നായിരിക്കും ഈ ബിൽ അറിയപ്പെടുക. പൊതുജനങ്ങൾ, ജനപ്രതിനിധികൾ, ആരോഗ്യ രംഗത്തെ വിദഗ്ധർ, ആരോഗ്യ മേഖലയിലെ വിവിധ സംഘടനകൾ മുതലായവരിൽ നിന്നും അഭിപ്രായങ്ങളും സ്വരൂപിച്ചാണ് നിയമസഭ സെലക്ട് കമ്മിറ്റി ബിൽ അന്തിമരൂപത്തിലാക്കിയത്. 15 അംഗങ്ങളാണ് സെലക്ട് കമ്മിറ്റിയിലുണ്ടായിരുന്നത്. പൊതുജനങ്ങളിൽ നിന്നുള്ള 4 സിറ്റിംഗുകൾ ഉൾപ്പെടെ 10 യോഗങ്ങൾ നടത്തി. 12 അധ്യായങ്ങളും 82 ഖണ്ഡങ്ങളുമുള്ള ബൃഹത്തായ ബില്ലാണിത്.

സംസ്ഥാനത്ത് രണ്ട് നിയമങ്ങളാണ് നിലവിലുണ്ടായിരുന്നത്. 1955ലെ ട്രാവൻകൂർ കൊച്ചിൻ ആക്ടും മദ്രാസ് മേഖലയിലെ 1939 ലെ മദ്രാസ് ഹോസ്പിറ്റൽ ആക്ടുമാണ് ഉണ്ടായിരുന്നത്. ഇങ്ങനെയൊരു ഏകീകൃത നിയമം വേണമെന്ന് പതിറ്റാണ്ടുകൾക്ക് മുമ്പേ ആഗ്രഹിച്ചതാണ്. നിലവിലുള്ള നിയമങ്ങളെ ഏകീകരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനുമായി ഒരു ഓർഡിനൻസ് 2021 ഫെബ്രുവരിയിൽ പുറപ്പെടുവിച്ചു. 2021 ഒക്‌ടോബർ നാലാം തീയതി ഒരു അസാധാരണ ഗസറ്റായി കേരള പൊതുജനാരോഗ്യ ബിൽ പ്രസിദ്ധീകരിക്കുകയും ആ ബിൽ 2021 ഒക്‌ടോബർ 27-ാം തീയതി സഭയിൽ അവതരിപ്പിക്കുകയും അന്നു തന്നെ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയക്കുകയും ചെയ്തു. പൊതുജനാരോഗ്യ രംഗത്തെ വെല്ലുവിളികൾ കണക്കിലെടുത്തും ബില്ലിലെ ചില വ്യവസ്ഥകളിൽ കാലികമായ മാറ്റം വേണമെന്ന് കണ്ടതിനാലുമാണ് നിയമസഭയുടെ സെലക്ട് കമ്മിറ്റിക്ക് വിട്ടത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലായി സിറ്റിംഗ് നടത്തി ജനങ്ങളിൽ നിന്നും ആരോഗ്യമേഖലയിൽ നിന്നുള്ളവരിൽ നിന്നും അഭിപ്രായങ്ങൾ തേടിയും തുടർന്ന് വിദഗ്ധർ പങ്കെടുത്തുകൊണ്ടുള്ള വർക്ക് ഷോപ്പ് നടത്തിയുമാണ് അഭിപ്രായങ്ങൾ ക്രോഡീകരിച്ചത്.

രാജ്യത്ത് പൂർണമായും സ്ത്രീലിംഗത്തിൽ എഴുതപ്പെട്ട ആദ്യ ബില്ലാണിത്. രാജ്യത്ത് നടപ്പിൽ വരുത്തിയിട്ടുള്ള എല്ലാ നിയമങ്ങളും പുല്ലിംഗത്തിലാണ് വിശേഷിപ്പിച്ചിട്ടുള്ളത്. എന്നാൽ ഈ ബില്ലിൽ അത് സ്ത്രീലിംഗമാണ് പ്രയോഗിച്ചിട്ടുള്ളത്. അതായത് സ്ത്രീലിംഗത്തിൽ പ്രയോഗിച്ചിരിക്കുന്നത് എല്ലാ ലിംഗക്കാരും ഉൾപ്പെടുന്നതാണ്. (ഉദാ: ഉടമസ്ഥ, ഉദ്യോഗസ്ഥ, രോഗമുക്ത…).

