• ക്യാന്‍സര്‍ സുരക്ഷാ പദ്ധതി :

18 വയസ്സുവരെയുള്ള ക്യാന്‍സര്‍ രോഗികളായ കുട്ടികളുടെ ജീവന്‍ സംരക്ഷിക്കുന്നതിന് പൂര്‍ണ്ണമായും സൗജന്യ ചികിത്സ അനുവദിച്ച് നടപ്പാക്കി വരുന്ന ക്യാന്‍സര്‍ സുരക്ഷ പദ്ധതിയില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 244 പേര്‍ക്ക് പുതുതായി സൗജന്യ ചികിത്സയും 5059 പേര്‍ക്ക് തുടര്‍ ചികിത്സയും നല്‍കിയിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 31.01.2017 വരെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 105 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്.

 • താലോലം പദ്ധതി :

ജന്മനായുള്ള ഹൃദയവൈകല്യങ്ങളാലും ജനിതക രോഗങ്ങളാലും മറ്റ്  ഗുരുതര രോഗങ്ങളാലും കഷ്ടപ്പെടുന്ന 18 വയസ്സുവരെയുളള കുട്ടികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യ ചികിത്സ അനുവദിക്കുന്ന താലോലം പദ്ധതി സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 15 ആശുപത്രികള്‍ മുഖേന നടപ്പാക്കി വരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 245 പേര്‍ക്ക് പുതുതായി സൗജന്യ ചികിത്സയും 12,465 പേര്‍ക്ക് തുടര്‍ ചികിത്സയും നല്‍കിയിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 31.01.2017 വരെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 150 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്.

 • ആശ്വാസകിരണം പദ്ധതി :

ഒരു മുഴുവന്‍ സമയ പരിചാരകന്‍റെ സേവനം ആവശ്യമാവിധം കിടപ്പിലായ രോഗികളെയും മാനസിക  ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗങ്ങളുളളവരെയും പരിചരിക്കുന്നവര്‍ക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന ആശ്വാസകിരണം പദ്ധതിയില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പ്  72353 പേര്‍ക്ക് അനുവദിച്ചിരുന്ന ആനുകൂല്യം ഇപ്പോള്‍ 80500 ഗുണഭോക്താക്കള്‍ക്ക് അനുവദിച്ചു വരുന്നു. ഈ സാമ്പത്തിക വര്‍ഷം പുതുതായി 30000 അപേക്ഷകള്‍ കൂടി  പരിശോധിച്ച് പാസ്സാക്കിയിട്ടുണ്ട്. ഈ സര്‍ക്കാര്‍ വന്നതിനു ശേഷം പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 31.01.2017 വരെ 2803.45 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

 • സ്നേഹസ്പര്‍ശം പദ്ധതി:

ചൂഷണത്തിന് വിധേയരായി അവിവാഹിത അവസ്ഥയില്‍ അമ്മമാരാകുന്നവര്‍ കുടുംബങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് ജീവിക്കേണ്ടി വരുന്നു. ഇത്തരക്കാര്‍ക്ക് ദൈനംദിന ജീവിതത്തിന് ആവശ്യമായ സാമ്പത്തിക സഹായം നല്‍കി ഇവരെ പുനരധിവസിപ്പിക്കുക എന്ന ഉദ്ദ്യേശത്തോടെയാണ് സ്നേഹസ്പര്‍ശം പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്നത്. പ്രതിമാസം 1000/- രൂപ വീതമാണ് ടി പദ്ധതിയിലൂടെ അനുവദിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പുതുതായി 102 ഗുണഭോക്താക്കള്‍ക്ക് ധനസഹായം അനുവദിക്കുകയും ആകെ 2030 ഗുണഭോക്താക്കള്‍ക്ക് പ്രതിമാസ ധനസഹായം അനുവദിച്ചു വരികയും ചെയ്യുന്നു. ടി പദ്ധതിയ്ക്കായി 31.01.2017 വരെ 211 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിനുവേണ്ടി നിരവധി പദ്ധതികളും പരിപാടികളും ഈ സര്‍ക്കാര്‍ നടപ്പാക്കി വരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരില്‍ ദീര്‍ഘകാല ചികിത്സ ആവശ്യമുള്ളവരും രോഗാവസ്ഥയിലുള്ളവരും തൊഴിലെടുക്കാനാകാതെ വീട്ടില്‍ കഴിയുന്നവരില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് വികലാംഗപെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് 1700/- രൂപ നിരക്കിലും പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക് 2200/- രൂപ നിരക്കിലും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ മറ്റ് രോഗികള്‍ക്ക് 1200/- രൂപ നിരക്കിലും പ്രതിമാസ ധനസഹായം അനുവദിച്ചു വരുന്നു.

 • എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത കുടുംബങ്ങളിലെ 12-ാം ക്ലാസ്സുവരെ പഠിക്കുന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങുന്നതിനും മറ്റ് ചെലവുകള്‍ക്കുമായി വിദ്യാഭ്യാസ ധനസഹായവും നല്‍കി വരുന്നു. ഇവരുടെ ചികിത്സയ്ക്ക് വേണ്ടി പ്രത്യേക ഫണ്ടും കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ക്ക് അനുവദിച്ച് നല്‍കിയിട്ടുണ്ട്.
 • കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉള്‍പ്പെടുന്ന 11 പഞ്ചായത്തുകള്‍ക്ക് നടത്തിപ്പ്, മെയിന്‍റനന്‍സ് ചെലവുകള്‍ എന്നിവ ബന്ധപ്പെട്ട പഞ്ചായത്തുകള്‍ വഹിക്കണമെന്ന വ്യവസ്ഥയിന്‍മേല്‍ ഓരോ ആംബുലന്‍സ് വാങ്ങുന്നതിന് ഭരണാനുമതിയും ആംബുലന്‍സുകള്‍ വാങ്ങുന്നതിനുള്ള നടപടി ക്രമങ്ങള്‍ സ്വീകരിക്കുന്നതിന് കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ സെല്ലിനെ ചുമലതപ്പെടുത്തിയിരിക്കുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആംബുലന്‍സ് ആവശ്യമാണെന്നറിയിച്ച 9 പഞ്ചായത്തുകള്‍ക്ക് ആംബുലന്‍സ് വാങ്ങി നല്‍കുന്നതിനായി 71,73,012/- രൂപ കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്.
 • എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നഷ്ടപരിഹാരമായി 5 ലക്ഷം രൂപ വരെ അനുവദിച്ച് നല്‍കുന്നതിനായി കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ക്ക് ചുവടെ പറയും പ്രകാരം തുക അനുവദിച്ച് നല്‍കിയിട്ടുണ്ട്.
 • എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരില്‍ പൂര്‍ണ്ണമായും കിടപ്പിലായവരെ പരിചരിക്കുന്നവര്‍ക്ക് പ്രതിമാസം 700/- രൂപ ധനസഹായം അനുവദിക്കുന്ന സ്പെഷ്യല്‍ ആശ്വാസകിരണം പദ്ധതി നടപ്പാക്കി വരുന്നു. ഇതുവരെ ഈ പദ്ധതിയുടെ പ്രയോജനം 905 ഗുണഭോക്താക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്. ടി പദ്ധതിയുടെ നടത്തിപ്പിനായി 01.2017 വരെ 771.98 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്.

വയോമിത്രം പദ്ധതി :

65 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് മൊബൈല്‍ ക്ലിനിക്കിലൂടെ സൗജന്യ ചികിത്സ, സൗജന്യ മരുന്ന്, കൗണ്‍സിലിംഗ് എന്നിവ നല്‍കി  ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതാണ് വയോമിത്രം പദ്ധതി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനുമുമ്പ് 44 നഗരസഭാപ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കിയിരുന്നത്.  ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാന വ്യാപകമായി നടപ്പാക്കാന്‍ തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തില്‍ 13 നഗരപ്രദേശങ്ങളില്‍ കൂടി ഈ പദ്ധതി ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 87 നഗരപ്രദേശങ്ങളിലും പദ്ധതി ആരംഭിക്കുന്നതിനുളള നടപടി സ്വീകരിച്ചു വരുന്നു.  ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഈ പദ്ധതിയില്‍ പുതുതായി 69694 വയോജനങ്ങള്‍ പേര്‍ രജിസ്റ്റര്‍ ചെയ്ത് പദ്ധതി ആനുകൂല്യം പറ്റി വരുന്നു. പദ്ധതി ചെലവുകള്‍ക്കായി 31.01.2017 വരെ 765 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്.

 വിശപ്പു രഹിത നഗരം പദ്ധതി :

വിശന്നിരിക്കുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യമായി നല്‍കുന്ന  വിശപ്പുരഹിത നഗരം പദ്ധതി കോഴിക്കോട്, മലപ്പുറം, കൊല്ലം, തിരുവനന്തപുരം നഗരങ്ങളില്‍ നടപ്പിലാക്കി വരുന്നു. ഇതിനായി 31.01.2017 വരെ 152.21 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്.

സാമൂഹ്യ നീതി വകുപ്പിന്‍റെ കീഴിലുള്ള ക്ഷേമ സ്ഥാപനങ്ങളില്‍ അഡീഷണ കെയര്‍ പ്രൊവൈഡേഴ്സിനെ വയ്ക്കുന്ന പദ്ധതി :

സാമൂഹ്യ നീതി വകുപ്പിന്‍റെ കീഴിലുള്ള മിക്ക ക്ഷേമ സ്ഥാപനങ്ങളിലും പ്രവേശിപ്പിക്കാന്‍ അനുമതിയുള്ള അന്തേവാസികളെക്കാള്‍ അധികം പേരെ താമസിപ്പിക്കാന്‍ സ്ഥാപന അധികൃതര്‍ നിര്‍ബന്ധിതരായിട്ടുണ്ട്. അധികമായി പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന അന്തേവാസികള്‍ക്ക് ആവശ്യമായ പരിരക്ഷ നല്‍കി അവരുടെ ശാരീരിക മാനസിക ശേഷി വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടുകൂടി ക്ഷേമ സ്ഥാപനങ്ങളില്‍ അഡീഷണല്‍ കെയര്‍ പ്രൊവൈഡര്‍മാരെ അനുവദിക്കുന്ന പദ്ധതി സാമൂഹ്യ നീതി  വകുപ്പിന്‍റെ  കീഴിലുളള  74  ക്ഷേമ സ്ഥാപനങ്ങളിലും അനുവദിച്ചു വരുന്നു. ഈ പദ്ധതിയിലൂടെ സ്ഥാപനങ്ങളിലെ അന്തേവാസികളുടെ പരിചരണവും വൃത്തിയും നല്ല നിലയില്‍ മെച്ചപ്പെട്ടിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 31.01.2017 വരെ പദ്ധതി ചെലവുകള്‍ക്ക് 236.27 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്.

വൈകല്യ നിര്‍ണ്ണയ മെഡിക്കല്‍ സര്‍ട്ടിഫിക്കേഷന്‍ ക്യാമ്പിലൂടെ വികലാംഗര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും തല്‍സമയം വിതരണം ചെയ്യുന്ന പദ്ധതി :

സംസ്ഥാനത്തെ  വൈകല്യം ബാധിച്ച മുഴുവന്‍ പേരെയും കണ്ടെത്തി ഇത്തരം വ്യക്തികള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും ലഭിക്കാവുന്ന ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുളള അടിസ്ഥാനരേഖയായ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും നല്‍കുന്ന പദ്ധതിയാണിത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം  78 ക്യാമ്പുകള്‍ സംഘടിപ്പിച്ച് 14,413 പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും നല്‍കുകയുണ്ടായി. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 31.01.2017 വരെ 66.71 ലക്ഷം രൂപ ചെവഴിച്ചിട്ടുണ്ട്.

