• വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോയി പഠിക്കാന്‍ കഴിയാത്ത, എന്നാല്‍ ഓപ്പണ്‍ സ്‌ക്കൂള്‍/കോളേജ് വഴി രജിസ്റ്റര്‍ ചെയ്ത് പഠനം നടത്തുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം പരമാവധി 10,000/- രൂപ.
 • ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് യോഗാ പരിശീലനം.
 • ഓട്ടിസം, മാനസിക വൈകല്യം, ബുദ്ധിവൈകല്യം എന്നിവ ബാധിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണം.
 • ദാരിദ്ര്യ രേഖയ്ക്കു താഴെയുളള 60 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പൗര•ാര്‍ക്കു കൃത്രിമ പല്ലുകള്‍ വച്ച് നല്‍കുന്ന ‘ മന്ദഹാസം’ പദ്ധതി.
 • ഭിന്നലിംഗക്കാര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ്.
 • ഭിന്നലിംഗക്കാരായ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ സ്‌ക്കുള്‍ അദ്ധ്യാപകര്‍ക്ക് പരിശീലനം.
 • കൊല്ലം ജില്ലയില്‍ ഫ്രാന്‍സിസ്‌കന്‍ സിസ്റ്റേഴ്‌സ് ഓഫ് ദി ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി എന്ന സന്നദ്ധ സംഘടനയുടെ മേല്‍നോട്ടത്തില്‍ നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം.
 • നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനായി ഷെല്‍ട്ടര്‍ ഹോമിനുളള പ്രതിമാസ വര്‍ക്കിംഗ് ഫണ്ട് 2,30,250/- രൂപയായി ഉയര്‍ത്തി. നിലവില്‍ ഷെല്‍ട്ടര്‍ ഹോമില്ലാത്ത ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ചു നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം ആരംഭിക്കും.
 • തിരുവനന്തപുരത്ത് പൂജപ്പുര ഇന്‍സ്റ്റിറ്റിയൂഷന്‍ കോപ്ലക്‌സിലെ നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം അനക്‌സിനെ പൂര്‍ണ തോതിലുളള നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമായി ഉയര്‍ത്തി.
 • വണ്‍ സ്റ്റോപ്പ് സെന്റര്‍ (OSC) വ്യാപനത്തിനു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പരിഷ്‌ക്കരിച്ച പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയനാട്, മലപ്പുറം, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ പുതിയതായി വണ്‍ സ്റ്റോപ്പ് സെന്റര്‍ ആരംഭിക്കുന്നു.

അടുത്ത വര്‍ഷം നടപ്പാക്കാന്‍ ലക്ഷ്യമിട്ടിരുക്കുന്ന പ്രാധാന പദ്ധതികള്‍

 • ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുളള പുതിയ നിയമം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ സംയോജിത വികസനത്തിനുളള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചുനടപ്പാക്കാന്‍ സാമൂഹ്യ നീതി വകുപ്പില്‍ പിഡബ്ല്യൂഡി റിസര്‍ച്ച് ആന്‍ഡ് ഗൈഡന്‍സ് സെല്‍ സ്ഥാപിക്കും.
 • സാമൂഹ്യനീതി വകുപ്പിനു കീഴിലെ പൊതു കെട്ടിടങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കാന്‍ ലക്ഷ്യമിട്ട് ബാരിയര്‍ ഫ്രീ ആക്കാനുളള നടപടി.
