കുറഞ്ഞ ശിശുമരണ നിരക്ക് രേഖപ്പെടുത്തി വികസിത ലോക നിലവാരത്തിൽ കേരളം
മാതൃശിശു ആരോഗ്യ സംരക്ഷണത്തിൽ ആഗോള മാതൃക സൃഷ്ടിച്ച് രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണനിരക്ക് (IMR -5 ) രേഖപ്പെടുത്തി കേരളം. ഏറ്റവും പുതിയ സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പ്രകാരം, ഇന്ത്യയുടെ ദേശീയ ശരാശരി 25 ആയിരിക്കെ, വികസിത രാജ്യങ്ങൾക്കുപോലും മാതൃകയാക്കാവുന്ന നേട്ടമാണ് കേരളം കൈവരിച്ചത്. അമേരിക്കൻ ഐക്യനാടുകളുടെ ശിശുമരണനിരക്ക് 5.6 ആണെന്നത് ഈ നേട്ടത്തിന് പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
കൂടുതൽ വിശദമായ റിപ്പോർട്ടുകൾ പ്രകാരം, കേരളത്തിലെ നവജാത ശിശുമരണനിരക്ക് (NMR) 4-ൽ താഴെയെത്തി. രാജ്യത്തിൻ്റെ ശരാശരി 18 ആയിരിക്കെ, ഈ നേട്ടം വികസിത രാജ്യങ്ങളിലെ നിലവാരത്തിന് തുല്യമാണ്. 2021-ലെ 6-ൽ നിന്ന് 2023-ൽ 5 ആയി ശിശുമരണനിരക്ക് കുറയ്ക്കാൻ സാധിച്ചത് പൊതുജനാരോഗ്യരംഗത്തെ വലിയ മുന്നേറ്റമായി വിലയിരുത്തപ്പെടുന്നു.
ഈ നേട്ടം കൈവരിക്കുന്നതിനായി സർക്കാർ മാതൃശിശു സംരക്ഷണത്തിന് പ്രത്യേക മുൻഗണന നൽകിയുള്ള പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. സംസ്ഥാനത്തെ എല്ലാ പ്രസവാശുപത്രികളുടെയും നിലവാരം ഉയർത്തുന്നതിനായി നടപടികൾ സ്വീകരിക്കുകയും, ഇതിൻ്റെ ഭാഗമായി 16 ആശുപത്രികൾക്ക് ദേശീയ ലക്ഷ്യ ഗുണനിലവാര സർട്ടിഫിക്കേഷനും 6 ആശുപത്രികൾക്ക് ദേശീയ ‘മുസ്‌കാൻ’ അംഗീകാരവും ലഭിച്ചു. രാജ്യത്ത് ആദ്യമായി മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് നടപ്പാക്കിയതും, ജന്മവൈകല്യങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിക്കാൻ സഹായിക്കുന്ന സമഗ്ര ന്യൂബോൺ സ്‌ക്രീനിംഗ് പദ്ധതി ആരംഭിച്ചതും മാതൃശിശു ആരോഗ്യ സംരക്ഷണത്തിൽ കേരളം നടത്തിയ സുപ്രധാന ഇടപെടലുകൾ ആണ്.
കുഞ്ഞുങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി സർക്കാർ നിരവധി പദ്ധതികൾ നിലവിലുണ്ട് . ജന്മനായുള്ള ഹൃദയവൈകല്യങ്ങൾ കണ്ടെത്തി സൗജന്യ ശസ്ത്രക്രിയ നൽകുന്ന ഹൃദ്യം പദ്ധതി വഴി ഇതുവരെ 8,450 കുഞ്ഞുങ്ങൾക്ക് ചികിത്സ ലഭ്യമാക്കി. കുഞ്ഞുങ്ങളുടെ ആദ്യ 1,000 ദിവസങ്ങൾ പ്രത്യേക പരിചരണത്തിനായി പ്രഖ്യാപിച്ച പദ്ധതിയിലൂടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം ഉറപ്പാക്കി. പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി എല്ലാ സർക്കാർ ആശുപത്രികളിലും നടപ്പാക്കി. കൂടാതെ, അപൂർവ ജനിതക രോഗങ്ങൾക്ക് സൗജന്യ ചികിത്സാ സൗകര്യം ഒരുക്കി, ഇതുമായി ബന്ധപ്പെട്ട മരണങ്ങൾ ഗണ്യമായി കുറയ്ക്കാനും സാധിച്ചു.
നഗര-ഗ്രാമ ഭേദമില്ലാതെ, ആദിവാസി മേഖലകളും തീരദേശ പ്രദേശങ്ങളും ഉൾപ്പെടെ നവജാത ശിശു തീവ്രപരിചരണ യൂണിറ്റുകൾ സജ്ജമാക്കി എല്ലാ വിഭാഗങ്ങൾക്കും ആരോഗ്യ സേവനങ്ങൾ തുല്യമായി ലഭ്യമാക്കിയതാണ് കേരളത്തിന്റെ ഈ നേട്ടത്തിന് പിന്നിലെ ഏറ്റവും വലിയ വിജയം. പൊതുജനാരോഗ്യ രംഗത്ത് കൈവരിച്ച ഈ നേട്ടം, ദേശീയ തലത്തിലും ആഗോള തലത്തിലും കേരളത്തെ മാതൃകാപരമായ ഒരു സംസ്ഥാനമാക്കി മാറ്റുന്നു.