ശ്രുതിതരംഗം പദ്ധതി :

ശ്രവണവൈകല്യമുള്ള കുട്ടികളെ വളരെ ചെറുപ്പത്തില്‍ തന്നെ കണ്ടെത്തി കോക്ലിയാര്‍ ഇംപ്ലാന്‍റേഷന്‍ സര്‍ജറി നടത്തി  ഓഡിയോ വെര്‍ബല്‍ ഹബിലിറ്റേഷനിലൂടെ വൈകല്യം മാറ്റിയെടുക്കുന്ന പദ്ധതിയാണ് ശ്രുതിതരംഗം. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സമയബന്ധിതമായി നടപ്പാക്കിയ ഈ പദ്ധതിയിലൂടെ 659 കുട്ടികള്‍ക്ക് കോക്ലിയാര്‍ ഇംപ്ലാന്‍റേഷന്‍ സര്‍ജറി നടത്തി ഓഡിയോ വെര്‍ബല്‍ ഹബിലിറ്റേഷന്‍ നല്‍കി വരുന്നു. ശ്രുതിതരംഗം പദ്ധതി നടപ്പിലാക്കുന്നതിനായി  പ്രൈവറ്റ് ആശുപത്രികള്‍ക്കു പുറമെ 3 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളെ കൂടി സജ്ജമാക്കിയിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പുതുതായി 35 കുട്ടികള്‍ക്കാണ് കോക്ലിയാര്‍ ഇംപ്ലാന്‍റേഷന്‍ ശസ്ത്രക്രിയ നടത്തി നല്‍കിയത്. ഈ പദ്ധതി നടപ്പിലാക്കുന്നതിനായി 197.23 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്.

സ്നേഹപൂര്‍വ്വം പദ്ധതി :

മാതാപിതാക്കള്‍ രണ്ടുപേരും മരണപ്പെടുകയോ, അല്ലെങ്കില്‍ ഒരാള്‍ മരണപ്പെടുകയും ജീവിച്ചിരിക്കുന്നയാള്‍ക്ക് കുട്ടികളെ സംരക്ഷിക്കാന്‍ സാമ്പത്തിക സ്ഥിതിയില്ലാതാവുകയും ചെയ്യുന്ന വീടുകളിലെ കുട്ടികള്‍ അനാഥാലയങ്ങളില്‍ തള്ളപ്പെടുകയാണ് ചെയ്യുന്നത്. ഇത്തരം കുട്ടികള്‍ അവരുടെ കുടുംബാംഗങ്ങളുടെ സംരക്ഷണത്തില്‍ വളര്‍ന്ന് വിദ്യാഭ്യാസം നേടുകയെന്ന ഉദ്ദേശ്യത്തോടെ ആവിഷ്ക്കരിച്ച പദ്ധതിയാണ് “സ്നേഹപൂര്‍വ്വം” വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന ഓണ്‍ലൈനായാണ് അപേക്ഷകള്‍ സ്വീകരിച്ചു വരുന്നത്. സ്നേഹപൂര്‍വ്വം പദ്ധതിയിലൂടെ പ്രതി വര്‍ഷം 50,000 ത്തോളം  കുട്ടികള്‍ക്ക് ആനുകൂല്യം അനുവദിച്ചു വരുന്നു. സംസ്ഥാനത്തെ എച്ച്.ഐ.വി/എയ്ഡ്സ് ബാധിതരായ കുട്ടികളെ കൂടി സ്നേഹപൂര്‍വ്വം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്നേഹപൂര്‍വ്വം പദ്ധതി ഗുണഭോക്താക്കള്‍ക്കായി 14 ജില്ലകളിലും 100 പേരടങ്ങുന്നതും 10-ാം ക്ലാസ്സ് മുതല്‍ 12-ാം ക്ലാസ്സ് വരെയുളള ഓരോ ബാച്ചിന് ജീവിത നൈപുണ്യ പരിശീലനം നല്‍കുന്ന 2 ദിവസത്തെ റസിഡന്‍ഷ്യല്‍ പ്രോഗ്രാമായ څസ്നേഹ സംഗമംچവും നടപ്പിലാക്കിയിട്ടുണ്ട്.

ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 12,924 പേര്‍ക്ക് സ്നേഹപൂര്‍വ്വം പദ്ധതി ധനസഹായം അനുവദിച്ചു നല്‍കിയിട്ടുണ്ട്. കൂടാതെ നടപ്പു സാമ്പത്തിക വര്‍ഷം ഓണ്‍ലൈന്‍ ആയി അപേക്ഷിച്ച് പ്രിന്‍റ് ഔട്ട് ലഭിച്ച് അര്‍ഹതയുളള  30,000 പേര്‍ക്ക് ഈ അദ്ധ്യയന വര്‍ഷത്തെ ധനസഹായം അനുവദിക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചു വരുന്നു. കൂടാതെ സംസ്ഥാനത്തെ എച്ച്.ഐ.വി/എയ്ഡ്സ് ബാധിതരായ 35 കുട്ടികള്‍ക്ക് 2016 ഒക്ടോബര്‍ മാസത്തില്‍ ധനസഹായം അനുവദിച്ചിട്ടുണ്ട്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 31.01.2017 വരെ 652.85 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്.

