സംസ്ഥാനത്ത് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ മെഡിക്കല്‍ കോളേജുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് 34.31 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ വിവിധ വാര്‍ഡുകളുടെ നവീകരണത്തിനും റേഡിയോളജി, ബയോകെമിസ്ട്രി, റേഡിയോതെറാപ്പി, കാര്‍ഡിയോളജി, ഓര്‍ത്തോപീഡിക്‌സ്, ഇ.എന്‍.ടി, ഗാസ്‌ട്രോസര്‍ജറി തുടങ്ങി വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളി ലേക്കുളള ഉപകരണങ്ങള്‍ വാങ്ങുന്നതിനും ജീവന്‍രക്ഷാ ഉപകരണങ്ങളുടെ കേടുപാടുകള്‍ മാറ്റി പ്രവര്‍ത്തന സജ്ജമാക്കുന്നതിനും, വാര്‍ഡുകളുടെ നവീകരണത്തിനുമായി 17 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭ്യമായത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഫാര്‍മസി കെട്ടിടത്തിന്റെ നവീകരണം, മെഡിക്കല്‍ ഉപകരണങ്ങളുടെ കേടുപാട് തീര്‍ക്കല്‍, സര്‍ജറി യൂണിറ്റിന്റെ നവീകരണം എന്നിവയ്ക്ക് 3.30 കോടി രൂപയും, കോട്ടയം മെഡിക്കല്‍ കോളേജിലെ കാന്‍സര്‍ കെയര്‍ സെന്റര്‍ വാര്‍ഡിന്റെ നവീകരണത്തിനും വിവിധ വാര്‍ഡുകളിലേക്കുള്ള സെന്‍ട്രല്‍ ഓക്‌സിജന്‍ സപ്ലൈയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും 5.09 കോടി രൂപയുടെ ഭരണാനുമതിയും ലഭ്യമായി. തൃശൂര്‍ മെഡിക്കല്‍ കോളേജിന്റെ ടെലി മെഡിസിന്‍ യൂണിറ്റ് , വിവിധ വര്‍ഡുകളുടെ നവീകരണം, ജലവിതരണം, വൈദ്യുതി, ജനറേറ്ററുകള്‍ തുടങ്ങിയവയുടെ വിപുലീകരണം, ഫാര്‍മസി, വിവിധ മെഡിക്കല്‍ ഉപകരണങ്ങളുടെ അറ്റകുറ്റ പണികള്‍ തീര്‍ത്ത് പ്രവര്‍ത്തന യോഗ്യമാക്കുന്നതുള്‍പ്പെടെയുളള കാര്യങ്ങള്‍ക്ക് മായി 3.50 കോടി രൂപയുടെയും കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ വിവിധ യൂണിറ്റുകളുടെ നവീകരണത്തിനായി 5.50 കോടി രൂപയുടെയും ഭരണാനുമതി ലഭിച്ചതായി മന്ത്രി അറിയിച്ചു.