കേരളത്തെ അംഗപരിമിത സൗഹൃദ സംസ്ഥാനമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക കാമ്പയിനായ’അനുയാത്ര (Walking Together)യുടെ നിര്‍വഹണോദ്ഘാടനം ജൂണ്‍ 12ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി നിര്‍വഹിക്കും. തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ െവെകിട്ട് 3.30ന് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ-സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, നഗരസഭാ മേയര്‍ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, സാമൂഹ്യനീതിവകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ബി. മുഹമ്മദ് അഷീല്‍, മജീഷ്യന്‍ ഗോപിനാഥ് മുതുകാട് എന്നിവര്‍ പങ്കെടുക്കും. 22 അനുബന്ധ പദ്ധതികളടങ്ങിയ അനുയാത്ര കാമ്പയിന്‍, അംഗപരിമിതരുടെ അവകാശങ്ങളിലധിഷ്ഠിതമായ സമഗ്ര ജീവിതചക്ര സമീപനമാണ് സ്വീകരിച്ചിട്ടുളളത്. സാമൂഹ്യനീതിവകുപ്പും സാമൂഹ്യ സുരക്ഷാമിഷനും സംയുക്തമായി വിവിധവകുപ്പുകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മാജിക് പരിശീലനം നേടിയ 23 ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളായിരിക്കും കാമ്പയിന്റെ അംബാസിഡര്‍മാര്‍. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുളള ദി അക്കാദമി ഓഫ് മാജിക്കല്‍ സയന്‍സസില്‍ ‘എം പവര്‍’ എന്ന പരിപാടിയിലൂടെ പരിശീലനം നേടിവന്ന ഈ കുട്ടികളുടെ മാജിക് പരിപാടിയുടെ അരങ്ങേറ്റവും ഇവരെ അനുയാത്രയുടെ അംബാസിഡര്‍മാരായി പ്രഖ്യാപിക്കുന്ന ചടങ്ങും ഇതോടൊപ്പം നടക്കും. വൈകല്യങ്ങള്‍ പ്രതിരോധിക്കുന്നത് മുതല്‍ സുസ്ഥിരമായ പുനരധിവാസം വരെ ഉള്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളാണ് അനുയാത്രയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഗര്‍ഭധാരണത്തിന് മുമ്പ് തന്നെ വൈകല്യങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഘടകങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണം, അമ്മയ്ക്കും കുഞ്ഞിനുമുള്ള പ്രതിരോധ കുത്തിവെപ്പുകള്‍, കുട്ടികള്‍ ജനിച്ച ഉടന്‍ തന്നെ സ്‌ക്രീനിംഗ്, എല്ലാ ജില്ലകളിലും സുസജ്ജമായ പ്രാരംഭ ഇടപെടല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കല്‍, നിലവിലുള്ള ഇത്തരം കേന്ദ്രങ്ങളുടെ ശാക്തീകരണം, നവജാത ശിശുക്കളുടെ കേള്‍വി പരിശോധന, സഞ്ചരിക്കുന്ന സേവന യൂണിറ്റുകള്‍, മെഡിക്കല്‍ കോളേജുകളില്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഉയര്‍ന്ന നിലവാരമുള്ള മറ്റ് സ്ഥാപനങ്ങളിലും ഓട്ടിസം സെന്ററുകള്‍ സ്ഥാപിക്കല്‍, പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികള്‍ക്കായി സ്‌പെഷ്യല്‍ അങ്കണവാടി തുടങ്ങിയ നടപ്പാക്കും. നവജാത ശിശുക്കളെ സമഗ്രമായ സ്‌ക്രീനിംഗിന് വിധേയമാക്കി സ്‌ക്രീനിംഗ് ചാര്‍ട്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി ജെ.പി.എച്ച്.എന്‍ മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതിനും ബുദ്ധിപരമായ വെല്ലുവിളികള്‍ നേരത്തെതന്നെ കണ്ടെത്തുന്നതിനും ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിനുമായി ശിശുരോഗ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രത്യേക പരിശീലന പരിപാടികള്‍ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. ഇതിന് അനുബന്ധമായി മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് ആയിരം കുട്ടികള്‍ക്ക് ഒന്ന് എന്ന തോതില്‍ മാതൃക ശിശു പുനരധിവാസകേന്ദ്രങ്ങള്‍ സ്ഥാപിക്കും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള അംഗപരിമിതരെ ‘സ്വാവലംബന്‍’ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനായി അവരുടെ ഗുണഭോക്തൃവിഹിതം സര്‍ക്കാര്‍ വഹിക്കും. അര്‍ഹരായ എല്ലാ അംഗപരിമിതര്‍ക്കും യു.ഡി.ഐ.ഡി കാര്‍ഡ് നല്‍കും. കൂടാതെ അംഗപരിമിതര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള കേന്ദ്രീകൃത കോള്‍ സെന്ററും പദ്ധതിയിലൂടെ യാഥാര്‍ഥ്യമാവും.