സ്റ്റേറ്റ് ഡിസബിലിറ്റി സര്‍വ്വേ :

സംസ്ഥാനത്തെ അംഗപരിമിതരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് ഫലപ്രദമായി നടപ്പാക്കുന്നതിന് അംഗപരിമതരുടെ എണ്ണവും അവരുടെ വിഭാഗം തിരിച്ചുള്ള കണക്കും അംഗപരിമിതിയുടെ തോതും അവരുടെ ജീവിത നിലവാരവും മനസ്സിലാക്കുന്നതിന്  സംസ്ഥാനത്തെ എല്ലാ വീടുകളും സന്ദര്‍ശിച്ച് അംഗപരിമിതരുടെ എണ്ണം എടുക്കുന്നതിനും, വൈകല്യത്തിന്‍റെ വിഭാഗം തിരിച്ചുള്ള കണക്കും, ഇവരുടെ സാമൂഹിക സാമ്പത്തിക വിവരശേഖരണത്തിനുമായി വിപുലമായ ഒരു സെന്‍സസ് കേരള സാമൂഹ്യ സുരക്ഷ മിഷന്‍ പൂര്‍ത്തിയാക്കി ഡേറ്റാ പ്രസിദ്ധീകരിച്ചിട്ടുണ്‍ണ്ട്. വൈകല്യമുളളവര്‍ക്കായി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് ഇത് പ്രയോജനപ്പെടുന്നതാണ്. ടി സെന്‍സസിന്‍റെ ലൈവ് ഡേറ്റ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുളള നടപടി സ്വീകരിച്ചിട്ടുണ്ട്.

സമാശ്വാസം പദ്ധതി :

നിരന്തരമായ ചികിത്സ ആവശ്യമായ ഡയാലിസിസില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പ്രതിമാസം 1100/- രൂപ നിരക്കിലും  വൃക്ക, കരള്‍ മാറ്റിവയ്ക്കല്‍ സര്‍ജറിയ്ക്ക് വിധേയരായവര്‍, ഹീമോഫീലിയ രോഗികള്‍, ബാധിച്ചവര്‍ എന്നിവര്‍ക്ക് പ്രതിമാസം 1000/- രൂപ നിരക്കിലും അരിവാള്‍ രോഗം ബാധിച്ചവര്‍ക്ക് 2000/- രൂപ നിരക്കിലും  ധനസഹായം അനുവദിക്കുന്ന സമാശ്വാസം പദ്ധതി  പ്രകാരം 5281 പേര്‍ക്ക്  നല്‍കി വന്ന ധനസഹായം ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പുതുതായി 1293 പേര്‍ക്കു കുടി അനുവദിച്ചിട്ടുണ്ട്. ഇതിനായി 31.01.2017 വരെ ആകെ 446.41 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്.

വി-കെയര്‍ :

കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിയ്ക്കുന്ന പദ്ധതി വിഹിതത്തിനു പുറമേ  ആവശ്യമായ വിഭവം കോര്‍പ്പറേറ്റുകള്‍, ഫൗണ്ടേഷനുകള്‍, വ്യക്തികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും സമാഹരിച്ച് പദ്ധതി സമയബന്ധിതമായി നടപ്പാക്കുകയെന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച് നടപ്പിലാക്കി വരുന്ന പദ്ധതിയില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 3 പേര്‍ക്ക് ധനസഹായം അനുവദിച്ചിട്ടുണ്ട്.  ഈ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ചെലവിനായി 31.01.2017 വരെ 65.12 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, വ്യക്തികള്‍, കമ്പനികള്‍, കോര്‍പ്പറേറ്റുകള്‍ എന്നിവയില്‍ നിന്ന് ഫണ്ട് സമാഹരിച്ച് ബഡ്ജറ്റ്  വിഹിതത്തിനു പുറമേ പദ്ധതി  പ്രവര്‍ത്തനങ്ങള്‍ക്ക്  ഫണ്ട് കണ്ടെത്തുകയും ഗുണഭോക്താക്കള്‍ക്കായി ചെലവഴിക്കുകയും ചെയ്തു വരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 31.01.2017 വരെ ഇപ്രകാരം 685.13 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്.

സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റീസ് (എസ്.ഐ.ഡി):

വൈകല്യ മേഖലയില്‍ പ്രത്യേക ഇടപെടലുകള്‍ നടത്തുന്നതിനായി സാമൂഹ്യനീതി വകുപ്പ് കേരള സാമൂഹ്യ സുരക്ഷാ മിഷനിലൂടെ ആരംഭിച്ചിട്ടുളള പദ്ധതിയാണ് സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റീസ്. ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

റുബെല്ലാ വാക്സിനേഷന്‍

റുബെല്ലാ എന്ന രോഗം ഗര്‍ഭിണികള്‍ക്ക് വന്നാല്‍ ഗര്‍ഭസ്ഥ ശിശുവിന് വൈകല്യമുണ്ടാകാനുളള സാധ്യത ഏറെയാണ്. ഇത് പ്രതിരോധിക്കുവാനായി റുബെല്ലാ വാക്സിന്‍ കൗമാരക്കാരായ    പെണ്‍കുട്ടികള്‍ക്ക് സ്കൂള്‍ തലത്തില്‍ വച്ച് നല്‍കുന്നതിന് നടപടി സ്വീകരിച്ചു. ഈ സര്‍ക്കാര്‍    അധികാരമേറ്റശേഷം 5 ലക്ഷം പെണ്‍കുട്ടികള്‍ക്ക് വാക്സിനേഷന്‍ നല്‍കി.

എം.എം.ആര്‍ വാക്സിനേഷന്‍

 മംപ്സ്, മീസെല്‍സ്, റുബെല്ലാ എന്നിവയെ പ്രതിരോധിക്കുന്നതിനായി ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 6 ലക്ഷം പേര്‍ക്ക് വാക്സിനേഷന്‍ നല്‍കുവാന്‍ സാധിച്ചു.