 • സംസ്ഥാനത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി മാറ്റുകയെന്ന ലക്ഷ്യത്തോടെ അംഗപരിമിത പരിപാലന മേഖലയിലെ രാജ്യാന്തര സമീപനങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും അനുസൃതമായി ആവിഷ്‌ക്കരിക്കുന്ന പുതിയ പദ്ധതിയാണ് ‘അനുയാത്ര’. പ്രാരംഭദശയില്‍ തന്നെ വൈകല്യങ്ങളെ ചെറുക്കുന്നതു മുതല്‍ ഭിന്നശേഷിക്കാരുടെ സുസ്ഥിര പുനരധിവാസം വരെയുളള പദ്ധതികളാണ് ‘അനുയാത്ര’യില്‍ ഇടംപിടിക്കുക. ഗര്‍ഭധാരണത്തിനു മുമ്പുതന്നെ വൈകല്യങ്ങള്‍ക്കു കാരണമായേക്കാവുന്ന ഘടകങ്ങളെപ്പറ്റിയുളള ബോധവല്‍ക്കരണം, അമ്മയ്ക്കും കുഞ്ഞിനും പ്രതിരോധ കുത്തിവയ്പുകള്‍, കുട്ടി ജനിച്ചാലുടന്‍ സ്‌ക്രീനിങ്, ജില്ല തോറും സുസ്ജമായ പ്രാരംഭ ഇടപെടല്‍ കേന്ദ്രങ്ങള്‍, നിലവിലുളള കേന്ദ്രങ്ങളുടെ ശാക്തീകരണം, നവജാത ശിശുക്കളുടെ കേള്‍വി പരിശോധന, സഞ്ചരിക്കുന്ന സേവന യൂണിറ്റുകള്‍, മെഡിക്കല്‍ കോളേജുകളിലും മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുമായി ഓട്ടിസം സെന്ററുകള്‍ സ്ഥാപിക്കല്‍, പ്രത്യേക പരിചരണം ആവശ്യമുളള കുട്ടികള്‍ക്കായി പ്രത്യേക അംഗന്‍വാടികള്‍, പട്ടിക ജാതി/വര്‍ഗ്ഗ മേഖലകള്‍, തീരദേശ മേഖല തുടങ്ങി പ്രത്യേക പരിഗണന അര്‍ഹിക്കുന്ന സ്ഥാപനങ്ങളില്‍ പ്രത്യേക ഇടപെടല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കല്‍ തുടങ്ങിയവയെല്ലാം ‘അനുയാത്ര’യുടെ ഭാഗമായി നടപ്പാക്കും.
 • അംഗപരിമിതരായ വ്യക്തികള്‍ക്കും കുടംബത്തിനുമായി ആരംഭിച്ച ‘സ്വാവലംബന്‍’ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അര്‍ഹരായ എല്ലാവരെയും ചേര്‍ക്കും. ആദ്യഘട്ടത്തില്‍10,000 അംഗപരിമിതര്‍ക്കുളള വാര്‍ഷിക ഗുണഭോക്തൃവിഹിതം ‘അനുയാത്ര’പദ്ധതി പ്രകാരം സര്‍ക്കാര്‍ വഹിക്കും.
 • സാര്‍വ്വത്രിക ഉപയോഗം ലക്ഷ്യമിട്ട് അംഗപരിമിതരായ വ്യക്തികള്‍ക്ക് ‘അനുയാത്ര’ പദ്ധതിയില്‍ യൂണിവേഴ്‌സല്‍ ഡിസബിലിറ്റി ഐഡന്റിറ്റി കാര്‍ഡ് (യുഡിഐഡി) ലഭ്യമാക്കും.
 • ഗ്രാമപ്രദേശത്തു താമസിക്കുന്ന അംഗപരിമിതര്‍ക്ക് വേണ്ട സേവനങ്ങളും തെറാപ്പികളും അതേ മേഖലയില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആറു ബ്ലോക്ക് ബഞ്ചായത്തിന് ഒന്നെന്ന തോതില്‍ ‘അനുയാത്ര’ പദ്ധതി പ്രകാരം മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റുകള്‍ ആരംഭിക്കും.
