09/06/2017

പ്രസിദ്ധീകരണത്തിന്

വനിതാ വികസന കോര്‍പ്പറേഷന്‍ വായ്പാ മേള നടത്തുന്നു

വനിതകളുടെ സമഗ്ര ശാക്തീകരണം എന്ന ലക്ഷ്യത്തോടെ സാമൂഹ്യ നീതി വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ഈ ലക്ഷ്യം മുന്‍ നിര്‍ത്തി വിവിധ പദ്ധതികള്‍ ആവിഷ്ക്കരിച്ച് സംസ്ഥാനമൊട്ടാകെ നടപ്പിലാക്കി വരുന്നു. സ്വന്തം ജീവിതത്തിന്‍റെ ചുക്കാന്‍ സ്വയം നിയന്ത്രിക്കുന്നതിന് ഒരു വ്യക്തിക്കേറ്റവും ആവശ്യമായത് സാമ്പത്തിക സ്വാശ്രയത്വമാണെന്നതിനാല്‍, സമൂഹത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വനിതകള്‍ തുടങ്ങുന്ന സ്വയം തൊഴില്‍ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടി ലളിതമായ വ്യവസ്ഥകളോടെ വനിതാ വികസന കോര്‍പ്പറേഷന്‍ വായ്പാ സഹായം ചെയ്തു വരുന്നു.

ദേശീയ ധനകാര്യ കോര്‍പ്പറേഷനുകളുടെയും കേരള സര്‍ക്കാരിന്‍റെയും സാമ്പത്തിക സഹായത്തോടെയാണ് കോര്‍പ്പറേഷന്‍ സ്വയം തൊഴില്‍ വായ്പാ, മൈക്രോ ഫിനാന്‍സ് വായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങിയവ അനുവദിക്കുന്നത്. 1988 ല്‍ നിലവില്‍ വന്ന സ്ഥാപനം 1994-95 മുതലാണ് ദേശീയ ധനകാര്യ കോര്‍പ്പറേഷനുകളുടെ സംസ്ഥാനതല ചാനലൈസിംഗ് ഏജന്‍സിയായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. കോര്‍പ്പറേഷന്‍, നാളിതു വരെ 28918 വനിതകള്‍ക്ക് 25624.95 ലക്ഷം രൂപ സംരംഭക/വിദ്യാഭ്യാസ വായ്പയായി വിതരണം നടത്തിയിട്ടുണ്ട്. വര്‍ഷം തോറും വനിതകള്‍ക്ക് വേണ്ടിയുള്ള സംരംഭകത്വ പരിശീലന പരിപാടികളും, കോര്‍പ്പറേഷന്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്തിവരുന്നുമുണ്ട്.

കേരളത്തിലെ  സ്ത്രീ സമൂഹം വായ്പാപദ്ധതികളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും വളരെ കുറഞ്ഞ പലിശ നിരക്കില്‍ ലളിതമായ വ്യവസ്ഥകളോടെ വായ്പാ ധന സഹായം അവര്‍ക്ക് സമീപമെത്തിക്കുന്നതിനും വേണ്ടി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വായ്പ മേളകള്‍ സംഘടിപ്പിക്കുന്നതിന് കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നു.

വായ്പാ മേളയുടെ സംസ്ഥാനതല ഉദ്ഘാടനം 2017 ജൂണ്‍ 13 ന് രാവിലെ 10 മണിയ്ക്ക് ആലപ്പുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ബഹു. പൊതുമരാമത്ത്-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ശ്രീ.ജി. സുധാകരന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വച്ച് ബഹു. ആരോഗ്യവും സാമൂഹ്യനീതിയും വകുപ്പ് മന്ത്രി ശ്രീമതി. കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വ്വഹിക്കുന്നതാണ്. ജില്ലയിലെ ജന പ്രതിനിധികള്‍, വനിതാ വികസന കോര്‍പ്പറേഷന്‍ ബോര്‍ഡ് അംഗങ്ങള്‍, വിവിധ സംഘടനാ നേതാക്കള്‍, വനിതാ സംരംഭകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നതാണ്.