കേള്‍വി പരിശോധ പദ്ധതി

നവജാത ശിശുക്കളിലെ കേള്‍വി വൈകല്യം തടയുന്നതിനായി ജനിച്ചാലുടന്‍തന്നെ കേള്‍വി പരിശോധിക്കുന്നതിനായി Otoacoustic Emission Screeners കേരളത്തിലെ 40 സര്‍ക്കാര്‍ പ്രസവ ആശുപത്രികളില്‍ സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റീസ് നല്‍കിയിട്ടുണ്ട്. ഇതിനായി 100-ല്‍ അധികം പ്രസവം നടക്കുന്ന ആശുപത്രികളില്‍ മാത്രം നല്‍കിയിരുന്ന സേവനം പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലേക്കും വ്യാപിപ്പിച്ച് കേരളത്തിലെ മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും കേള്‍വി   പരിശോധന ഒരു വര്‍ഷത്തിനുളളില്‍ സാര്‍വത്രികമാക്കും.

ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രങ്ങള്‍. ((District Early Intervention Centers-DEIC))

വൈകല്യങ്ങള്‍ പ്രത്യേകിച്ചും മാനസിക വൈകല്യങ്ങള്‍, ബഹു വൈകല്യങ്ങള്‍, ഓട്ടിസം തുടങ്ങിയവ എത്രയും നേരത്തെ കണ്ടെത്തി, ആവശ്യമായ തെറാപ്പികളും ചികില്‍സകളും ലഭ്യമാക്കുന്നതിന് വേണ്ടി ഓരോ ജില്ലയിലും ഓരോ DEIC കള്‍ സ്ഥാപിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനാവശ്യമായ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലം എല്ലാ ജില്ലകളിലും കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്‍റെ ഉടമസ്ഥതയിലുളള സ്ഥലങ്ങളാണ് ഇതിനായി ഗവണ്‍മെന്‍റ് ഉത്തരവിലൂടെ ലഭ്യമാക്കിയിട്ടുളളത്. പത്തനംതിട്ട        ഒഴികെയുളള എല്ലാ ജില്ലകളിലും പൊതുമരാമത്ത് വകുപ്പിന്‍റെ കെട്ടിട വിഭാഗത്തെയാണ് നിര്‍മ്മാണ ചുമതല ഏല്‍പ്പിച്ചിട്ടുളളത്. പത്തനംതിട്ട ജില്ലയില്‍ തദ്ദേശ സ്വയം ഭരണ വകുപ്പിന്‍റെ എന്‍ജീനിയറിംഗ് വിഭാഗത്തിനെയാണ് നിര്‍മ്മാണ ചുമതല ഏല്‍പ്പിച്ചിട്ടുളളത്.

ഒന്‍പത് ജില്ലകളിലെ കെട്ടിട നിര്‍മ്മാണത്തിനായി ഭരണാനുമതി ലഭിക്കുകയും, എട്ട് ജില്ലകള്‍ക്ക് തുക നല്‍കുകയും ചെയ്തിട്ടുണ്ട്. എസ്റ്റിമേറ്റുകള്‍ ലഭിച്ച മറ്റ് ജില്ലകള്‍ക്ക് ഭരണാനുമതി ലഭിക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചുവരുന്നു. കെട്ടിട നിര്‍മ്മാണത്തിനായി   30.36 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

മൊബൈല്‍ ഇന്‍റര്‍വെന്‍ഷന്‍ യൂണിറ്റുകള്‍.

മാനസിക വൈകല്യമുളള പലര്‍ക്കും പ്രത്യേകിച്ചും കുട്ടികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ എത്തിപ്പെടാന്‍ കഴിയാതെ വരുന്ന അവസ്ഥയുണ്ട്. ഇത്തരത്തിലുളളവര്‍ക്ക് അവര്‍ താമസിക്കുന്ന പ്രദേശത്തിന് സമീപങ്ങളില്‍ സേവന സൗകര്യങ്ങള്‍ നിശ്ചിത ദിവസങ്ങളില്‍ എത്തിച്ച്, അവര്‍ക്കു കൂടി ലഭ്യമാക്കുക എന്നതാണ് മൊബൈല്‍ ഇന്‍റര്‍വെന്‍ഷന്‍ യൂണിറ്റുകളിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്താകമാനം ഇത്തരം മെബൈല്‍ ഇന്‍റര്‍വെന്‍ഷന്‍ യൂണിറ്റുകള്‍ ആരംഭിക്കുക എന്നതാണ് എസ്.ഐ.ഡി. യുടെ ലക്ഷ്യം. ഈ പദ്ധതി ഇപ്പോള്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നടപ്പാക്കി വരുന്നു.

സ്പെഷ്യല്‍ അങ്കണവാടികള്‍

വൈകല്യങ്ങള്‍ ബാധിച്ച കുട്ടികള്‍ക്ക് പ്രത്യേകിച്ചും മാനസിക വൈകല്യങ്ങള്‍ ബാധിച്ച കുട്ടികള്‍ക്ക് പ്രത്യേക പരിചരണങ്ങള്‍, തെറാപ്പികള്‍, പഠനസൗകര്യങ്ങള്‍ തുടങ്ങിയവ അങ്കണവാടി തലത്തില്‍ നല്‍കുന്നതിനുളള ഒരു പ്രത്യേക പദ്ധതിയാണ് സാമൂഹ്യ ക്ഷേമ വകുപ്പ് ഇതിലൂടെ വിഭാവനം ചെയ്തത്. ഈ പദ്ധതിയിലൂടെ ഓരോ പഞ്ചായത്തിലും ഓരോ സ്പെഷ്യല്‍ അങ്കണവാടികള്‍  സ്ഥാപിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

കേരള സാമൂഹ്യ സുരക്ഷാ മിഷനെയാണ് ഈ പദ്ധതിയുടെ നടത്തിപ്പ് ഏല്‍പ്പിച്ചത്. എസ്.ഐ.ഡിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് ആകമാനം പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി ഈ പദ്ധതി കോഴിക്കോട് ജില്ലയില്‍ ഇപ്പോള്‍ പൈലറ്റ് ചെയ്തു വരുന്നു. കോഴിക്കോട് ജില്ലയിലെ ഓരോ ഐ.സി.ഡി.എസ് പ്രോജക്റ്റിലേയും ഓരോ അങ്കണവാടികളാണ് ഈ പദ്ധതി പൈലറ്റ് ചെയ്യാന്‍ തിരഞ്ഞെടുത്തിട്ടുളളത്. ഈ പദ്ധതി കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളില് ഈ വര്‍ഷം വ്യാപിപ്പിക്കുന്നതാണ്.