 • അംഗപരിമിതരുടെ സംശയങ്ങളും പ്രയാസങ്ങളും ദൂരീകരിക്കാന്‍ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ (കെഎസ്.എസ്.എം)ഓഫീസ് കേന്ദ്രീകരിച്ച് സേവന കേന്ദ്രം ആരംഭിക്കും. സംശയങ്ങള്‍ക്കു ഫോണിലൂടെ മറുപടി നല്‍കാനും ഭിന്നശേഷിക്കാരുടെ ആവശ്യങ്ങള്‍ക്കു പരിഹാരം കാണാനുമാണു കേന്ദ്രം തുറക്കുന്നത്.
 • സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഇക്കൊല്ലം തന്നെ ഓട്ടിസം സെന്റര്‍ തുടങ്ങും. സ്‌ക്കൂളുകളുമായി ബന്ധപ്പെട്ട ഓട്ടിസം സെന്ററുകള്‍ ശക്തിപ്പെടുത്തും. സ്‌പെഷ്യല്‍ ടിച്ചേഴ്‌സിനു പരിശീലനം നല്‍കും. രക്ഷിതാക്കള്‍ക്കു ബോധവല്‍ക്കരണവും ലീഗല്‍ ഗാഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച ബോധവല്‍ക്കരണവും സംഘടിപ്പിക്കും.
 • മാനസികവും ശാരീരികമായ വെല്ലുവിളികളാല്‍ ഭവനങ്ങളില്‍ കഴിയുന്ന വ്യക്തികളെ പരിപാലിക്കുന്ന മാതാവിന് പ്രസ്തുത രോഗികളുടെ സംരക്ഷണത്തോടൊപ്പം സ്വയംതൊഴില്‍ ചെയ്യുന്നതിന് സഹായകരമായി മുടക്കുമുതലിന് അനുസൃതമായി സാമ്പത്തിക സഹായം അനുവദിക്കുന്ന പദ്ധതി.
 • സംസ്ഥാനത്തെ കോളേജുകളില്‍ പഠിക്കുന്ന അംഗപരിമിതരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠന ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ ധനസഹായം.
 • വിവിധ കാരണങ്ങളാല്‍ സ്‌ക്കൂള്‍ പഠനം പൂര്‍ത്തിയാക്കുവാന്‍ കഴിയാത്ത അംഗപരിമിതരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാനും വിദ്യാഭ്യാസത്തിലൂടെ അവരുടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കാനുമായി തുല്യതാ പരീക്ഷ എഴുതുന്ന അംഗപരിമിതരുടെ പരീക്ഷാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുന്ന പദ്ധതി.
 • ജീവിത സായാഹ്നത്തം അര്‍ത്ഥ സമ്പുഷ്ടമാക്കാനും വാര്‍ദ്ധക്യകാലത്തെ സ്വാഭാവിക വെല്ലുവിളികളെ സധൈര്യം നേരിടുന്നതിനായി വയോജനങ്ങളെ സജ്ജരാക്കുന്നതിനും കായിക മാനസികാരോഗ്യം കൈവരിക്കാന്‍ പ്രാപ്തരാക്കുന്നതിനും ഉതകുന്ന നൈസര്‍ഗിക പരിസ്ഥിതിയുടെ സാക്ഷാത്ക്കാരത്തിനായി ‘സായംപ്രഭ’ പദ്ധതി.
 • സംസ്ഥാനത്ത് വൃദ്ധ പരിപാലനത്തിനായി പ്രവര്‍ത്തിക്കുന്ന പെയ്ഡ് ഹോമുകള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തും.
 • പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബോക്കിലും വയനാട് ജില്ലയിലെ മാനന്തവാടി ബ്ലോക്കിലും നടപ്പിലാക്കിയ ജാതക് – ജനനി സംവിധാനം സംസ്ഥാനത്തെ 18 പിന്നോക്ക മേഖലകളിലേയ്ക്കും വ്യാപിപ്പിക്കും.
