പത്രകുറിപ്പ്                                                                                                                 02/06/2017
മത്സ്യങ്ങളില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി  കെ.കെ.ശൈലജ ടീച്ചര്‍

സംസ്ഥാനത്തെ മാര്‍ക്കറ്റുകളില്‍ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ത്ത് മത്സ്യ വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു.രാസവസ്തുക്കള്‍ ചേര്‍ത്ത് മത്സ്യ വില്‍പ്പന നടത്തുന്നത് തടയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് ആരംഭിച്ച ഓപ്പറേഷന്‍ സാഗര്‍ റാണി പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കിയിട്ടുണ്ട്.ഈ പദ്ധതി ഇപ്പോള്‍ മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പിലാക്കിവരുന്നത്.

ഒന്നാം ഘട്ടത്തില്‍ മത്സ്യബന്ധന വിപണന കേന്ദ്രങ്ങളില്‍ നിന്നും മത്സ്യത്തിന്റെയും വെള്ളത്തിന്റെയും ഐസിന്റെയും സാമ്പിളുകള്‍ ശേഖരിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ കീഴിലുള്ള ലാബുകളിലും കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലും പരിശോധനയ്ക്ക് വിധേയമാക്കും.രണ്ടാം ഘട്ടത്തില്‍ മത്സ്യബന്ധന വിപണന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവബോധന ക്ലാസുകള്‍ നടത്തുകയും മത്സ്യം കൈകാര്യം ചെയ്യുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും , മത്സ്യം എങ്ങനെ കേടുകൂടാതെ സൂക്ഷിക്കണം എന്നീ കാര്യങ്ങളെ കുറിച്ചും അവബോധനം സൃഷ്ടിക്കും.

മൂന്നാം ഘട്ടത്തില്‍ മത്സ്യബന്ധന വിപണന മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഫുഡ് സേഫ്റ്റി ലൈസന്‍സ്/രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുകയാണ്.മാത്രമല്ല 2006 ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം അനുശാസിക്കുന്ന രീതിയില്‍ വെള്ളത്തിന്റെയും ഐസിന്റെയും മത്സ്യത്തിന്റെയും സാമ്പിളുകള്‍ പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ നിയമാനുസൃത നടപടികളും സ്വീകരിക്കുന്നതാണ്.സുരക്ഷിതവും ആരോഗ്യപരവുമായ മത്സ്യം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് ഓപ്പറേഷന്‍ സാഗര്‍റാണിയിലൂടെ സാധിക്കുമെന്നും ഇതിനെകുറിച്ച് ജനങ്ങള്‍ ബോധവാന്‍മാരാകണമെന്നും മന്ത്രി അറിയിച്ചു.