അമ്മമാർക്ക് ആയുർവേദ പരിചരണം: ഗർഭകാല-പ്രസവാനന്തര ശുശ്രൂഷയ്ക്ക് സൂതികാമിത്രം പദ്ധതി
ഗർഭിണികൾക്കും പ്രസവാനന്തരം അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ആയുർവേദം അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയ പരിചരണം ലഭ്യമാക്കുന്നതിന് ‘സൂതികാമിത്രം’ പദ്ധതിയുമായി കേരള വനിതാ സഹകരണ ഫെഡറേഷൻ വനിതാഫെഡ്. സഹകരണ, ആയുഷ് വകുപ്പുകളുടേയും നാഷണൽ ആയുഷ് മിഷന്റെയും പങ്കാളിത്തത്തോടെയാണ് വനിതാഫെഡ് പദ്ധതി നടപ്പിലാക്കുന്നത്.
സൂതികാമിത്രം പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കുന്ന വനിതകൾക്ക് ഗർഭകാല-പ്രസവാനന്തര ശുശ്രൂഷയിൽ ആയുർവേദത്തിൽ അധിഷ്ഠിതമായ ശാസ്ത്രീയ പരിശീലനം നൽകുന്ന മൂന്നു മാസത്തെ സർട്ടിഫിക്കറ്റ് പരിശീലന കോഴ്സും നടപ്പാക്കും. നാഷണൽ ആയുഷ് മിഷന്റെ മേൽനോട്ടത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രെയിനിംഗ് ഇൻ ആയുഷ് വഴിയാണ് പരിശീലനം നൽകുന്നത്.
പത്താം ക്ലാസ് യോഗ്യതയുള്ള 20 വയസിനും 50 വയസിനും ഇടയിൽ പ്രായമുള്ള 140 വനിതകൾക്കാണ് ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ വിവിധ വനിതാ സഹകരണ സംഘങ്ങൾ വഴി പരിശീലനം നൽകുന്നത്. കോഴ്സ് പാസാകുന്നവരുടെ വിവരങ്ങൾ ഓൺലൈൻ പോർട്ടൽ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും. സർക്കാർ ഏജൻസികൾ, കുടുംബശ്രീ തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങൾ വഴിയും നടപ്പിലാക്കും.
പരിശീലനം പൂർത്തിയാക്കുന്നവർക്ക് വിവിധ ആശുപത്രികൾ, പ്രസവ കേന്ദ്രങ്ങൾ, വീട്ടു ശുശ്രൂഷാ കേന്ദ്രങ്ങൾ, സംരംഭങ്ങൾ എന്നിവിടങ്ങളിൽ തൊഴിൽ അവസരം ലഭിക്കും. സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി വനിതാഫെഡ് ഓൺലൈൻ ലേബർ ബാങ്ക് രൂപീകരിക്കും. ഇതിലൂടെ രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികളെ ആവശ്യമുള്ളവർക്ക് ലഭ്യമാക്കും.
പരമ്പരാഗത ശുശ്രൂഷാ രീതികളെ പുനരുജ്ജീവിപ്പിച്ച് ഗർഭിണികളുടെയും അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യ പരിചരണം ഉന്നത നിലവാരത്തിലെത്തിക്കുന്നതിന് സൂതികാമിത്രം പദ്ധതിയിലൂടെ സാധിക്കും. കൂടാതെ വനിതകൾക്ക് തൊഴിൽ സുരക്ഷയും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുന്നതിലും പദ്ധതി നിർണ്ണായക പങ്ക് വഹിക്കും.