 • കുഞ്ഞിന്റെ ആദ്യ 1000 ദിവസങ്ങളിലൂടെ കുഞ്ഞിന്റേയും ഗര്‍ഭാവസ്ഥയില്‍ അമ്മയുടെയും പോഷകാഹാര ആവശ്യങ്ങള്‍ നിറവേറ്റാന്‍ അട്ടപാടിയില്‍ പോഷകാഹാര പരിപാടിയുടെ ഗതിവേഗം ത്വരിതപ്പെടുത്താന്‍ നടപ്പിലാക്കുന്ന പദ്ധതി മറ്റ് ആദിവാസി മേഖലകളിലും ആരംഭിക്കും
 • ലൈംഗികാതിക്രമത്തിനും ലൈംഗിക വാണിഭത്തിനും വിധേയരായവര്‍ക്കു വേണ്ടി സര്‍ക്കാര്‍ തലത്തില്‍ രൂപീകരിച്ച് സൗഹൃദപരമായ ശൃംഖല അവരുടെ സംരക്ഷണം ഉറപ്പ് വരുത്തും. തിരുവനന്തപുരം (ഗ്രമം), തൃശ്ശൂര്‍(ഗ്രാമം), മലപ്പുറം ജില്ലകളില്‍ ജില്ലാതല എമര്‍ജന്‍സി റസ്‌പോണ്‍സ് ടീമുകളെ സജ്ജരാക്കാന്‍ നടപടി.
 • ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായവരുടെ പുനരധിവാസത്തിനായി 10 ജില്ലകളിലായി 12 നിര്‍ഭയ ഷെല്‍റ്റര്‍ ഹോമുകളാണ് നിലവിലുളളത്. അന്തേവാസികള്‍ക്ക് മികച്ച സംരക്ഷണം ഉറപ്പാക്കാന്‍ ഈ ഹോമുകളെ നവീകരിക്കാനും പരിഷ്‌ക്കരിക്കാനും നടപട സ്വീകരിക്കും. കൂടാതെ വേറിട്ട ആവശ്യങ്ങളുളള അന്തേവാസികളുടെ സംരക്ഷണത്തിനായി വ്യത്യസ്ത ഹോമുകള്‍ ഉള്‍പ്പെടെ കേന്ദ്രീകൃത നിര്‍ഭയ സമുച്ചയം സ്ഥാപിക്കാനും പദ്ധതിയുണ്ട്.
 • ശ്രദ്ധയും സംരക്ഷണവും ആവശ്യമുളള പെണ്‍കുട്ടികളുടെ പുനരധിവാസത്തിനായി അടുത്ത സാമ്പത്തിക വര്‍ഷം എട്ടു പുതിയ ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സ് സ്ഥാപിക്കും. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, പാലക്കാട്, മലപ്പുറം,വയനാട്, കാസര്‍ഗോഡ് ജില്ലകളിലാണു സര്‍ക്കാര്‍ ഇതര സംഘടനകളുടെ പിന്തുണയോടെ പെണ്‍കുട്ടികള്‍ക്കായുളള പുതിയ ചില്‍ഡ്രന്‍സ് ഹോമുകള്‍ തുടങ്ങുക.
 • സംസ്ഥാനത്ത് പൂര്‍ണ്ണമായും ബാലസംരക്ഷണം ഉറപ്പുവരുത്താനും കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാനുമുളള പുതുമയുളള പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം, ഇത്തരം കുട്ടികള്‍ക്ക് ശേഷി വികസനം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്നിവയ്ക്കുളള ചെലവു വഹിക്കുന്നതിനും, ക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികളുടെ ചികിത്സാ സഹായത്തിനായും ‘ബാലനിധി’ ഫണ്ട് രൂപീകരിക്കും.
 • സംസ്ഥാനത്ത് വിഷമകരമായ സാഹചര്യങ്ങളില്‍ ജീവിക്കുന്ന കുട്ടികളെ കണ്ടെത്താന്‍ സര്‍വേ.