വൈകല്യ നിര്‍ണ്ണയ ക്യാമ്പുകള്‍.

വൈകല്യങ്ങള്‍ ഉളള വ്യക്തികളുടെ വൈകല്യ നിര്‍ണ്ണയത്തിന്‍റെ തോത് കണ്ടുപിടിച്ച് ആവശ്യമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും നല്‍കുന്നതിനായി സംസ്ഥാനത്ത് ആകമാനം വികേന്ദ്രീകൃത വൈകല്യ ക്യാമ്പുകള്‍ സംഘടിപ്പിച്ച് വരുന്നു. ഗ്രാമപഞ്ചായത്ത് തലത്തിലോ, ഒന്നിലധികം പഞ്ചായത്തുകള്‍ക്ക് ഒരുമിച്ചോ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഈ വര്‍ഷം ഇതുവരെ 98 ക്യാമ്പുകളിലായി 16344 പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. 100 ക്യാമ്പുകള്‍ കൂടി ഈ വര്‍ഷം തുടര്‍ന്ന് സംഘടിപ്പിക്കുന്നതാണ്.

ആഡിറ്ററി വെര്‍ബല്‍ തെറാപ്പി ലാബ്.

അംഗപരിമിതരായ കുട്ടികള്‍ക്കുളള പ്രത്യേക പരിചരണങ്ങള്‍ നല്‍കുന്നതിലേക്ക് ആധുനിക ആഡിറ്ററി വെര്‍ബല്‍ തെറാപ്പി ലാബ് 76,70,978/ രൂപ ചിലവില്‍ ഇരിങ്ങാലക്കുട നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്‍റ് റീഹാബിലിറ്റേഷനും 82,45,000/- രൂപ കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിനും നല്‍കി.

എംപവര്‍ പദ്ധതി.

സംസ്ഥാനത്തെ വിവധ സ്കൂളുകളില്‍ നിന്നും തിരഞ്ഞെടുത്ത ഇരുപതോളം ഭിന്നശേഷിയുളള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ഇന്ദ്രജാല പരിശീലനം നല്‍കുന്ന പദ്ധതിയാണിത്. ഈ കുട്ടികള്‍ കേരളത്തിലെ സാമൂഹ്യ സാമുദായിക സാഹിത്യ മേഖലകളില്‍ ഇന്ദ്രജാലം അവതരിപ്പിച്ച് അവരിലെ കഴിവുകളെ മറ്റുളളവര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരത്തെ മാജിക് അക്കാദമിയുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

വീ കെയര്‍ വോളന്‍റിയര്‍ കോര്‍പ്സ് :

ശാരീരിക- മാനസിക അവശതകള്‍ അനുഭവിക്കുന്നവരും പ്രായാധിക്യം കൊണ്ട് ജീവിതം ദുരിത പൂര്‍ണ്ണമായവര്‍ക്കും സമ്പൂര്‍ണ്ണമായി പരിചരണ സേവന സഹായം നല്‍കുന്നതിന് സാമൂഹീകാധിഷ്ടിത സേവന സംഘത്തെ രൂപീകരിക്കുന്ന പദ്ധതിയായ വീകെയര്‍ വോളന്‍റിയര്‍ കോര്‍പ്സ്  രൂപീകരിക്കുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ട്. കൂടാതെ വീകെയര്‍ വോളന്‍റിയര്‍ കോര്‍പ്സ് വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ഒരു വെബ്പോര്‍ട്ടല്‍ രൂപീകരിക്കുന്നതിന് ENTER TECHNOLOGY, ZYXWARE, ISYX TECHNOLOGY എന്നീ സ്ഥാപനങ്ങളുമായി എഗ്രിമെന്‍റില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രധാനപ്പെട്ട പദ്ധതികള്‍

