പത്രക്കുറിപ്പ്                                                                                                                  04/05/2017
സാമൂഹ്യനീതി വകുപ്പിന്റെ നടപ്പു സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ നിന്നും 100 കോടി രൂപയുടെ പ്രൊപ്പോസലുകള്‍ക്ക് അനുമതി ലഭ്യമായതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു.
സമൂഹത്തില്‍ അശരണരായ ആരും സംരക്ഷിക്കാനില്ലാതെ ജീവിക്കുന്ന വിധവകളായ സ്ത്രീകള്‍ക്ക് അഭയവും ചുറ്റുപാടും നല്‍കുന്ന ബന്ധുക്കളില്‍ ഒരു വ്യക്തിക്ക് പ്രതിമാസം 1000 രൂപ ധനസഹായം നല്‍കുന്ന അഭയകിരണം പദ്ധതി,സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പുതിയ വകുപ്പ് രൂപീകരിക്കുന്നതിനായി കേരള വിമണ്‍ വെബ്‌സൈറ്റ്,ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായുള്ള വിദ്യാകിരണം പദ്ധതി,പകല്‍ സമയങ്ങളില്‍ മുതിര്‍ന്ന പൗരന്‍മാര്‍ സ്വന്തം ഗൃഹങ്ങളില്‍ നേരിടേണ്ടിവരുന്ന ഒറ്റപ്പെടലില്‍ നിന്നും മോചനം നല്‍കുക എന്ന ലക്ഷ്യത്തോടെ പകല്‍വീട് എന്ന ആശയം ഉള്‍ക്കൊണ്ട സായംപ്രഭ ഹോംസ് പദ്ധതി, പ്രൊബേഷന്‍ സംവിധാനം ശക്തിപ്പെടുത്തുന്നതിലേയ്ക്കായുള്ള നേര്‍വഴി പദ്ധതി, തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരെ പരിചരിക്കുന്ന സ്ത്രീക്ക് (മാതാവ്/രക്ഷാത്താവ്)മറ്റ് ജോലികളില്‍ ഏര്‍പ്പെടാതെ വീട്ടിലിരുന്ന് തന്നെ സ്വയം തൊഴില്‍ ചെയ്യുന്നതിനായി ഒറ്റ തവണ ഗ്രാന്റായി 35000 രൂപ ക്രമത്തില്‍ ജില്ലകളില്‍ നിന്നും 10 പേര്‍ക്ക് വീതം നല്‍കുന്ന സ്വാശ്രയ പദ്ധതി, സര്‍ക്കാര്‍/എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്‍പതാം ക്ലാസു മുതല്‍ പി.ജി. കോഴ്‌സ് വരെ പഠിക്കുന്ന അംഗപരിമിതരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും യൂണിഫോമും വാങ്ങുന്നതിനായി ധനസഹായം നല്‍കുന്ന വിദ്യാജ്യോതി പദ്ധതി തുടങ്ങി സാമൂഹ്യനീതി വകുപ്പ് നല്‍കിയ പ്രെപ്പോസലുകള്‍ക്കാണ് വര്‍ക്കിംഗ് ഗ്രൂപ്പിന്റെ അനുമതി ലഭ്യമായത്.
തെരഞ്ഞെടുക്കപ്പെട്ട കലാലയങ്ങളിലും പഞ്ചായത്ത് ബ്ലോക്കിലെ സന്നദ്ധ സംഘടനകള്‍ , സാമൂഹ്യ പ്രവര്‍ത്തകര്‍,അംഗണവാടി പ്രവര്‍ത്തകര്‍,റസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് സ്ത്രീധന നിരോധനം സംബന്ധിച്ച് ആലേഖനം ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ പൊതുജന ശ്രദ്ധയില്‍പ്പെടുത്തുന്ന രീതിയില്‍ പതിപ്പിക്കുന്നതിനുള്ള സ്ത്രീധന നിരോധന പ്രചരണ പദ്ധതിയുടെ ബോധവല്‍ക്കരണ പരിപാടിക്കും അംഗീകാരം ലഭിച്ചു.ഗാര്‍ഹിക പീഡനത്തിനിരയായവര്‍,വിധവകള്‍,വിവാഹ മോചിതര്‍ എന്നിവര്‍ക്ക് സ്വയം തൊഴില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്.കൂടാതെ ഭിന്നശേഷിക്കാര്‍ക്ക് വിദൂര വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പ്,പത്താം ക്ലാസ് പന്ത്രണ്ടാം ക്ലാസ് തുല്യതാ പരീക്ഷ എഴുതുന്നതിന് ധനസഹായം, HIV അണുബാധിതര്‍ക്കും അണുബാധയുള്ള കുടുംബത്തിലെ കുട്ടികള്‍ക്കുമുള്ള ജീവിതനൈപുണ്യ പദ്ധതി തുടങ്ങിയവയുടെ പ്രൊപ്പോസലുകളും അംഗീകരിച്ചു.
കോഴിക്കോട് വൊക്കേഷണല്‍ ട്രെയിനിംഗ് സെന്ററില്‍ പ്രിന്റിംഗ് ടെക്‌നോളജി,പ്ലബിംഗ്,ഇലക്ട്രോണിക് ആന്റ് ഇലക്ട്രിക് മെയിന്റനന്‍സ്,ഗാര്‍മെന്റ് മേക്കിംഗ് തുടങ്ങിയ കോഴ്‌സുകള്‍ ആരംഭിക്കുവാനും അനുമതി ലഭിച്ചിട്ടുണ്ട്.കോഴിക്കോട് വെള്ളിമാട് കുന്നില്‍ പ്രവര്‍ത്തിക്കുന്ന ഗവഃ വൃദ്ധസദനത്തിലെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടത്തില്‍ ഡിമെന്‍ഷ്യാ കെയര്‍ സെന്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായുള്ള 9 ലക്ഷം രൂപയുടെ പ്രൊപ്പോസലിനും വയനാട്,മലപ്പുറം ജില്ലകളിലെ പൊതുകെട്ടിടങ്ങള്‍ അംഗപരിമിത സൗഹൃദമാക്കുന്നതിനായി 6,11,20,000 രൂപയുടേയും 8,88,80,000 രൂപയുടേയും പ്രൊപ്പോസലുകള്‍ക്കും വര്‍ക്കിംഗ് ഗ്രൂപ്പിന്റെ അംഗീകാരം ലഭ്യമായതായി മന്ത്രി അറിയിച്ചു.