 • കേസുകളില്‍ അകപ്പെടുന്ന കുട്ടുകളുടെ മന:ശാസ്ത്രപരവും സാമൂഹ്യപരവുമായ പുനരധിവാസം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇതര സംഘടനകളുടെ സഹകരണത്തോടെ പദ്ധതി
 • സാമൂഹ്യനീതി വകുപ്പിനു കീഴിലുളള സ്ഥാപനങ്ങളില്‍ ശിശു സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കും.
 • സംസ്ഥാനം പൂര്‍ണമായും ബാല ഭിക്ഷാടന വിമുക്തമാക്കണമെന്ന ഉദ്ദേശ്യത്തോടെ ബാലഭിക്ഷാടനം തടയാന്‍ നടപടി.
 • കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം എന്നീ മേഖലകളില്‍ മികവ് പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് അവാര്‍ഡ് നല്‍ശുന്ന ‘ഉജ്ജ്വല ബാല്യം’ പദ്ധതി.
 • സംസ്ഥാനത്തെ 33,115 അംഗന്‍വാടികളില്‍ 8,776 എണ്ണത്തിന് സ്വന്തമായി കെട്ടിടമില്ല. ഈ അംഗന്‍വാടികള്‍ക്കെല്ലാം സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ ഘട്ടം ഘട്ടമായി നടപടി സ്വീകരിക്കും.
 • നിലവിലുളള അംഗന്‍വാടികള്‍ക്കൊപ്പം ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ (ക്രെഷ്) ആരംഭിക്കും. ഓരോ ക്ലസ്റ്ററിലും ഓരോ അംഗന്‍വാടിയുടെ പ്രവര്‍ത്തന സമയം രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചര വരെയാക്കി ദീര്‍ഘിപ്പിക്കും. ആദ്യഘട്ടത്തില്‍ 250 കേന്ദ്രങ്ങളിലാണ് അംഗന്‍വാടി കം ക്രഷ് പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്.
 • ഡേ കെയര്‍ കം വൊക്കേഷണല്‍ സെന്റര്‍ (പൂര്‍ണസ്ത്രീ): വിധവകള്‍ അനുഭവിക്കുന്ന അവഗണന, അരക്ഷിതാവസ്ഥ എന്നിവയില്‍ അടിസ്ഥാനപരമായി മാറ്റമുണ്ടാക്കാനും അവരുടെ പുനരധിവാസവും പുനര്‍ജീവനവും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്. തയ്യല്‍/ഫാഷന്‍ ടെക്‌നോളജി മേഖലകളില്‍ തൊഴില്‍ പരിശീലനം നല്‍കുന്നതിനൊപ്പം വിധവകള്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനുമാണ് പദ്ധതി വിഭാവന ചെയ്യുന്നത്.
 • വനിതാ ഹെല്‍പ്പ് ലൈന്‍ 181 : കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ വനിതകള്‍ക്ക് അടിയന്തിര സാഹചര്യത്തില്‍ 24 ത 7 ഇന്‍ഫര്‍മേഷന്‍ ആന്റ് എമര്‍ജന്‍സ് ഹെല്‍പ് ലൈന്‍ ആരംഭിക്കും. ആപത് ഘട്ടങ്ങളിലും അല്ലാത്ത സന്ദര്‍ഭങ്ങളിലും സഹായം അഭ്യര്‍ത്ഥിക്കുന്നവര്‍ക്ക് പോലീസ്, ആശുപത്രി, ആംബുലന്‍സ് സേവനം, വണ്‍ സ്റ്റോപ്പ് സെന്റര്‍ തുടങ്ങിയവയുടെ സേവനം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വനിതകള്‍ക്കെതിരായ അക്രമം ചെറുക്കല്‍, എമര്‍ജന്‍സി റസ്‌പോണ്‍സ് സംവിധാനം, അത്യാവശ്യ സേവനങ്ങളെക്കുറിച്ചും സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുമുളള വിവരങ്ങള്‍ എന്നിവയെല്ലാം ഹെല്‍പ് ലൈന്‍ വഴി ലഭ്യമാക്കും.