കാലാവസ്ഥ വ്യതിയാനത്തിന്റെയും, മനുഷ്യ-മൃഗ സമ്പർക്കത്തിന്റെയും ഭാഗമായി പുതിയ വൈറസുകളും രോഗാണുക്കളെയും പകർച്ച വ്യാധികളെയും മഹാമാരികളെയും പ്രതിരോധിക്കേണ്ടത് ആവശ്യമായി വരുന്നതും ജീവിതശൈലീ രോഗങ്ങളെ തടയേണ്ടതും ഉൾപ്പെടെയുള്ള കാഴ്ചപ്പാട് മുൻനിർത്തിയാണ് ഈ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കിയിരിക്കുന്നത്. മനുഷ്യന്റേയും പ്രകൃതിയുടേയും മൃഗങ്ങളുടേയും നിലനിൽപ്പ് അടിസ്ഥാനമാക്കി ഏകാരോഗ്യത്തിന് പ്രാധാന്യം നൽകി. വയോജനങ്ങൾ, ഭിന്നശേഷിക്കാർ, കിടപ്പ് രോഗികൾ, സ്ത്രീകൾ, കുട്ടികൾ, അതിഥിതൊഴിലാളികൾ തുടങ്ങി പ്രത്യേക പരിഗണന ആവശ്യമുള്ളവരെക്കൂടി മുന്നിൽ കണ്ടാണ് ബിൽ തയ്യാറാക്കിയത്.

ഏത് വ്യക്തിയ്ക്കും ഏത് അംഗീകൃത രജിസ്‌ട്രേഡ് മെഡിക്കൽ പ്രാക്ട്രീഷണറിൽ നിന്നും അംഗീകൃത ചികിത്സ തേടുന്നതിലും തടസമില്ല. അവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. ഒരു വ്യക്തിക്ക് ഏത് ചികിൽസാ രീതിയും തെരഞ്ഞെടുക്കുന്നതിന് ഈ ബിൽ തടസം നിൽക്കുന്നില്ല. വിജ്ഞാപനപ്പെടുത്തേണ്ട പകർച്ചവ്യാധികളിൽ നിന്നും ഒരാൾ മുക്തയായതായി ആ വ്യക്തിയെ ചികിൽസിച്ച മെഡിക്കൽ പ്രാക്ടീഷണർക്ക് തന്നെ ലാബ് പരിശോധനകൾ അടക്കം എല്ലാ പരിശോധനകളും നടത്തി രോഗമുക്തി സർട്ടിഫിക്കറ്റ് നിശ്ചിത മാതൃകയിൽ നൽകാവുന്നതാണ്.

പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സമഗ്രമായ കാര്യങ്ങൾ നിയമത്തിലുണ്ട്. ജലം, മാലിന്യം, പകർച്ചവ്യാധികൾ, കൊതുക് നിവാരണം, ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധം, ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് എന്നിവയും ബില്ലിലുണ്ട്. രോഗപ്രതിരോധ ശേഷി ഉറപ്പാക്കുന്നതിന് ആയുഷ് മേഖലയിലെ യോഗ മുതലായവയ്ക്കും പ്രാധാന്യം നൽകുന്നു.

പൊതുജനാരോഗ്യ അധികാരി എന്നത് മാറ്റി പബ്ലിക് ഹെൽത്ത് ഓഫീസർ എന്നാക്കി. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രാദേശിക തലത്തിലും പൊതുജനാരോഗ്യ സമിതിയും ഇതിന്റെ നിർവ്വഹണ ഉദ്യോഗസ്ഥൻ എന്ന നിലയിൽ പബ്ലിക് ഹെൽത്ത് ഓഫീസർമാർക്ക് ചുമതലകളും അധികാരങ്ങളും നൽകുകയാണ് ചെയ്തിരിക്കുന്നത്. സംസ്ഥാന പൊതുജനാരോഗ്യ സമിതിയുടെ അധ്യക്ഷ ആരോഗ്യമന്ത്രിയും ഉപാധ്യക്ഷ ആരോഗ്യവകുപ്പ് സെക്രട്ടറിയും, ആരോഗ്യവകുപ്പ് ഡയറക്ടർ മെമ്പർ സെക്രട്ടറിയുമാകുന്നു. ആരോഗ്യവകുപ്പ് ഡയക്ടർ സംസ്ഥാന പബ്ലിക് ഹെൽത്ത് ഓഫീസറുടെ ചുമതല വഹിക്കും.

ജില്ലകളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയും, ജില്ലാ കളക്ടർ ഉപാധ്യക്ഷയും, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) മെമ്പർ സെക്രട്ടറിയുമാകുന്നു. പ്രാദേശികതലത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയും, ഗ്രാമപഞ്ചായത്തിലെ ആരോഗ്യവകുപ്പിലെ മെഡിക്കൽ ഓഫീസർ മെമ്പർ സെക്രട്ടറിയുമായിരിക്കും. മുനിസിപ്പൽ, കോർപ്പറേഷൻ തലത്തിൽ മേയർ/മുനിസിപ്പൽ ചെയർമാൻ അധ്യക്ഷയും, ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ മെമ്പർ സെക്രട്ടറിയുമായിരിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ജില്ലാതലത്തിലുള്ള പബ്ലിക് ഹെൽത്ത് ഓഫീസറും തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസർ പ്രാദേശിക പബ്ലിക് ഹെൽത്ത് ഓഫീസറുമായിരിക്കും.