സ്റ്റേറ്റ് ഇന്‍ഷ്യേറ്റീവ്സ് ഓണ്‍ ഡിസെബിലിറ്റീസ്

അനുയാത്ര നമ്മുടെ സംസ്ഥാനത്തെ അംഗപരിമിത സൗഹാര്‍ദ്ദ സംസ്ഥാനമാക്കി  മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ, അംഗപരിമിത പരിപാലന മേഖലയിലെ അംഗീകൃത അന്താരാഷ്ട്ര കാഴ്ച്ചപ്പാടുകള്‍ക്കും സമീപനങ്ങള്‍ക്കും അനുസൃതമായി ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി  ‘അനുയാത്രാ’ എന്ന പേരില്‍ ഒരു  ‘അവകാശാധിഷ്ഠിത സമഗ്ര ജീവിത ചക്ര സമീപനം’ ഈ മേഖലയില്‍ സ്വീകരിക്കുകയാണ്. 2016 ലെ അംഗപരിമിതരുടെ അവകാശ നിയമത്തിനനുസൃതമായാണ് അനുയാത്ര നടപ്പാക്കുന്നത്. പ്രാഥമിക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുതല്‍ സുസ്ഥിരമായ പുനരധിവാസം വരെയുളള ഒട്ടനവധി ഇടപെടലുകള്‍ ഈ പദ്ധതിയിലൂടെ നടപ്പാക്കുന്നതാണ്. ഗര്‍ഭ ധാരണത്തിന് മുന്‍പ് തന്നെ വൈകല്യങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഘടകങ്ങളെക്കുറിച്ചുളള ബോധവത്കരണം, അമ്മയ്ക്കും കുഞ്ഞിനുമുളള പ്രതിരോധ കുത്തിവെയ്പ്പുകള്‍, കുട്ടികള്‍ ജനിച്ച ഉടന്‍തന്നെ സ്ക്രീനിംഗ്, എല്ലാ ജില്ലകളിലും സുസജ്ജമായ പ്രാരംഭ ഇടപെടല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കല്‍, നിലവിലുളള ഇത്തരം കേന്ദ്രങ്ങളുടെ ശാക്തീകരണം, നവജാത ശിശുക്കളുടെ കേള്‍വി പരിശോധന, സഞ്ചരിക്കുന്ന സേവന യൂണിറ്റുകള്‍ (6 ബ്ലോക്കിന് 1 എന്ന നിലയില്‍), മെഡിക്കല്‍ കോളേജുകളിലും മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഉയര്‍ന്ന നിലവാരമുളള മറ്റു സ്ഥാപനങ്ങളിലും ഓട്ടിസം സെന്‍ററുകള്‍ സ്ഥാപിക്കല്‍, പ്രത്യേകം പരിചരണം ആവശ്യമുളള കുട്ടികള്‍ക്കായി സ്പെഷ്യല്‍ അങ്കണവാടികള്‍, പട്ടിക വര്‍ഗ്ഗ പട്ടിക ജാതി, തീരദേശ പ്രദേശങ്ങള്‍ തുടങ്ങിയ പ്രത്യേക പരിഗണന ആവശ്യമായ മേഖലകളില്‍ പ്രത്യേക ഇടപെടല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കല്‍, തുടങ്ങിയ പദ്ധതികള്‍ അനുയാത്രയുടെ ഭാഗമായി നടപ്പാക്കുന്നതാണ്. കൂടാതെ ദാരിദ്ര്യ രേഖയ്ക്കു താഴെയുളള അംഗപരിമിതരെ ‘സ്വാവലംബന്‍’ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി അവരുടെ ഗുണഭോക്തൃവിഹിതം ഗവണ്‍മെന്‍റ് വഹിക്കുന്നതാണ്. അര്‍ഹരായ എല്ലാ അംഗപരിമിതര്‍ക്കും UDID Card നല്‍കുന്നതാണ്. കൂടാതെ മാനസിക വെല്ലുവിളികള്‍ നേരിടുന്ന 1000 കുട്ടികള്‍ക്ക് ഒന്ന് എന്ന തോതില്‍ മാതൃകാ ശിശു പുനരധിവാസ കേന്ദ്രങ്ങള്‍ (MCRC) സ്ഥാപിക്കുക, ബഡ്സ് സ്കൂളുകള്‍ ശാക്തീകരിക്കുക, കുട്ടികള്‍ക്കുളള പുനരധിവാസ കേന്ദ്രങ്ങള്‍ വ്യാപകമാക്കുക, ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ വിഭാഗങ്ങള്‍ക്കുളള വൈദഗ്ദ്ധ്യ പരിശീലനങ്ങള്‍, അംഗപരിമിതര്‍ക്ക് തൊഴിലധിഷ്ഠിത പരിശീലനവും ജോലിയും, അസിസ്റ്റഡ് ഹോമുകള്‍, അംഗപരിമിതര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുളള കേന്ദ്രീകൃത ‘കോള്‍ സെന്‍റര്‍’ എന്നിവയും ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നു. സാമൂഹ്യ നീതി – ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിനു വേണ്ടി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍റെ സ്റ്റേറ്റ് ഇന്‍ഷ്യേറ്റീവ്സ് ഓണ്‍ ഡിസെബിലിറ്റീസ് (SID) ആണ് ‘അനുയാത്ര പദ്ധതി’  നടപ്പിലാക്കുന്ന നോഡല്‍ ഏജന്‍സി. ഇതിലേയ്ക്കായി എസ്.ഐ.ഡി യുടെ ബഡ്ജറ്റില്‍ നിന്നും 31 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ജുവൈനല്‍ ഡയബറ്റീസ് ബാധിച്ച കുട്ടികള്‍ക്ക് ഇന്‍സുലിന്‍ നല്‍കുന്ന ചികിത്സാ പദ്ധതി

ജുവൈനല്‍ ഡയബറ്റീസ് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന 1000-ത്തോളം കുട്ടികള്‍ നമ്മുടെ സംസ്ഥാനത്തുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിലെ ഇത്തരം കുട്ടികള്‍ക്ക് മുടക്കം ഇല്ലാതെ ഇന്‍സുലിന്‍ നല്‍കി രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

സ്ത്രീശക്തി  പദ്ധതി

കേരളത്തിലെ  സ്ത്രീകളുടെ തൊഴിലും സുരക്ഷയും ഉറപ്പാക്കുന്നതിനായി’ ‘സ്ത്രീശക്തി’ എന്ന പേരില്‍ പ്രതിവാര ലോട്ടറിയിലൂടെ സമാഹരിക്കപ്പെടുന്ന മുഴുവന്‍ തുകയും കേരളത്തിലെ സ്ത്രീകളുടെ ക്ഷേമം, സുരക്ഷ, തൊഴില്‍ തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനുളള പദ്ധതി നടപ്പിലാക്കുന്നതിന് മിഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ പദ്ധതിയിലൂടെ സ്ത്രീകളുടെ സുരക്ഷ, ഉന്നമനം, തൊഴില്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കി കൊണ്ടുളള വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ഉദ്ദേശിക്കുന്നു. കൂടാതെ ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി ഷെല്‍റ്റേഡ് വര്‍ക്ക്ഷോപ്പുകള്‍, പരിശീലന പരിപാടികള്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തുന്നതിനായി ഉദ്ദേശിക്കുന്നു.