 • ജില്ല തോറും വര്‍ക്കിംങ് വിമന്‍സ് ഹോസ്റ്റലുകള്‍: കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനുകീഴില്‍ ആറു ജില്ലകളിലായി ഒന്‍പതു വര്‍ക്കിംങ് വിമന്‍സ് ഹോസ്റ്റലുകളാണു നിലവിലുളളത്. ഉദ്യോഗസ്ഥകളായ സ്ത്രീകളുടെ സൗകര്യാര്‍ഥം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വര്‍ക്കിംങ് വിമന്‍സ് ഹോസ്റ്റലുകള്‍ സ്ഥാപിക്കാന്‍ കോര്‍പ്പറേഷനു പദ്ധതിയുണ്ട്.
 • വിധവകള്‍ക്കായി സുസ്ഥിര വികസന പദ്ധതി: വിധവകള്‍ക്കായി ത്രിദിന വ്യവസായ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കാന്‍ കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനു പദ്ധതിയുണ്ട്. തുടര്‍ന്ന് കണ്‍സല്‍റ്റന്‍സി, സാമ്പത്തിക രംഗങ്ങളിലും സഹായം ലഭ്യമാക്കി വിധവകളുടെ സംരംഭങ്ങളെ പിന്തുണയ്ക്കാനും കോര്‍പ്പറേഷന്‍ ഉദ്ദേശിക്കുന്നു.
 • കൗമാരക്കാരുടെ ആര്‍ത്തവകാല ശുചിത്വ പരിപാടി (ഷീ പാഡ്): സര്‍ക്കാര്‍ എയ്ഡഡ് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ആര്‍ത്തവകാല ശുചിത്വം ഉറപ്പാക്കാന്‍ വനിതാ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന ‘ഷീ പാഡ്’ പദ്ധതി കൂടുതല്‍ സ്‌ക്കൂളുകളിലേയ്ക്ക് വ്യാപിപ്പിക്കും.
 • ആദിവാസി വനിതാ വികസനം: ആദിവാസി സ്ത്രീകളുടെ വികസനം ലക്ഷ്യമാക്കി രണ്ട് ആദിവാസി ഊരുകളില്‍ കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ പരിശീലന കേന്ദ്രങ്ങള്‍ തുറക്കും. പരിശീലനാര്‍ഥികളുടെ കഴിവും താല്‍പ്പര്യവും വിലയിരുത്തി അവരവരുടെ തനത് തൊഴില്‍ മേഖലയിലും ആധുനിക തൊഴില്‍ മേഖലകളിലും പരിശീലനം നല്‍കുകയാണ് ഈ കേന്ദ്രങ്ങളുടെ ലക്ഷ്യം. തൊഴില്‍ ചെയ്തു ജീവിക്കാനോ സ്വയം തൊഴില്‍ കണ്ടെത്താനോ പ്രാപ്തരാക്കും വിധം പതിനെട്ടിനും അന്‍പത്തി അഞ്ചിനും മധ്യേ പ്രായമുളള സ്ത്രീകള്‍ക്കാണ് ഈ കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കുക.
 • ഷീ ടോയ്‌ലറ്റ്/ ഫ്രഷ്അപ് സെന്റര്‍ നിര്‍മ്മാണം: സംസ്ഥാനത്തെ ബസ് സ്റ്റാന്‍ഡുകള്‍, കോടതി പരിസരം, ഗവണ്‍മെന്റ് ആശുപത്രികള്‍ എന്നിവിടങ്ങളിലായി സ്ത്രീകള്‍ക്കായി പ്രത്യേകം തയാറാക്കിയ 100 ഷീ ടോയ്‌ലറ്റുകളും 100 ഫ്രഷ് അപ് സെന്റുകളും സ്ഥാപിക്കും.