പത്രക്കുറിപ്പ്
09.06.2017
ട്രൈബല്‍ മേഖലയില്‍ “ഊരുമിത്രം” പദ്ധതി -കെ.കെ.ശൈലജ ടീച്ചര്‍
നവകേരള മിഷന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ആര്‍ദ്രം പരിപാടി കേരള ആരോഗ്യരംഗത്ത് സമൂലമായ മാറ്റം ലക്ഷ്യമിടുന്നു. 2020 ആകുമ്പോഴേക്കും നമുക്ക് നേടിയെടുക്കുവാന്‍ ലക്ഷ്യങ്ങള്‍ ഏറെയാണ്. ലോക പ്രശസ്തമായ കേരള മോഡല്‍ ആരോഗ്യസൂചികകളെ കുറിച്ച് നാം അഭിമാനം കൊള്ളുമ്പോഴും ആദിവാസി മേഖലകളിലെ സൂചികകള്‍ ഇന്നും വെല്ലുവിളികള്‍ തന്നെയാണ് ഈ പ്രദേശങ്ങളിലെ ഉയര്‍ന്ന മാതൃശിശുമരണ നിരക്കുകള്‍, വിവിധയിനം പകര്‍ച്ചവ്യാധികള്‍, പോഷകാഹാര ദൗര്‍ലഭ്യം തുടങ്ങി പുകയില-മദ്യം മുതലായവയുടെ അമിത ഉപയോഗമൂലമുണ്ടാകുന്ന രോഗാതുരതയും മൂലം ആദിമ നിവാസികളുടെ ജീവിതവും നിലനില്‍പ്തന്നെയും അപകടാവസ്ഥയിലേക്ക് നീങ്ങുന്നത് കേരള സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ പരിഗണിക്കുന്നു.
ഈ തിരിച്ചറിവിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തിന് പ്രത്യേകമായി ഒരു കര്‍മ്മ പദ്ധതി സര്‍ക്കാര്‍ ആസൂത്രണം ചെയ്യുകയാണ്. ആദിവാസി ക്ഷേമത്തിന് പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ വകുപ്പ്, സാമൂഹ്യനീതി വകുപ്പ് എന്നിവരുമായി കൈകോര്‍ത്തുകൊണ്ട് സാധ്യമായ എല്ലാ മേഖലയില്‍ നിന്നും വിഭവസമഹരണവുമായി വിവിധ ഘടകങ്ങള്‍ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
പാര്‍പ്പിടം, കുടിവെള്ളം, ഗതാഗതസൗകര്യം, വിദ്യാഭ്യാസം, തൊഴിലുറപ്പ് തുടങ്ങിയ നാനാതലങ്ങളും സ്പര്‍ശിച്ചുവേണം പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ തദ്ദേശ സ്വയം ഭരണ വകുപ്പിന് ഈ മേഖലയില്‍ വളരെയേറെ പങ്കാളിത്തവും ഉത്തരവാദിത്വവും ഉണ്ടെന്ന് ശ്രദ്ധേയമാണ്.
മാതൃശിശുസംരക്ഷണം, മാതൃമരണവും, നവജാതശിശുമരണങ്ങളും കുറച്ചുകൊണ്ടുവരിക, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് മതിയായ പോഷകാഹാരം ഉറപ്പാക്കുക, പുകയിലയുടെയും മറ്റ് ലഹരി വസ്തുക്കളുടെയും ഉപയോഗത്തിനെതിരെ ശക്തമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക, ക്ഷയരോഗം, കുഷ്ഠരോഗം, വിവിധതരം ക്യാന്‍സറുകള്‍, മാനസികരോഗങ്ങള്‍ എന്നിവ നേരത്തെ കണ്ടുപിടിച്ച് ഫല???ദമായ ചികിത്സ ലഭ്യമാക്കുക തുടങ്ങിയവ മുന്‍ഗണനാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ആദിവാസി ആരോഗ്യമേഖല ശക്തിപ്പെടുത്തുവാന്‍ ആര്‍ദ്രം ട്രൈബല്‍ മിഷന്‍ ലക്ഷ്യമിടുന്നത്.
നിലവിലുള്ള ആരോഗ്യസേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതോടൊപ്പം ”ഊരുമിത്രം” എന്ന ഒരു സവിശേഷ പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ വയനാട്, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് പരീക്ഷണാടിസ്ഥാനത്തില്‍, നടപ്പിലാക്കാന്‍ കൂടി ആദ്രം ട്രൈബല്‍ മിഷന്‍ വിഭാവനം ചെയ്യുന്നു.
ഏറ്റവും പിന്നോക്കം നില്‍ക്കുന്നതും യാത്രാ സൗകര്യം തീരെ കുറഞ്ഞതുമായ ആദിവാസികോളനികള്‍ കേന്ദ്രീകരിച്ച്, അത്തരം കോളനികളില്‍ താമസിക്കുന്ന വിദ്യാസമ്പന്നയായ ഒന്നോ രണ്ടോ യുവതികള്‍ക്ക് പരിശീലനം നല്‍കി, അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ കോളനികളില്‍ മാതൃശിശുസംരക്ഷണം ഉറപ്പ് നല്‍കുവാന്‍ ഈ പദ്ധതി വിഭാവനം ചെയ്യുന്നു. പരിശീലകരായി അനുയോജ്യരായ വിദഗ്ദരെ സംസ്ഥാനത്തിനകത്തും പുറത്തുമായി പരിശീലിപ്പിച്ചു കഴിഞ്ഞു. ആദിവാസി ജീവിതവും സംസ്‌കാരവും ഏറ്റവും നല്ല രീതിയില്‍ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തവരാണ് ഈ പരിശീലകരെല്ലാവരും. ഇതോടൊപ്പം പഞ്ചായത്തു അധികൃതരുടെയും ഗോത്രത്തലവന്മാരുടെയും മറ്റ് സമാനമനസ്‌കരുടെയും കൈകളും മനസ്സും ചേരുന്നതോടൊപ്പം ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണത കൈവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഇതിനായി വിവിധ വകുപ്പുകളുടെ സംയോജിതമായ പ്രവര്‍ത്തനരേഖയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. ജില്ല-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അധികൃതരുടെയും, പട്ടികവര്‍ഗ്ഗക്ഷേമത്തില്‍ തല്‍പരരായ സമാന മനസ്‌കരുടെയും അഭിപ്രായങ്ങള്‍ കൂടി ഇതിലേക്കായി സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നു.
ജൂണ്‍ 13, 14 തീയതികളിലായി തിരുവനന്തപുരത്ത് ചേരുന്ന ശില്പശാലയില്‍ മേല്‍പറഞ്ഞ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത് അന്തിമരൂപം നല്‍കുവാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. ചര്‍ച്ചയ്ക്ക് ആവശ്യമായ ഒരു പശ്ചാത്തല രേഖ പ്രസ്തുത യോഗത്തില്‍ പഠന വിധേയമാക്കുവാനായി തയ്യാറാക്കുന്നുണ്ട്.