പത്രക്കുറിപ്പ്

16/05/2017

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ അംഗീകാരവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരെ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതാവിരുദ്ധം കെ.കെ.ശൈലജ ടീച്ചര്‍

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്‍റെ അംഗീകാരത്തിന് ആവശ്യമായ നടപടികള്‍ കാലാകാലങ്ങളില്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. ഇതിനായി എം.സി.ഐ യുടേയും കേന്ദ്രത്തിന്‍റേയും ഉദ്യോഗസ്ഥന്‍മാരുമായും സര്‍ക്കാര്‍ നിരന്തരമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയുമായി ഇക്കാര്യത്തില്‍ നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ട്. പാരിപ്പള്ളി മെഡിക്കല്‍ കോളേജിന് അംഗീകാരം വൈകാതെ കിട്ടും എന്നുള്ള സൂചനയും ഇവര്‍ ഏതാനും ദിവസം മുന്‍പ് സര്‍ക്കാറിനെ അറിയിച്ചിരുന്നു കഴിഞ്ഞ ദിവസം കേരളം സന്ദര്‍ശിച്ച കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയുമായി ഞാന്‍ നേരിട്ട് സംസാരിക്കുകയും പാരിപ്പള്ളി മെഡിക്കല്‍ കോളേജിന് ഈ വര്‍ഷം അംഗീകാരം നല്‍കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. ഈ ഇടപെടലുകളൊക്കെ സര്‍ക്കാര്‍ നടത്തുമ്പോള്‍ സര്‍ക്കാറിനെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കാനാണ് സ്ഥലം എം.പി ശ്രമിച്ചത്. എന്നാല്‍ സര്‍ക്കാറിന്‍റെ പ്രയത്നഫലമായി അംഗീകാരം ലഭിക്കുമെന്നുറപ്പായപ്പോള്‍ അത് തന്‍റെ ഇടപെടലിന്‍റെ ഭാഗമായിട്ടാണെന്ന് വരുത്തി തീര്‍ക്കാന്‍ എം.പി നടത്തിയ ശ്രമങ്ങള്‍ ശരിയല്ല. സര്‍ക്കാറിനെതിരായി എം.പി ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ എം.പി തയ്യാറാവണം.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് പാരിപ്പള്ളി ഇ.എസ്.ഐ മെഡിക്കല്‍ കോളേജ് സംസ്ഥാന ഗവണ്‍മെന്റിന് കൈമാറുന്നത്. ആ സമയം അടിസ്ഥാന വികസനങ്ങള്‍ പോലും ആശുപത്രിക്കുണ്ടായിരുന്നില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ആശുപത്രി സേവനം ആരംഭിച്ചത്. കൂടാതെ പ്രിന്‍സിപ്പാളിനേയും ആശുപത്രി സൂപ്രണ്ടിനേയും നിയമിച്ച് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് തുടക്കം കുറിച്ചു. 390 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി. എം.സി.ഐ യുടെ അംഗീകാരത്തിനായി 59 ഡോക്ടര്‍മാര്‍ മതിയെന്നിരിക്കെ 89 ഡോക്ടര്‍മാരെ നിയമിച്ചു.

ഹോസ്പിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 18 കോടി രൂപ അനുവദിച്ച് ഭരണാനുമതി നല്‍കി. എം.സി.ഐ ഇന്‍സ്പെക്ഷന്‍ സമയത്ത് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഇതിനു പുറമെ 50 ലക്ഷം രൂപ കൂടി അനുവദിച്ചു. പ്രവര്‍ത്തനരഹിതമായിരുന്ന ബ്ലഡ്ബാങ്ക് ആധുനിക സജ്ജീകരണങ്ങളോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനമാക്കി ഉയര്‍ത്തി. ഒപ്പം 24 മണിക്കൂര്‍ ലാബ് സര്‍വ്വീസും ആരംഭിച്ചു. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ഒരു മെഡിക്കല്‍ കോളേജാക്കി മാറ്റുവാന്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണോ ചെയ്യേണ്ടത് അതെല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കി. അത്യാധുനിക സംവിധാനത്തോടു കൂടി. തീയറ്ററുകള്‍ ഐ.സി.യു ഉപകരണങ്ങള്‍ , കാത്ത് ലാബ്, പ്രസവമുറി തുടങ്ങി അവശ്യവിഭാഗങ്ങളെല്ലാം പ്രവര്‍ത്തനയോഗ്യമായ തലത്തിലേക്ക് കൊണ്ടെത്തിക്കുവാന്‍ സര്‍ക്കാറിനായി. കൂടാതെ കാരുണ്യ ഫാര്‍മസി ആരംഭിക്കുകയും കാന്റീന്‍ സൗകര്യം ഒരുക്കുകയും കിടത്തി ചികിത്സ ആരംഭിക്കുകയും ചെയ്തു.

ഒരു മെഡിക്കല്‍ കോളേജിന് പ്രവര്‍ത്തനമാരംഭിക്കുവാന്‍ എം.സി.ഐ യുടെ അംഗീകാരത്തിന് ആവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തിനായി അപേക്ഷിച്ചത്. ഈ സാഹചര്യത്തിലാണ് യാതൊന്നും മനസ്സിലാക്കാതെയുള്ള എം.പി യുടെ ഈ പരാമര്‍ശം. ഇത്തരം വൈര്യനിര്യാതന ബുദ്ധിയോടെയുള്ള പരാമര്‍ശങ്ങള്‍ തികച്ചും രാഷ്ട്രീയപ്രേരിതം മാത്രമാണ്. അത് പൊതുസമൂഹം അവജ്ഞയോടെ തള്ളിക്കളയുകയേ ചെയ്യൂ. യഥാര്‍ത്ഥത്തില്‍ എം.പി യുടെ ഇത്തരം പരാമര്‍ശങ്ങള്‍ എം.സി.ഐ യുടെ അംഗീകാരം നേടിയെടുക്കുവാനല്ല പകരം അത് നഷ്ടപ്പെടുത്താനുള്ള പ്രേരണ മാത്രമാണ്. പത്രസമ്മേളനം നടത്തിയും പത്രവാര്‍ത്തകള്‍ നല്‍കിയും പാരിപ്പള്ളിമെഡിക്കല്‍ കോളേജില്‍ സൗകര്യങ്ങളില്ല എന്ന് എം.പി പറഞ്ഞുകൊണ്ടിരുന്നത് രാഷ്ട്രീയ വിദ്വേഷത്തിന്റെ ഭാഗമായിരുന്നെങ്കിലും എം.സി.ഐ യുടേയും കേന്ദ്രസര്‍ക്കാറിന്റേയും മുന്നില്‍ ഈ മെഡിക്കല്‍ കോളേജിനെ കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കുകയാണ് ചെയ്തത്. വസ്തുത ഇതാണെന്നിരിക്കെ ഇപ്പോേഇപ്പോള്‍ അംഗീകരാം ലഭിക്കുന്നത് എന്റെ ഇടപെടലുകൊണ്ടാണെന്ന എം.പിയുടെ പ്രസ്താവന ലജ്ജാകരമാണ്.