ഓട്ടിസം പ്രോജക്ട്

സര്‍ക്കാര്‍ മേഖലയില്‍ ഓട്ടിസവും ആയി ബന്ധപ്പെട്ട പദ്ധതി ആരംഭിക്കുന്നതിനായി പ്രൊപ്പോസല്‍ തയ്യാറാക്കി ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇതനുസരിച്ച് താഴെപ്പറയുന്ന പദ്ധതികള്‍ നടപ്പാക്കുന്നതാണ്.

 • ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജുകളില്‍ ഓട്ടിസം സെന്‍ററുകള്‍.
 • സ്കൂളുകളുമായി ബന്ധപ്പെട്ട ഓട്ടിസം സെന്‍ററുകളുടെ ശാക്തീകരണം.
 • സ്പെഷ്യല്‍ ടീച്ചേഴ്സിന് പരിശീലനം.
 • രക്ഷിതാക്കള്‍ക്കുളള ബോധവല്‍ക്കരണം.
 • ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കേറ്റ് സംബന്ധിച്ച ബോധവല്‍ക്കരണ പരിപാടികള്‍.
 • സംസ്ഥാനത്തെ ഗവ. മെഡിക്കല്‍ കോളേജുകളില്‍ ഈ വര്‍ഷം തന്നെ ഓട്ടിസം സെന്‍ററുകള്‍  ആരംഭിക്കുന്നതാണ്

സേവന കേന്ദ്രം
അംഗപരിമിതരുടെ സംശയങ്ങളും പ്രയാസങ്ങളും ദൂരീകരിക്കുന്നതാനായി ഒരു സേവന  കേന്ദ്രം സാമൂഹ്യ സുരക്ഷാ മിഷന്‍  ഓഫീസ് കേന്ദ്രീകരിച്ച് ഈ സാമ്പത്തിക വര്‍ഷം തന്നെ ആരംഭിക്കുന്നു. ടീ കേന്ദ്രത്തിലൂടെ ടെലഫോണ്‍ മുഖാന്തിരം അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കുകയും ആവശ്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയുമാണ് ഈ പദ്ധതി വഴി ഉദ്ദേശിക്കുന്നത്.

മൊബൈല്‍ ഇന്‍റര്‍വെന്‍ഷന്‍ യൂണിറ്റ് (25 എണ്ണം)

അംഗപരിമിതരായവര്‍ക്ക് പ്രത്യേകിച്ചും ഗ്രാമപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ആവശ്യമായ സേവനങ്ങളും തെറാപ്പികളും അവരുടെ ഗ്രാമങ്ങളില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ 6 ബ്ലോക്ക് പഞ്ചായത്തിന് 1 എന്ന തോതില്‍ 25 മൊബോല്‍ ഇന്‍റര്‍വെന്‍ഷന്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നതാണ്.

അട്ടപ്പാടിയില്‍ പ്രത്യേക ഇന്‍റര്‍വെന്‍ഷന്‍ യൂണിറ്റ്.

പട്ടികജാതി, പട്ടികവര്‍ഗ്ഗ മേഖലകളില്‍ ഇപ്പോഴും ഇന്‍റര്‍വെന്‍ഷന്‍ യൂണിറ്റിന്‍റെ സേവനം ലഭ്യമല്ലാതിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പാലക്കാട് ജില്ലയില്‍ അട്ടപ്പാടിയിലെ കോട്ടത്തറയിലുളള സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഒരു സ്പെഷ്യല്‍ ഇന്‍റര്‍വെന്‍ഷന്‍ യൂണിറ്റ് ആരംഭിക്കുന്നതാണ്.

യൂണിവേഴ്സല്‍ ഡിസെബിലിറ്റി ഐഡന്‍റിറ്റി കാര്‍ഡ് (UDID).

അംഗപരിമിതരായ വ്യക്തികളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ സാര്‍വ്വത്രികമായി ഉപയോഗിക്കത്തക്കവിധം വളരെ വേഗത്തില്‍ വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് ലഭ്യമാക്കുന്ന പദ്ധതി ആരംഭിക്കുന്നതാണ്. അംഗപരിമിതരായ എല്ലാവര്‍ക്കും ഡഉകഉ കാര്‍ഡുകള്‍ നല്‍കുന്നതാണ്.

സ്വാവലംബന്‍ ഇന്‍ഷ്വറന്‍സ്.

അംഗപരിമിതരായ വ്യക്തികള്‍ക്കും അവരുടെ കുടുംബത്തിനുമായി ആരംഭിച്ചിട്ടുളള സമഗ്ര ഇന്‍ഷ്വറന്‍സ് പദ്ധതി അര്‍ഹരായ എല്ലാവര്‍ക്കും എത്തിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ്. പ്രതിവര്‍ഷ ഗുണഭോക്തൃ വിഹിതമായ 357/- രൂപ ആദ്യ ഘട്ടത്തില്‍ അര്‍ഹരായ ഒരുലക്ഷം  അംഗപരിമിതര്‍ക്കായി എസ്.ഐ.ഡി. നല്‍കുന്നതാണ്.

മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഡിസെബിലിറ്റി മാനേജ്മെന്‍റ് പദ്ധതി.

മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ കമ്മ്യൂണിറ്റി മെഡിസിന്‍ ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ സഹകരണത്തോടെ സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കുകയും പ്രത്യേകിച്ച് അംഗപരിമിതരെ അവരുടെ വീടുകളില്‍ സന്ദര്‍ശിക്കുകയും ആവശ്യമുളളവര്‍ക്കായി പാലിയേറ്റീവ് കെയര്‍ നല്‍കുകയും ചെയ്യുന്ന പദ്ധതി ആരംഭിക്കുന്നതാണ്. ആദ്യ ഘട്ടത്തില്‍ ഈ പദ്ധതി ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജില്‍ നടപ്പിലാക്കുന്നതാണ്.