പത്രക്കുറിപ്പ്

കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പിലാക്കുന്ന പുതിയ പദ്ധതിയാണ് മിഠായി.   ടി പദ്ധതി ജുവനൈല്‍ പ്രമേഹരോഗം (ടൈപ്പ് 1) ബാധിച്ച കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും സമഗ്ര പരിരക്ഷ നല്‍കാനാണ് ലക്ഷ്യമിടുന്നത്.  പ്രധാനമായും 5 മുതല്‍ 15 വയസ്സുവരെയുളള കുട്ടികളെയാണ് ടി രോഗം ബാധിക്കുന്നത്.  രോഗത്തിന്‍റെ എല്ലാ സങ്കീര്‍ണ്ണതകളോടും കൂടി രോഗബാധിതര്‍ക്ക് ജീവിക്കേണ്ട അവസ്ഥയോടൊപ്പം മുതിര്‍ന്നവരില്‍ കാണുന്ന ടെപ്പ് 2 ഡയബറ്റീസിന്‍റെ ചികിത്സയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കൂടുതല്‍ സങ്കീര്‍ണ്ണവും വ്യത്യസ്തവുമാണ്.  ടി പദ്ധതിയിലൂടെ കുട്ടികള്‍ക്ക് ഗ്ലൈക്കോ മീറ്ററും  ഇന്‍സുലിന്‍ പമ്പും  നല്‍കി  ആധുനീക രീതിയിലുളള പ്രമേഹ ചികിത്സ സൗജന്യമായി നല്‍കാനാണ് ഉദ്ദേശിക്കുന്നത്.  തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് എന്നീ മെഡിക്കല്‍ കോളേജുകളിലായി ആദ്യഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്ത 150 കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുവാനും കൂടാതെ 150 കുട്ടികളെയും കൂടി ഉള്‍പ്പെടുത്തി 300 കുട്ടികള്‍ക്ക് സൗജന്യമായി ചികിത്സ നല്‍കുവാനാണ് ഉദ്ദേശിച്ചിട്ടുളളത്.   ടി ആശുപത്രികളില്‍ തുടങ്ങുന്ന ഡയബറ്റീസ് സെന്‍ററുകളില്‍  ഒരു എം എസ് സി നഴ്സിന്‍റെയും ഡയറ്റീഷ്യന്‍റെയും സേവനം ലഭ്യമാക്കുന്നതാണ്.  മെഡിക്കല്‍ കോളേജുകളില്‍ ടൈപ്പ് 1 ഡയബറ്റീസ് സെന്‍റര്‍, കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ടി 1 ഡി എം മാനേജ്മെന്‍റ്, സംസ്ഥാനതലതതില്‍  പ്രോജക്ട് സപ്പോര്‍ട്ട് സ്ഥാപിക്കല്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ ഉദ്ദേശിച്ചിട്ടുളളത്.  ഇത്തരത്തിലുളള ഡയബറ്റീസ് മാനേജ് ചെയ്യുന്നതിന് മാതാപിതാക്കള്‍ക്കുളള പരിശീലനവും ടി പദ്ധതിയിലൂടെ നല്‍കുവാന്‍ ഉദ്ദേശിക്കുന്നു.